ജിജോയ് പി ആർ
ജിജോയ് പി ആർ

പി ആര്‍ ജിജോയ് കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍

മുൻ ഡയറക്ടർ ശങ്കർ മോഹന്റെ വിവേചനപരമായ നടപടികൾക്കെതിരെ വിദ്യാർഥികൾ സമരം ചെയ്തതിനെ തുടർന്ന് അദ്ദേഹത്തെ നീക്കിയിരുന്നു

കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ ഡയറക്‌ടറായി പി ആര്‍ ജിജോയിയെ നിയമിച്ചു. പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (എഫ് ടി ഐ ഐ) ചലച്ചിത്രവിഭാഗം ഡീനാണ് തൃശൂര്‍ സ്വദേശിയായ ജിജോയ്. ചലച്ചിത്ര-നാടക പ്രവർത്തകനും നടനും കൂടിയാണ് അദ്ദേഹം.

വിവേചനപരമായ നടപടികളില്‍ പ്രതിഷേധിച്ച് മുൻ ഡയറക്ടർ ശങ്കർ മോഹനെതിരെ വിദ്യാർഥികൾ സമരം ചെയ്യുകയും ഒടുവില്‍ സര്‍ക്കാര്‍ അദ്ദേഹത്തെ നീക്കുകയും ചെയ്തിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനായിരുന്ന അടൂർ ഗോപാലകൃഷ്ണന് പകരക്കാരനായി വിഖ്യാത ചലച്ചിത്രകാരൻ സയീദ് മിർസയെ തൽസ്ഥാനത്ത് നിയമിച്ചിരുന്നു. വിദ്യാർഥി പ്രതിഷേധങ്ങളെ തുടർന്നായിരുന്നു അടൂരിന്റേയും പടിയിറക്കം.

ഇന്ത്യയ്ക്കകത്തും പശ്ചിമേഷ്യൻ രാഷ്ട്രങ്ങളിലും അഭിനയ ശില്പശാലകൾ നയിച്ചതടക്കം അന്താരാഷ്ട്രതലത്തിൽ പ്രവൃത്തിപരിചയമുള്ള ജിജോയിയുടെ നിയമനം കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനും ചലച്ചിത്രപഠിതാക്കൾക്കും മുതൽക്കൂട്ടാകും

ഉന്നത വിദ്യാഭ്രാസ മന്ത്രി

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെ രാജ്യത്തെ ചലച്ചിത്രപഠന സ്‌കൂളുകളുടെ ഒന്നാംനിരയിലേക്ക് ഉയർത്താൻ വേണ്ടിയാണ് പുതിയ നിയമനമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു ഫേസ്ബുക്കിൽ കുറിച്ചു. കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ സ്‌കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിൽ നിന്ന് തിയേറ്റർ ആർട്സിൽ ബിരുദം നേടിയ ജിജോയ്, പോണ്ടിച്ചേരി സർവകലാശാലയിൽ നിന്ന് റാങ്കോടെ ഡ്രാമ ആൻഡ് തിയേറ്റർ ആർട്സിൽ ബിരുദാനന്തര ബിരുദവും എംഫിലും നേടിയിട്ടുണ്ട്.

അമ്പത്തിയഞ്ചോളം സിനിമകൾ, 40 നാടകങ്ങൾ, 25 ഹ്രസ്വചിത്രങ്ങൾ, 10 സീരിയലുകൾ എന്നിവയിലും ജിജോയ് അഭിനയിച്ചിട്ടുണ്ട്. നാന്നൂറോളം അന്താരാഷ്ട്ര നാടകമേളകളിൽ പങ്കെടുത്തിട്ടുള്ള ജിജോയ്, 'ജയ് ഭീം' എന്ന ഹിറ്റ് ചിത്രത്തിന്റേയും ഭാഗമായിരുന്നു. സ്‌കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിൽ നാലു വർഷക്കാലം അധ്യാപകനായും സേവനമനുഷിച്ചിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പൂർവ വിദ്യാർഥിയാണ്.

ജിജോയ് പി ആർ
'ശങ്കര്‍ മോഹനെ വിളിച്ചുവരുത്തി അപമാനിച്ചു'; കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് അടൂർ

2014 മുതൽ എഫ്ടിഐഐ അധ്യാപകനായ ജിജോയ് കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ ജൂനിയർ ഫെല്ലോഷിപ്പും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ യുവ കലാകാരനുള്ള സ്‌കോളർഷിപ്പും നേടിയിട്ടുണ്ട്. ഇന്ത്യയ്ക്കകത്തും പശ്ചിമേഷ്യൻ രാഷ്ട്രങ്ങളിലും അഭിനയ ശില്പശാലകൾ നയിച്ചതടക്കം അന്താരാഷ്ട്രതലത്തിൽ പ്രവൃത്തിപരിചയമുള്ള ജിജോയിയുടെ നിയമനം കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനും ചലച്ചിത്രപഠിതാക്കൾക്കും മുതൽക്കൂട്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in