'തെക്കനുമില്ല വടക്കനുമില്ല, മലയാളികളെ ഒരുമിപ്പിക്കും സില്‍വര്‍ലൈന്‍' - ഫേസ്ബുക്ക് പോസ്റ്റുമായി കെ റെയില്‍

'തെക്കനുമില്ല വടക്കനുമില്ല, മലയാളികളെ ഒരുമിപ്പിക്കും സില്‍വര്‍ലൈന്‍' - ഫേസ്ബുക്ക് പോസ്റ്റുമായി കെ റെയില്‍

തെക്ക്, വടക്ക് വ്യത്യാസമില്ലാതെ കേരളത്തെ അറിയാനുള്ള അവസരമാണ് സില്‍വര്‍ ലൈന്‍ എന്ന് ഫേസ്ബുക്ക് പോസ്റ്റ്

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ തെക്ക്, വടക്ക് പ്രയോഗം സില്‍വര്‍ലൈന്‍ പദ്ധതിയുടെ പ്രമോഷനായി ഉപയോഗിച്ചിരിക്കുകയാണ് കെ റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍. സില്‍വര്‍ ലൈന്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ തെക്കരും വടക്കരുമെന്ന വ്യത്യാസമില്ലാതാകുമെന്നാണ് കെറെയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'തെക്കനുമില്ല വടക്കനുമില്ല - മലയാളികളെ ഒരുമിപ്പിക്കും സില്‍വര്‍ലൈന്‍ എന്നാണ് ടാഗ് ലൈന്‍'. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ജീവിതരീതിയെ അടുത്തറിയാനുള്ള അവസരം കൂടിയാണ് സില്‍വര്‍ ലൈന്‍ എന്നും പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

തെക്കരാണോ വടക്കരാണോ മികച്ചതെന്ന ചർച്ചയും വാ​ഗ്വാ​ദങ്ങളും കാലങ്ങളായി നടക്കുന്നതാണ്. സോഷ്യൽ മീഡിയ പ്രബലമായതോടെ ചെറിയ ഇടവേളകളിൽ വടക്കൻ നന്മയും തെക്കൻ ക്രൂരതയും കൗണ്ടറുകളും ട്രോളുകളും പൊങ്ങിവരും. എന്തിനേറെ തെക്കന്റെ സാമ്പാറാണോ വടക്കന്റെ സാമ്പാറാണോ മികച്ചതെന്ന് വരെ ആഴ്ചകളോളം സോഷ്യൽ മീഡിയയിൽ ചർച്ച നടന്നിട്ടുണ്ട്.കേരളത്തിലെ 14 ജില്ലകൾക്കും സ്വന്തമായ പ്രയോ​ഗങ്ങളും ഭാഷാശൈലികളും പാചകരീതികളുമുണ്ട്. ജീവിതശൈലിയും വ്യത്യസ്തമായിരിക്കും. ചില ന​ഗ​രങ്ങളിൽ ജീവിതച്ചെലവ് കുറവായിരിക്കും. ചിലയിടത്ത് കൂടുതലായിരിക്കും. ഇതൊക്കെവെച്ച് ഒരു ജില്ലക്കാർ മികച്ചതും ഒരു ജില്ലക്കാർ മോശമാണെന്നും ഒരിക്കലും പറയാൻ കഴിയില്ല. വൈവിധ്യങ്ങളാണ് നമ്മളെ വ്യത്യസ്തരാക്കുന്നത്. തിരുവനന്തപുരം മുതൽ കാസർ​ഗോഡ് വരെ നീണ്ടുകിടക്കുന്ന കേരളത്തിലെ ഓരോ ജില്ലയ്ക്കും അവകാശപ്പെടാനും അഭിമാനിക്കാനും ധാരാളം കാര്യങ്ങളുണ്ട്. ഇതൊക്കെ അറിയണമെങ്കിൽ നമ്മൾ യാത്രചെയ്യണം. മണിക്കൂറുകൾ ട്രെയിനിലും റോഡിലും ചെലവാക്കി ഓൾ കേരള ടൂർ നടത്താനൊന്നും പലർക്കും താൽപര്യമുണ്ടാകില്ല. സ്ഥിരം വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് മടങ്ങുകയായിരിക്കും ചെയ്യുക. സിൽവർലൈൻ പദ്ധതി യാഥാർഥ്യമാകുന്നതോടെ കേരളത്തിലങ്ങോളമിങ്ങോളമുള്ള ജീവിതരീതിയെ അടുത്തറിയാനുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്. തെക്കരും വടക്കരുമെന്നുള്ള വേർതിരിവ് സിൽവർലൈൻ വരുന്നതോടെ ഇല്ലാതാവും. എല്ലാ നാടുകളിലും എല്ലാവർക്കും അതിവേ​ഗം എത്തിച്ചേരാനാകും. വൈവിധ്യങ്ങൾക്കിടയിലും നമ്മൾക്കിടയിലുള്ള ഒത്തൊരുമയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും നമ്മളെ വ്യത്യസ്തരാക്കുന്നത്. നമ്മളെല്ലാവരും മലയാളികളാണ്, കേരളീയരാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in