പള്ളിക്കമ്മിറ്റിയുടെ പണം തട്ടി: ലീഗ് നേതാവില്‍നിന്ന് ഒന്നരക്കോടിയിലേറെ രൂപ ഈടാക്കാന്‍ വഖഫ് ബോര്‍ഡ് ശുപാര്‍ശ

പള്ളിക്കമ്മിറ്റിയുടെ പണം തട്ടി: ലീഗ് നേതാവില്‍നിന്ന് ഒന്നരക്കോടിയിലേറെ രൂപ ഈടാക്കാന്‍ വഖഫ് ബോര്‍ഡ് ശുപാര്‍ശ

കണ്ണൂർ പുറത്തീൽ പള്ളി കമ്മിറ്റിയുടെ പരാതിയിലാണ് മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ കെ പി താഹിറിനെതിരായ നടപടി

പള്ളികമ്മിറ്റിയുടെ പണം തട്ടിയെടുത്തെന്ന പരാതിയിൽ മുസ്‍ലിം ലീഗ് നേതാവിൽനിന്ന് ഒന്നര കോടി രൂപ ഈടാക്കാൻ വഖഫ് ബോർഡിന്റെ ശുപാർശ. കണ്ണൂർ പുറത്തീൽ പള്ളി കമ്മിറ്റിയുടെ പരാതിയിലാണ് ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ കെ പി താഹിറിനെതിരായ ശുപാർശ. താഹിറിനെതിരെ ക്രിമിനൽ കേസെടുക്കാനും വഖഫ് ബോർഡിന്റെ ശുപാർശയുണ്ട്.

താഹിറിനെതിരെ ക്രിമിനൽ കേസ് എടുക്കാനും വഖഫ് ബോർഡിന്റെ ശുപാർശ

2010-15 കാലയളവിലാണ് പള്ളി കമ്മിറ്റിയുടെ ഒന്നരക്കോടി രൂപ കാണാതായത്. ഈ കാലയളവിൽ പള്ളി കമ്മിറ്റി ജനറല്‍ സെക്രട്ടറിയായിരുന്നു താഹിർ. പള്ളിയില്‍ ഒരു കോടിയിലേറെ രൂപയുടെ ക്രമക്കേട് നടന്നതായി നേരത്തേ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ജൂൺ ആറിന് ചേർന്ന സംസ്ഥാന വഖഫ് ബോർഡ് യോഗമാണ് നടപടിക്ക് ശിപാർശ ചെയ്തത്.

ഓഡിറ്റ് വരവില്‍ നഷ്ടമായി കാണിച്ച 9247 രൂപയും ഓഡിറ്റില്‍ തടസ്സപ്പെടുത്തിയ 1,57,79,500 രൂപയും നഷ്ടത്തിന് ഉത്തരവാദിയായ താഹിറില്‍നിന്ന് ഈടാക്കാനും വസ്തുവകകൾ റവന്യു റിക്കവറിക്ക് വിധേയമാക്കാനും നിർദേശമുണ്ട്. ക്രിമിനല്‍ കേസ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു.

Attachment
PDF
Puratheel.pdf
Preview

താഹിര്‍ ഉള്‍പ്പെട്ട കമ്മിറ്റിയ്ക്ക് ശേഷം നിലവില്‍ വന്ന പുതിയ പള്ളി കമ്മിറ്റി ഭാരവാഹിയായ അബ്ദുല്‍ ഖാദര്‍ ഹാജി തലശ്ശേരി സിജെഎം കോടതിയെ സമീപിച്ചതോടെയാണ് വിഷയത്തില്‍ വിശദമായ അന്വേഷണം നടന്നത്. തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശപ്രകാരം ചക്കരക്കല്ല് പോലീസാണ് വിഷയം അന്വേഷിച്ചത്. തുടര്‍ന്ന് കെ പി താഹറിനെ അറസ്റ്റ് ചെയ്തിരുന്നു. അക്കാലത്ത് കമ്മിറ്റി പ്രസിഡന്റായിരുന്ന മുഹമ്മദ് കുട്ടി ഹാജി രണ്ടാം പ്രതിയും ട്രഷറർ പി കെ സി ഇബ്രാഹീം മൂന്നാം പ്രതിയുമാണ്.

അക്കാലത്ത് കമ്മിറ്റി പ്രസിഡന്റായിരുന്ന മുഹമ്മദ് കുട്ടി ഹാജി രണ്ടാം പ്രതിയും ട്രഷറർ പി കെ സി ഇബ്രാഹീം മൂന്നാം പ്രതിയുമാണ്

കണ്ണൂര്‍ മുസ്ലീം ലീഗില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ച സംഭവത്തില്‍ കെ പി താഹിറിനെതിരേ പരസ്യപ്രതികരണം നടത്തിയ യൂത്ത് ലീഗ് നേതാവിനെതിരെ അച്ചടക്ക നടപടി ഉണ്ടായതും വാര്‍ത്തയായിരുന്നു. യൂത്ത് ലീഗ് നേതാവായിരുന്ന മൂസാന്‍കുട്ടി നടുവിലിനെയാണ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയയ്. മൂസാന്‍ കുട്ടി പിന്നീട് സിപിഎമ്മില്‍ ചേർന്നു.

logo
The Fourth
www.thefourthnews.in