പുതുപ്പള്ളിയില്‍ കണ്ടത് സർക്കാരിനോടുള്ള വിദ്വേഷം; വരുന്ന തിരഞ്ഞെടുപ്പുകളിലും സമാന വിജയം നേടുമെന്ന് കെ സുധാകരന്‍

പുതുപ്പള്ളിയില്‍ കണ്ടത് സർക്കാരിനോടുള്ള വിദ്വേഷം; വരുന്ന തിരഞ്ഞെടുപ്പുകളിലും സമാന വിജയം നേടുമെന്ന് കെ സുധാകരന്‍

എല്‍ഡിഎഫ് സർക്കാർ കേരളത്തില്‍ അധികാരത്തില്‍ ഇരിക്കുമ്പോഴുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും സമാന വിജയം പ്രതീക്ഷിക്കുന്നതായി കെ സുധാകരന്‍

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ വിജയം, ജനങ്ങൾക്ക് ഭരണപക്ഷത്തോടുള്ള വിയോജിപ്പിന്റെ ഉദാഹരണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എല്‍ഡിഎഫ് സർക്കാർ കേരളത്തില്‍ അധികാരത്തില്‍ ഇരിക്കുമ്പോഴുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും സമാന വിജയം പ്രതീക്ഷിക്കുന്നതായി കെ സുധാകരന്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന്റെ പേരിലുള്ള സഹതാപ തരംഗം അദ്ദേഹത്തോടുള്ള ജനങ്ങളുടെ ആദരസൂചകമാണെന്നും ഉമ്മൻ ചാണ്ടി എന്ന നേതാവ് മരിച്ചാലും ജീവിച്ചാലും കേരള രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ സ്ഥാനം വളരെ വലുതാണെന്നും ജനങ്ങൾക്ക് അദ്ദേഹത്തോടുള്ള ആദരമാണ് സഹതാപ തരംഗമെന്ന് പറയുന്നതെന്നും സുധാകരൻ പറഞ്ഞു.സിപിഎമ്മിന്റെ പാർട്ടിക്കുള്ളിലെ വോട്ടുകൾ പോലും ഇത്തവണ യുഡിഎഫ് നേടിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന്റെ പേരിലുള്ള സഹതാപ തരംഗം അദ്ദേഹത്തോടുള്ള ജനങ്ങളുടെ ആദരവെന്ന് സുധാകരന്‍

"ജനാധിപത്യ സംവിധാനത്തിൽ കേൾക്കുന്ന കഥകളാണോ കേരളത്തിൽ ഇപ്പോഴുള്ളത്? കള്ളക്കടത്തും എവിടെയും അഴിമതിയുമല്ലേ നടക്കുന്നത്. മുഖ്യമന്ത്രിയുടെ നാട്ടിൽ എന്ത് വികസനമാണ് അദ്ദേഹം കൊണ്ടുവന്നത്? ജെയ്ക്കിന്റെ വാർഡിലും അദ്ദേഹത്തിന്റെ കുടുംബ വോട്ടും പോലും യുഡിഎഫിന് കിട്ടി. വരുന്ന തിരഞ്ഞെടുപ്പുകളിലും സമാനമായ വിജയമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നഷ്ടമായ സീറ്റ് തിരിച്ചുപിടിച്ചു, വരുന്ന തിരഞ്ഞെടുപ്പിൽ 20 സീറ്റും തികയ്ക്കുകയാണ് ലക്ഷ്യം അതിനുള്ള രാഷ്ട്രീയ സാഹചര്യം ഇപ്പോൾ ഇന്ത്യയിലുണ്ടെന്നാണ് വിശ്വാസം. രാജ്യത്ത് 'ഇന്ത്യ' സഖ്യം വലിയ മുന്നേറ്റം നേടുമെന്നത് ഉറപ്പാണ്. പ്രതീക്ഷിക്കാത്ത മണ്ഡലങ്ങളിൽ പോലും ഇന്ത്യ വലിയ വിജയം നേടും. അതുകൊണ്ടാണ് ബിജെപിയും മോദിയും ഇത്രയേറെ ബേജാറാകുന്നത്" സുധാകരൻ പറഞ്ഞു.

എൽഡിഎഫിനോടും സർക്കാരിനോടും ജനങ്ങൾക്കുള്ള വെറുപ്പും വിദ്വേഷവും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതുപ്പള്ളിയില്‍ കണ്ടത് സർക്കാരിനോടുള്ള വിദ്വേഷം; വരുന്ന തിരഞ്ഞെടുപ്പുകളിലും സമാന വിജയം നേടുമെന്ന് കെ സുധാകരന്‍
എല്ലാ റൗണ്ടിലും ലീഡ്; ഇനി ചാണ്ടി ഉമ്മന്റെ പുതുപ്പള്ളി

റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് പുതുപ്പള്ളിയിൽ നിന്ന് ചാണ്ടി ഉമ്മൻ വിജയിച്ചത്. ഏറ്റവും ഒടുവിലെ വിവരങ്ങള്‍ പ്രകാരം 36,454 വോട്ടുകളാണ് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം. എൽഡിഎഫിന് സ്വാധീനമുള്ള ഇടത് കോട്ടകളിൽ പോലും ചാണ്ടി ഉമ്മൻ വലിയ മുന്നേറ്റം നേടി. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസിന്റെയും മന്ത്രി വി എൻ വാസവന്റെയും ബൂത്തുകളില്‍ ഉൾപ്പെടെ മികച്ച ഭൂരിപക്ഷത്തോടെയാണ് ചാണ്ടി ഉമ്മന്‍ വിജയിച്ചത്. ബാലറ്റ് വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ആരംഭിച്ച ലീഡ് ക്രമാനുഗതമായി ഉയര്‍ത്തിയാണ് പുതുപ്പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തുന്നത്.

logo
The Fourth
www.thefourthnews.in