'സഹികെട്ടായിരിക്കണം അന്ന് കൈയിൽ നുള്ളിയത്'; ഉമ്മൻ ചാണ്ടിയെ കുറിച്ചുള്ള ഓർമ്മ പങ്കുവച്ച് മാധ്യമപ്രവർത്തകന്‍

'സഹികെട്ടായിരിക്കണം അന്ന് കൈയിൽ നുള്ളിയത്'; ഉമ്മൻ ചാണ്ടിയെ കുറിച്ചുള്ള ഓർമ്മ പങ്കുവച്ച് മാധ്യമപ്രവർത്തകന്‍

സോളാർ കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിനിൽക്കുന്ന സമയത്ത് ഉമ്മന്‍ ചാണ്ടിയില്‍ നിന്നുമുണ്ടായ അനുഭവമാണ് മാധ്യമ പ്രവർത്തകനായ ജോജോ ജോസഫ് പങ്കുവച്ചത്

മുഖ്യമന്ത്രി സ്ഥാനത്തിരിക്കെ വിവാദങ്ങൾ കത്തിനിൽക്കുമ്പോഴും, ചോദ്യം ചോദിക്കാനുള്ള മാധ്യമങ്ങളുടെ അവകാശത്തോട് വിമുഖത കാണിക്കാത്ത നേതാവ്, ചോദ്യശരങ്ങളെയും രാഷ്ട്രീയ ആക്രമണങ്ങളെയും പുഞ്ചിരിയോടെ നേരിട്ടിരുന്ന ഉമ്മൻ ചാണ്ടിയെന്ന മുഖ്യമന്ത്രിയെ ഓർക്കുകയാണ് മാധ്യമ പ്രവർത്തകനായ ജോജോ ജോസഫ് . സഹികെട്ടായിരിക്കാം ഉമ്മൻ ചാണ്ടി ഒരു നുള്ള് നൽകിയത് എന്ന തലക്കെട്ടോടെയാണ് ജോജോ ഫേസ്ബുക്കിൽ ഓർമ്മക്കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്.

''സോളാർ കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിനിൽക്കുന്ന സമയം. ഓസിയുടെ ഒരു മൂളലിന് പോലും വലിയ വാർത്താ പ്രാധാന്യം. അക്കാലത്ത് അദ്ദേഹം തിരുവനന്തപുരത്തുള്ള ഒട്ടുമിക്ക ദിവസങ്ങളിലും അദ്ദേഹത്തെ ഇടവില്ലാതെ പിന്തുടർന്ന് മൈക്ക് വച്ച് പ്രതികരണം ചോദിക്കുക പതിവായിരുന്നു. തമ്പാനൂർ സ്റ്റേഷനിലോ ക്ലിഫ് ഹൗസിലോ തുടങ്ങുന്ന പ്രതികരണം തേടൽ ഉമ്മൻചാണ്ടി എവിടെയെല്ലാമുണ്ടോ അവിടങ്ങളിലെല്ലാം ചെന്ന് അവസാനം ക്ലിഫ്ഹൗസ് ഗേറ്റിലാണ് മിക്കവാറും അവസാനിക്കുക. സംസ്ഥാന മുഖ്യമന്ത്രിയോടുള്ള ഭയഭക്തി ബഹുമാനം പോയിട്ട് ഒരു വ്യക്തി എന്ന നിലയിലുള്ള ഔചിത്യമോ, സാമാന്യമര്യാദകളോ പോലും ആ ദിവസങ്ങളിൽ ഉമ്മൻ ചാണ്ടിക്ക് ലഭിച്ചിരുന്നില്ല'' - ജോജോ ഓർക്കുന്നു.

പിന്നാലെ നടന്ന് ശല്യപ്പെടുത്തിയിട്ടും മൗനം പാലിച്ച മുഖ്യമന്ത്രിയോട്, 'ഇതൊക്കെ മോശമാണ് സിഎമ്മേ' എന്ന് ജോജോ പറഞ്ഞു. ജോജോയെ അടുത്ത വിളിച്ച് കൈമുട്ടിലെ ഷർട്ട് അമർത്തി നുള്ളിക്കൊണ്ട്, ഞാൻ ഇതിനൊക്കെ എന്നാ പറയാനാ... എന്ന് അദ്ദേഹം ചോദിച്ചു. പതിവുപോലുള്ള ചിരിയും ചിരിച്ച് അദ്ദേഹം കാറിൽ കയറിപ്പോയതായും ജോജോ ഓർക്കുന്നു. സഹികെട്ടായിരിക്കണം ഉമ്മൻ ചാണ്ടി കൈയിൽ നുള്ളിയതെന്നും ജോജോ പറയുന്നു. വാക്കിലും പ്രവർത്തിയിലും ഉമ്മൻ ചാണ്ടിക്ക് അദ്ദേഹത്തിന്റേതായ ശരികൾ ഉണ്ടായിരുന്നതായും അതായിരിക്കാം അദ്ദേഹം മനസാക്ഷിയുടെ കോടതിയെന്ന് വിളിച്ചിരുന്നതെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

കുറിപ്പിന്റെ പൂർണരൂപം

സഹികെട്ടായിരിക്കണം ഉമ്മൻ ചാണ്ടി കൈയ്യിൽ നുള്ളിയത്...അല്ലേ..? ഉമ്മൻചാണ്ടിയുടെ മരണ വാർത്ത സംസാരിച്ചപ്പോൾ സഹപ്രവർത്തകരിൽ ഒരാളാണ് പണ്ട് ഉമ്മൻചാണ്ടി എന്നെ നുള്ളിപ്പറിച്ച കാര്യം ഓർമ്മപ്പെടുത്തിയത്. സോളാറുമായി ബന്ധപ്പെട്ട് മാസങ്ങളോളം തുടർന്ന ശല്യപ്പെടുത്തിനൊടുവിൽ സഹികെട്ട് ഉമ്മൻ ചാണ്ടി നൽകിയ ആ നുളളലിൽ അസഹിഷ്ണുതയുടെ നീററൽ ഇപ്പോഴും എനിക്ക് അനുഭവപ്പെടുന്നില്ല... കാരണം, അദ്ദേഹത്തിൻറ സഹിഷ്ണുതയും അനുകമ്പയും പ്രൊഫഷണൽ ജീവിതത്തിൽ അത്രയേറെ സഹായിച്ചിരുന്നു.

സോളാർ കത്തിനിൽക്കുന്ന സമയം. OCയുടെ ഒരു മൂളലിന് പോലും വലിയ വാർത്താ പ്രാധാന്യം. അക്കാലത്ത് അദ്ദേഹം തിരുവനന്തപുരത്തുള്ള ഒട്ടുമിക്ക ദിവസങ്ങളിലും അദ്ദേഹത്തെ ഇടവില്ലാതെ പിൻതുടർന്ന് മൈക്ക് വെച്ച് പ്രതികരണം ചോദിക്കുക പതിവായിരുന്നു. എന്ന് വെച്ചാൽ തമ്പാനൂർ സ്റ്റേഷനിലോ ക്ലിഫ് ഹൗസിലോ തുടങ്ങുന്ന പ്രതികരണം തേടൽ ഉമ്മൻചാണ്ടി എവിടെയെല്ലാം ഉണ്ടോ അവിടങ്ങളിലെല്ലാം ചെന്ന് അവസാനം ക്ലിഫ്ഹൗസ് ഗേറ്റിലാണ് മിക്കവാറും അവസാനിക്കുക. ചോദ്യങ്ങൾ എന്ന് പറഞ്ഞാൽ ആ സ്ത്രീയുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങളിലെല്ലാം ഉമ്മൻചാണ്ടി മറുപടി പറയണമെന്നായിരുന്നു വെപ്പ്. അല്ലെങ്കിൽ നിർബന്ധിച്ച് പറയിപ്പിക്കാൻ പരമാവധി ശ്രമിച്ചിരുന്നു. എന്താണ് ചടങ്ങെന്നോ, ആരുടെ പരിപാടിയെന്നോ അങ്ങനെയൊന്നുമില്ലായിരുന്നു.

സംസ്ഥാന മുഖ്യമന്ത്രിയോടുള്ള ഭയഭക്തി ബഹുമാനം പോയിട്ട് ഒരു വ്യക്തി എന്ന നിലയിലുള്ള ഔചിത്യമോ, സാമാന്യമര്യാദകളോ പോലും ആ ദിവസങ്ങളിൽ ഉമ്മൻ ചാണ്ടിക്ക് ലഭിച്ചിരുന്നില്ല എന്ന് ചുരുക്കം. അങ്ങനെയൊരു ദിവസം പുലർച്ചെ തമ്പാനൂർ റയിൽവേ സ്റ്റേഷനിൽ നിന്നാരംഭിച്ച ഓട്ടം ക്ലിഫ് ഹൗസ് ചുറ്റി, സിഎമ്മിനൊപ്പം വിവിധ വേദികൾ പിന്നിട്ട് ഉച്ചയോടെ തിരുവനന്തപുരം പ്രസ്ക്ലബ്ബിന് മുന്നിൽ ചെന്ന് നിൽക്കുകയാണ്. ഞങ്ങളെ കൊണ്ട് ഉമ്മൻചാണ്ടിയും ഉമ്മൻചാണ്ടിയെ കൊണ്ട് ഞങ്ങളും മടുത്ത ദിവസം.

OC പ്രസ്ക്ലബ്ബിൽ ഒരു പരിപാടിക്ക് വരുന്നുണ്ട്. സെക്രട്ടറിയേറ്റിൽ നിന്ന് ഇറങ്ങുന്ന ഉമ്മൻചാണ്ടിയെ കാത്ത് മറ്റൊരു ക്യാമറാ സംഘം പുറത്ത് നിൽപ്പുണ്ടെങ്കിലും അവിടെ ഒന്നും പറഞ്ഞില്ലെങ്കിൽ പ്രസ്ക്ലബ്ലിലേക്ക് കയറുമ്പോൾ ‘പിടിക്കാൻ’ ആണ് പദ്ധതി.

അവസാനം പ്രസ്ക്ലബ്ബിൻറ മൂന്നാം നിലയിൽ നടക്കുന്ന പരിപാടിയിലേക്ക് ഉമ്മൻചാണ്ടി എത്തി. ലിഫ്റ്റിലേക്ക് കയറാനെത്തിയ സിഎമ്മിനെ തടഞ്ഞ് നിറുത്തി വീണ്ടും രാവിലെ മുതൽ ചോദിക്കുന്ന അതേ ചോദ്യങ്ങൾ. ഒന്നും മിണ്ടാതെ OC മുകളിലേക്ക് പോയി, കൂടെ ഞങ്ങളും. മടുത്തെങ്കിലും സിഎം ഇറങ്ങുമ്പോൾ ഒന്നുകൂടി ചോദിക്കാമെന്ന് എല്ലാവരും ഉറപ്പിച്ചു.

അവസാനം ലിഫ്റ്റ് ഇറങ്ങി CM പുറത്തേക്ക് വന്നപ്പോഴേക്കും വീണ്ടും മൈക്കുമായി വളഞ്ഞു. ഗൺമാൻ വകഞ്ഞു കൊടുത്ത വഴിയിലൂടെ മുന്നോട്ട് പോകാൻ തുനിഞ്ഞപ്പോഴേക്കും ‘സിഎമ്മേ ഇത് മോശമാ കേട്ടോ’ എന്ന് ഒന്ന് ചുമ്മാ വിളിച്ചു പറഞ്ഞു. സിഎം നിന്നു. സൈഡിലുണ്ടായിരുന്ന എന്നോട് ഇങ്ങ് വാ എന്ന് ആംഗ്യം കാട്ടി വിളിച്ചു. ഇല്ല എന്ന് തോൾ കുലുക്കി കാണിച്ചുവെങ്കിലും വീണ്ടും വിളിച്ചപ്പോൾ ചെന്നു...ഒരു കൈയ്യിൽ പേപ്പറും മറ്റേ കൈകൊണ്ട് എൻറ കൈയ്യിലും പിടിച്ചുകൊണ്ട് കൊണ്ട് ചോദിച്ചു ‘ഞാൻ ഇതിലൊക്കെ എന്നാ പറയാനാ… നിങ്ങൾക്ക് അറിയാമോ ഈ ചോദിക്കുന്നത് എന്നതാ എന്ന്...?

ഈ സമയത്ത് എൻറ കൈമുട്ടിന് മുകളിൽ ഷർട്ട് കൂട്ടിപ്പിടിച്ച് എൻറ കൈയ്യിൽ നുള്ളിക്കോണ്ടായിരുന്നു സംസാരമത്രയും. പതിവ് പോലുള്ള ചിരിയും ചിരിച്ച് സിഎം ഇന്നോവയിൽ കയറിയങ്ങ് പോയി. അധികം വേദനിച്ചൊന്നുമില്ലെങ്കിലും ഉമ്മൻചാണ്ടി സാർ നുള്ളിയ പാട് രണ്ടുമൂന്ന് ദിവസത്തേന് കൈ മുട്ടിന് മുകളിലായി ചുവന്ന് കിടന്നിരുന്നു.

പിന്നീട് പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട് എന്തിനാണ് ഉമ്മൻചാണ്ടിസാർ അന്ന് നുള്ളിയതെന്ന്. ചിലപ്പോൾ സഹികെട്ടതുകൊണ്ടായിരിക്കും. അദ്ദേഹത്തെ മാസങ്ങളോളം പുറകെ നടന്ന് ശല്യപ്പെടുത്തിയതിൻറ ശിക്ഷ ഒരു കൊച്ചു നുള്ളിലൊതുക്കിയ വ്യക്തികൂടിയാണ് എനിക്ക് ഉമ്മൻ ചാണ്ടി.

അന്ന് വൈകുന്നേരം സെക്രട്ടറിയേറ്റിന് മുന്നിലും ക്ലിഫ്ഹൗസിലെ UDF യോഗത്തിനിടയിലുമൊക്കെ വെച്ച് വീണ്ടും കണ്ടെങ്കിലും അദ്ദേഹം പതിവ് പോലെതന്നെയായിരുന്നു. ഞങ്ങളെ തടയണമെങ്കിൽ അത് മുഖ്യമന്ത്രി എന്ന നിലയിൽ എപ്പോളെ ആകാമായിരുന്നു.

'സഹികെട്ടായിരിക്കണം അന്ന് കൈയിൽ നുള്ളിയത്'; ഉമ്മൻ ചാണ്ടിയെ കുറിച്ചുള്ള ഓർമ്മ പങ്കുവച്ച് മാധ്യമപ്രവർത്തകന്‍
'അളക്കാന്‍ കഴിയാത്തനിലയില്‍ ഉയര്‍ന്ന വ്യക്തിത്വം'; ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മന്ത്രിസഭ

മാധ്യമ പ്രവർത്തകരിൽ നിന്നുയരുന്ന എതിർ ശബ്ദങ്ങളോട് ഉമ്മൻ ചാണ്ടി ഒരു വിധത്തിലുള്ള അസഹിഷ്ണുതയും കാണിച്ചിരുന്നില്ലെന്നാണ് അനുഭവം. എന്തിനേറെ ഓസ്ട്രേലിയയിൽ എത്തിയതിന് ശേഷവും ഫോണിൽ വിളിച്ച് മാതൃഭൂമിയിലുണ്ടായിരുന്ന ജോജോയാണ് ഇപ്പോൾ ഓസ്ട്രേലിയയിലുള്ള SBS റേഡിയോയിലാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒന്ന് സംസാരിക്കണം എന്ന് ഗൺമാനോട് പറഞ്ഞപ്പോൾ യാതൊരു മടിയും കൂടാതെ പത്ത് പതിനഞ്ച് മിനിട്ടോളം സംസാരിച്ചു.

വിവാദ വിഷയങ്ങളിൽ ഭരണാധികാരികളോട് ചോദ്യങ്ങൾ അനിവാര്യമാണ് എന്നതായിരുന്നു എൻറെ അന്നത്തെ ബോധ്യം. അത്തരം ബോധ്യങ്ങളെ തടയാനോ പ്രതികാര ബുദ്ധിയോടെ സമീപിക്കാനോ ഉമ്മൻചാണ്ടി ഒരിക്കലും ശ്രമിച്ചിരുന്നില്ല എന്നതും എടുത്ത് പറയേണ്ടതാണ്.

ഇതെല്ലാം പറഞ്ഞതുകൊണ്ട് ഉമ്മൻചാണ്ടിയെ മഹത്വവൽക്കരിക്കുകയാണെന്ന് കരുതേണ്ടതില്ല. കാരണം വാക്കിലും പ്രവർത്തിയിലും ഉമ്മൻചാണ്ടിക്ക് അദ്ദേഹത്തിൻറെതായ ശരികളുണ്ടായിരുന്നു, ഒരു പക്ഷെ ഈ ശരികളെയാകും അദ്ദേഹം മനസാക്ഷിയുടെ കോടതി എന്ന് വിളിച്ചിരുന്നത്...

ശല്യപ്പെടുത്താൻ ആരുമില്ലാത്ത ലോകത്ത് ഇനിയെങ്കിലും അങ്ങ് ഒന്നു വിശ്രമിക്കൂ...

RIP

logo
The Fourth
www.thefourthnews.in