കെ ബി ഗണേഷ്‌കുമാര്‍
കെ ബി ഗണേഷ്‌കുമാര്‍

'എംഎല്‍എമാര്‍ക്ക് നാട്ടില്‍ നില്‍ക്കാനാകാത്ത സ്ഥിതി, പ്രഖ്യാപനങ്ങള്‍ മാത്രം, ഫണ്ടില്ല'; തുറന്നടിച്ച് ഗണേഷ് കുമാര്‍

എല്‍ഡിഎഫ് നിയമസഭാ കക്ഷി യോഗത്തിലാണ് കെബി ഗണേഷ് കുമാറിന്റെ വിമര്‍ശനം

എല്‍ഡിഎഫ് നിയമസഭാകക്ഷി യോഗത്തില്‍ സര്‍ക്കാരിനെതിരെ അതൃപ്തി പരസ്യമാക്കി കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എ. എംഎല്‍എമാര്‍ക്കുള്ള പദ്ധതികളില്‍ ഭരണാനുമതി ലഭിക്കുന്നത് വൈകുന്നതായും, ഫണ്ട് അനുവദിക്കുന്നില്ലെന്നുമായിരുന്നു ഗണേഷ് കുമാറിന്റെ വിമര്‍ശനം.

മന്ത്രി നല്ല ആള്‍ ആണെങ്കിലും വിദ്യാഭ്യാസ വകുപ്പിലും ഒന്നും നടക്കുന്നില്ല

വിദ്യാഭ്യാസ പൊതു മരാമത്ത് വകുപ്പുകളെ പേരെടുത്ത് പറഞ്ഞായിരുന്നു ഗണേഷ് കുമാറിന്റെ വിമര്‍ശനം. റോഡ് പ്രവര്‍ത്തികളുടെ കാല താമസമായിരുന്നു പൊതുമരാമത്ത് വകുപ്പിനെതിരെ ഗണേഷ് കുമാര്‍ ഉയര്‍ത്തിയത്. എംഎല്‍എമാര്‍ക്ക് നാട്ടില്‍ നില്‍ക്കാനാകാത്ത സ്ഥിതിയാണ്. പ്രഖ്യാപനങ്ങള്‍ മാത്രം പോരാ ഫണ്ട് അനുവദിക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. മന്ത്രി നല്ല ആള്‍ ആണെങ്കിലും വിദ്യാഭ്യാസ വകുപ്പിലും ഒന്നും നടക്കുന്നില്ല. പല വകുപ്പുകളിലും നടക്കുന്നത് പ്രഖ്യാപനങ്ങള്‍ മാത്രമാണെന്നും യോഗത്തില്‍ ഗണേഷ് കുമാര്‍ തുറന്നടിച്ചു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ ആകില്ലെന്നും അടുത്ത ബജറ്റിലെങ്കിലും പരിഹാരം വേണമെന്നും ഗണേഷ് കുമാര്‍ ആവശ്യപെട്ടു.

ഗണേഷ് കുമാറിന്റെ പരാമര്‍ശത്തെ പിന്തുണയ്ച്ചും എതിര്‍ത്തും യോഗത്തില്‍ മറ്റുള്ള എംഎല്‍എമാര്‍ രംഗത്തെത്തി. എംഎല്‍എയുടെ നിലപാടിനെ സിപിഐ പ്രതിനിധികളും പി വി ശ്രീനിജന്‍ എംഎല്‍എയുമാണ് പിന്തുണച്ചത്. സിപിഎം പ്രതിനിധികള്‍ വിമര്‍ശം ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ പറയാനുള്ള കാര്യങ്ങള്‍ ഈ വേദിയില്‍ അല്ലാതെ എവിടെ പറയും എന്നായിരുന്നു വിമര്‍ശനങ്ങള്‍ക്കുള്ള ഗണേഷ് കുമാറിന്റെ മറുചോദ്യമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

logo
The Fourth
www.thefourthnews.in