ഇന്ദ്രൻസ്
ഇന്ദ്രൻസ്

'ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചില്ല'; വിവാദത്തില്‍ വിശദീകരണവുമായി നടൻ ഇന്ദ്രൻസ്

വാക്കുകൾ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ഇന്ദ്രൻസ്

നടിയെ ആക്രമിച്ച കേസിലും ഡബ്ല്യുസിസിക്കെതിരെയും വിവാദ പ്രസ്താവനകള്‍ നടത്തിയതിന് പിന്നാലെ വിശദീകരണവുമായി നടൻ ഇന്ദ്രൻസ്. ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂർവ്വം ശ്രമിച്ചിട്ടില്ലെന്നും വാക്കുകൾ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഇന്ദ്രൻസ് പറയുന്നു. കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിനിടെ നടത്തിയ പ്രസ്താവനകളായിരുന്നു വിവാദമായത്.

ഇന്ദ്രൻസ്
സ്ത്രീ സമത്വം ആവശ്യപ്പെടുന്നവര്‍ സ്ത്രീ പുരുഷനും എത്രയോ മുകളിലാണെന്ന് തിരിച്ചറിയാത്തവര്‍; WCCക്കെതിരെ ഇന്ദ്രൻസ്

സ്ത്രീ സമത്വം ആവശ്യപ്പെടുന്നവര്‍ സ്ത്രീ പുരുഷനും എത്രയോ മുകളിലാണെന്ന് തിരിച്ചറിയാത്തവരാണെന്നും, WCC ഇല്ലായിരുന്നെങ്കിലും നടി ആക്രമിക്കപ്പെട്ടത് ചര്‍ച്ചയാകുകയും നിയമ പോരാട്ടം നടക്കുകയും ചെയ്യുമായിരുന്നു എന്നായിരുന്നു ഇന്ദ്രൻസിന്റെ പ്രസ്താവന. നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് രൂപീകരിക്കപ്പെട്ട സംഘടനയായ WCCയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ലെന്നും . സത്യമറിയാതെ എങ്ങനെയാണ് ഒരാളെ കുറ്റക്കാരനായി പ്രഖ്യാപിക്കുക എന്നുമായിരുന്നു ഇന്ദ്രന്‍സിന്‍റെ ചോദ്യം.

പോസ്റ്റിന്റെ പൂർണരൂപം:

കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ വന്ന അഭിമുഖവുമായി ബന്ധപ്പെട്ട് ചില സുഹൃത്തുക്കളുടെ അഭിപ്രായം കാണാനും കേൾക്കാനും ഇടയായി. ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂർവ്വം ശ്രമിച്ചിട്ടില്ല.

ഡബ്ല്യുസിസിയെ തള്ളിപ്പറയാനല്ല ശ്രമിച്ചത്, ചിലരെങ്കിലും അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്നതായി കണ്ടു. എൻ്റെ ഒരു സഹപ്രവർത്തകൻ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാൻ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. പെൺകുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ വേദനയിൽ ഒപ്പം തന്നെയുണ്ട്.

മനുഷ്യരുടെ സങ്കടങ്ങൾ വലിയ തോതിൽ വേദനിപ്പിക്കാറുണ്ട്. എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന് വന്നത്. നിൽക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്. എൻ്റെ വാക്കുകൾ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു....

logo
The Fourth
www.thefourthnews.in