അന്താരാഷ്ട്ര പ്രസ് ഫ്രീഡം അവാർഡ് കെ കെ ഷാഹിനയ്ക്ക്; പുരസ്കാരം ലഭിക്കുന്ന ആദ്യ മലയാളി

അന്താരാഷ്ട്ര പ്രസ് ഫ്രീഡം അവാർഡ് കെ കെ ഷാഹിനയ്ക്ക്; പുരസ്കാരം ലഭിക്കുന്ന ആദ്യ മലയാളി

താൻ ചെയ്ത സ്റ്റോറി ശരിയായിരുന്നുവെന്ന് ലോകത്തിന് മുൻപിൽ തെളിയിക്കപ്പെട്ടിരിക്കുകയാണെന്ന് ഷാഹിന ദ ഫോർത്തിനോട് പ്രതികരിച്ചു

കമ്മിറ്റി റ്റു പ്രൊട്ടക്റ്റ് ജേര്‍ണലിസ്റ്റ്സിന്റെ (സിപിജെ) അന്തരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം ഔട്ട് ലുക്ക് മാഗസിന്റെ സീനിയര്‍ എഡിറ്റര്‍ കെ കെ ഷാഹിനയ്ക്ക്. 1991 മുതൽ നൽകിവരുന്ന പുരസ്കാരം ആദ്യമായാണ് ഒരു മലയാളിക്ക് ലഭിക്കുന്നത്. നിക ഗ്വറാമിയ (ജോർജിയ), മരിയ തെരേസ മൊണ്ടാന (മെക്‌സിക്കോ),ഫെർഡിനാൻഡ്‌ അയിറ്റെ (ടോഗോ) എന്നിവരെയും ഷാഹിനയ്‌ക്കൊപ്പം പുരസ്‌കാരത്തിന്‌ തിരഞ്ഞെടുത്തിട്ടുണ്ട്. 2023 നവംബർ 16ന് ന്യൂയോർക്കിൽ നടക്കുന്ന പരിപാടിയിൽ വച്ച് പുരസ്കാരം വിതരണം ചെയ്യും.

താൻ ചെയ്ത സ്റ്റോറി ശരിയായിരുന്നുവെന്ന് ലോകത്തിന് മുൻപിൽ തെളിയിക്കപ്പെട്ടിരിക്കുകയാണെന്ന് ഷാഹിന ദ ഫോർത്തിനോട് പ്രതികരിച്ചു. ഒരു വാർത്ത ചെയ്തതിന്റെ പേരിൽ കഴിഞ്ഞ 13 വർഷമായി പല തരത്തിലുള്ള പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. എന്നാലിപ്പോൾ അത് അംഗീകരിക്കപ്പെട്ടു എന്നതിൽ ഒരുപാട് സന്തോഷം. ചെയ്യുന്ന ജോലിയുടെ മികവിന് കിട്ടുന്ന പുരസ്കാരത്തിൽ നിന്നും വ്യത്യസ്തമാണത്.

മാധ്യമ പ്രവർത്തനം എന്ന ജോലി ചെയ്തതിന്റെ പേരിൽ ഭരണകൂടത്തിനാൽ ടാർഗറ്റ് ചെയ്യപ്പെട്ട ഒരാളാണ് താൻ. അത്തരത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവന്ന മാധ്യമ പ്രവർത്തകർക്ക് ലഭിക്കുന്ന പുരസ്കാരമാണിത്. ആത്മാർത്ഥതയോടെ ജോലി ചെയ്തതിന്റെ പേരിൽ ലോകമെമ്പാടും ഇത്തരത്തിൽ ആക്രമിക്കപ്പെടുന്ന മുഴുവൻ മാധ്യമ പ്രവർത്തകർക്കും ഈ പുരസ്കാരം സമർപ്പിക്കുന്നുവെന്നും ഷാഹിന പറഞ്ഞു.

രണ്ടര പതിറ്റാണ്ടിലേറെയായി സജീവ മാധ്യമപ്രവർത്തന രംഗത്തുള്ള ആളാണ് ഷാഹിന. ലിംഗഭേദം, മനുഷ്യാവകാശങ്ങൾ, പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾ, മതന്യൂനപക്ഷങ്ങൾ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് ഷാഹിനയുടെ റിപ്പോർട്ടുകൾ പലതും. നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തിന്റെ പേരിൽ ഒരു ദശാബ്ദത്തിലേറെയായി ആക്രമണങ്ങൾ നേരിടുകയാണ് ഷാഹിന. 2008-ലെ ബാംഗ്ലൂർ സ്ഫോടനക്കേസിൽ സാക്ഷിമൊഴികളെ പോലീസ് വളച്ചൊടിച്ചുവെന്ന ആരോപണം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഷാഹിനക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തിരുന്നു. ഭീകരവിരുദ്ധ നിയമപ്രകാരം കുറ്റം ചുമത്തപ്പെട്ട രാജ്യത്തെ ആദ്യത്തെ മാധ്യമപ്രവർത്തകരിൽ ഒരാളാണ് ഷാഹിന.

2010ൽ ആരംഭിച്ച കേസിന്റെ വിചാരണ ഇപ്പോഴും തുടരുകയാണ്. കുറ്റം തെളിഞ്ഞാൽ പരമാവധി മൂന്ന് വർഷം വരെ തടവും പിഴയും ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷാഹിനയ്ക്ക് മേൽ ചുമത്തിയിട്ടുള്ളത്.

മാധ്യമ പ്രവർത്തനത്തിന്റെ പേരിൽ ആക്രമണങ്ങളോ ഭീഷണികളോ തടവോ നേരിടേണ്ടി വന്നിട്ടും മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിൽ ധൈര്യം കാണിക്കുന്ന ലോകമെമ്പാടുമുള്ള മാധ്യമ പ്രവർത്തകരെ ആദരിക്കുന്നതാണ് അന്തരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം. 2023ലേത് പുരസ്കാരത്തിന്റെ 33ആമത് പതിപ്പാണ്. 2019ന് ശേഷം ഇന്ത്യയിലേക്ക് പുരസ്കാരമെത്തുന്നതും ഷാഹിനയിലൂടെയാണ്. നേഹ ദീക്ഷിത് (2019), മാലിനി സൂബ്രഹ്മണ്യം(2016), യൂസഫ് ജമീൽ (1996) എന്നിവരിലൂടെയാണ് ഇന്ത്യയിലേക്ക് മുൻപ് ഈ അം​ഗീകാരം എത്തിയത്.

logo
The Fourth
www.thefourthnews.in