അരിക്കൊമ്പന്‍; പരാജയപ്പെട്ട പരീക്ഷണമെന്ന്‌ ജോസ് കെ മാണി, കോടതി നിര്‍ദേശമെന്ന് മന്ത്രി

അരിക്കൊമ്പന്‍; പരാജയപ്പെട്ട പരീക്ഷണമെന്ന്‌ ജോസ് കെ മാണി, കോടതി നിര്‍ദേശമെന്ന് മന്ത്രി

അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് മാറ്റിയത് ഒരു പരാജയപ്പെട്ട തീരുമാനമായിരുന്നെന്നാണ് പ്രധാന വിമര്‍ശനം

തമിഴ്‌നാട്ടിലെ ജനവാസമേഖലയായ കമ്പം ടൗണില്‍ അരിക്കൊമ്പന്‍ പരിഭ്രാന്തി സൃഷ്ടിച്ചതിനെ തുടര്‍ന്ന് കേരളാ വനംവകുപ്പിനെതിരെ വിമര്‍ശനവുമായി ജോസ് കെ മാണി. അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് മാറ്റിയത് ഒരു പരാജയപ്പെട്ട തീരുമാനമായിരുന്നെന്നാണ് വിമര്‍ശനം. അരിക്കൊമ്പനെ കാടുകടത്തുകയല്ലായിരുന്നു വേണ്ടതെന്നും പിടികൂടി മെരുക്കിയെടുക്കണമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'വന്യമൃഗങ്ങളെ, പ്രത്യേകിച്ച് ആനകളെ പിടിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് വിടുന്നത് പരാജയമാണെന്ന് ലോകരാജ്യങ്ങളിലെ പഠനങ്ങളൊക്കെ തെളിയിച്ചിട്ടുണ്ട്. അരിക്കൊമ്പന്‍ ഇപ്പോള്‍ തമിഴ്‌നാട്ടില്‍ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ അക്രമാസക്തരായ ആനകളെ പിടികൂടി മെരുക്കുകയായിരുന്നു ചെയ്യേണ്ടത്. അല്ലെങ്കില്‍, ജനവാസ മേഖലയുമായി ബന്ധമില്ലാത്ത കുറച്ച് കൂടി വിസ്തീര്‍ണമുള്ള മേഖലയിലേക്ക് പറഞ്ഞയ്ക്കണമായിരുന്നു. ഈ സാഹചര്യത്തില്‍ വന്യമൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണം'. ജോസ് കെ മാണി പറഞ്ഞു.

അതേ സമയം ജോസ് കെ മാണിയുടെ വിമര്‍ശനത്തിന് മറുപടിയുമായി വനമന്ത്രി എകെ ശശീന്ദ്രന്‍ രംഗത്തെത്തി. സര്‍ക്കാര്‍ തീരുമാനമെടുത്തത് കോടതി നിര്‍ദേശമനുസരിച്ചായിരുന്നു എന്നായിരുന്നു മന്ത്രിയുടെ മറുപടി. അതോടൊപ്പം ആനയെ ഉള്‍വനത്തിലേക്ക് അയച്ചത് വനംവകുപ്പിന്റെ തീരുമാനമായിരുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഉള്‍ക്കാട്ടിലേക്ക് അയച്ചിട്ട് കാര്യമില്ല എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അതിരു കവിഞ്ഞ ആന സ്‌നേഹത്തെ തുടര്‍ന്ന് ആന പ്രേമികള്‍ ഹൈക്കോടതിയെ സമീപിച്ചത് കൊണ്ടാണ് ഈ സ്ഥിതിയുണ്ടായത്. തമിഴ്‌നാട്ടില്‍ നിയന്ത്രണത്തിലുള്ള അരിക്കൊമ്പനുമായി ബന്ധപ്പെട്ട് കേരള വനംവകുപ്പുമായി വിനിമയം നടത്തുന്നുണ്ടെന്നും എ കെ ശശീന്ദ്രന്‍ അറിയിച്ചു

logo
The Fourth
www.thefourthnews.in