'ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ നെഹ്റുവിനെ സ്വാധീനിച്ചത് വിദേശ തോട്ടം കമ്പനികള്‍'; വെളിപ്പെടുത്തല്‍

'ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ നെഹ്റുവിനെ സ്വാധീനിച്ചത് വിദേശ തോട്ടം കമ്പനികള്‍'; വെളിപ്പെടുത്തല്‍

കണ്ണദേവന്‍ പ്ലാന്റേഷന്‍സ് ജനറല്‍ മാനേജറായിരുന്ന കേണല്‍ ഡബ്ല്യു എസ്എസ് മക്കൈയുടെ ഓര്‍മ്മക്കുറിപ്പുകളെ ഉദ്ധരിച്ചാണ് നിര്‍ണായക പരാമര്‍ശം.

ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ അധികാരമേറ്റ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള തീരുമാനത്തില്‍ വിദേശ തോട്ടം കമ്പനിയുടെ നിര്‍ണായക സ്വാധീനമുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തല്‍. ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയിലെ നിര്‍ണായക രേഖകളിലാണ് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ തീരുമാനത്തിന് പിന്നിലെ തോട്ടം കമ്പനിയുടെ സ്വാധീനത്തെ കുറിച്ച് ചൂണ്ടിക്കാട്ടുന്നത്. ആഗോള മൂലധനവും ദക്ഷിണേന്ത്യയിലെ തോട്ടം തൊഴിലാളികളും എന്ന പുസ്തകത്തിലാണ് ഇത് സംബന്ധിച്ച പരാമര്‍ശമുള്ളത്. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം കൂടിയായ കെ രവി രാമനാണ് പുസ്തകം തയ്യാറിക്കിയിരിക്കുന്നത്.

കേരളത്തിലെ വിദേശ തോട്ടം കമ്പനികളെ ദേശസാത്കരിക്കരിക്കാന്‍ ഇഎംസ് സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ പ്രകോപിപ്പിച്ചു

കണ്ണദേവന്‍ പ്ലാന്റേഷന്‍സ് ജനറല്‍ മാനേജറായിരുന്ന കേണല്‍ ഡബ്ല്യുഎസ്എസ് മക്കൈയുടെ ഓര്‍മ്മക്കുറിപ്പുകളെ ഉദ്ധരിച്ചാണ് പരാമര്‍ശം. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയിംസ് ഫിന്‍ലെ എന്ന പ്ലാന്റേഷന്‍ ഭീമനുമായി സഹകരിച്ചായിരുന്നു അക്കാലത്ത് കണ്ണന്‍ ദേവന്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇതേ ജെയിംസ് ഫിന്‍ലെയുടെ ഏജന്റ് വില്യം റോയ്, ആക്റ്റിങ് ജനറല്‍ മാനേജര്‍ ജോര്‍ജ് സട്ടര്‍ എന്നിവര്‍ പ്രധാനമന്ത്രി നെഹ്‌റുവിനെ സന്ദര്‍ശിച്ച് കേരളത്തിലെ സര്‍ക്കാറിനെതിരെ നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചു എന്നാണ് പരാമര്‍ശം.

ഇക്കാലത്ത് ജെയിംസ് ഫിന്‍ലെയ്ക്ക് കേരളത്തില്‍ മാത്രം 1.27 ലക്ഷം ഏക്കര്‍ ഭൂമി കൈവശം ഉണ്ടായിരുന്നതായും ഓര്‍മ്മക്കുറിപ്പ് ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ വിദേശ തോട്ടം കമ്പനികളെ ദേശസാത്ക്കരിക്കാന്‍ ഇഎംസ് സര്‍ക്കാര്‍ നടത്തിയ നീക്കങ്ങളും, തൊഴിലാളി സംഘടനകളെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും കുത്തക കമ്പനികളെ പ്രകോപിപ്പിച്ചിരുന്നതായും പുസ്തകത്തെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് പറയുന്നു.

1957 ഏപ്രില്‍ അഞ്ചിനായിരുന്നു ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഏഷ്യയിലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ എന്ന ഖ്യാതിയോടെ ഇഎംസ് മന്ത്രിസഭ അധികാരമേറ്റത്. എന്നാല്‍ രണ്ടര വര്‍ഷം മാത്രമായിരുന്നു സര്‍ക്കാറിന് അധികാരത്തില്‍ തുടരാനായത്. വിമോചനസമരത്തിന്റെ തുടര്‍ച്ചയായി 1959 ജൂലൈ 31ന് സര്‍ക്കാറിനെ പിരിച്ചുവിടുകയായിരുന്നു. കേന്ദ്രസര്‍ക്കാറിന് സംസ്ഥാന സര്‍ക്കാറുകളെ പിരിച്ചുവിടാന്‍ അധികാരം നല്‍കുന്ന ഭരണഘടനയിലെ 356ാം വകുപ്പ് പ്രകാരമായിരുന്നു നടപടി. പിരിച്ചുവിടലിന് പിന്നില്‍ അമേരിക്കന്‍ ചാരസംഘനയായ സിഐഎയുടെ ഇടപെടല്‍ ഉണ്ടായെന്ന തരത്തിലും ചര്‍ച്ചകള്‍ സജീവമാണ്. ഈ സാഹചര്യത്തില്‍ കെ രവിരാമന്റെ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചേയ്ക്കും.

logo
The Fourth
www.thefourthnews.in