കളമശേരി സ്‌ഫോടനം: ഒരു കുട്ടി ഉള്‍പ്പടെ ആറുപേരുടെ നില ഗുരുതരമെന്ന് മന്ത്രി

കളമശേരി സ്‌ഫോടനം: ഒരു കുട്ടി ഉള്‍പ്പടെ ആറുപേരുടെ നില ഗുരുതരമെന്ന് മന്ത്രി

കുട്ടി ഉള്‍പ്പടെ രണ്ടു പേര്‍ക്ക് 80 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. കുട്ടിയുടെ നില അതീവ ഗുരുതരാവസ്ഥയിലാണെന്നും ലഭ്യമായ എല്ലാ ചികിത്സയും കുട്ടി നല്‍കുമെന്നും മന്ത്രി അറിയിച്ചു

കളമശേരി സ്‌ഫോടനത്തില്‍ പരുക്കേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയ 52 പേരില്‍ ഒരു കുട്ടി ഉള്‍പ്പടെ ആറുപേരുടെ നില അതീവ ഗുരുതരമെന്ന് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പരുക്കേറ്റവരില്‍ 22 പേരെ പ്രാഥമിക ചികിത്സയ്ക്കു ശേഷം വിട്ടയച്ചെന്നും മെഡിക്കല്‍ കോളജ് ഉള്‍പ്പടെ വിവിധ ആശുപത്രികളിലായി നിലവില്‍ 30 പേരാണ് ചികിത്സയില്‍ ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചികിത്സയിലുള്ള 30 പേരില്‍ 18 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ഉള്ളതെന്നും ഇതില്‍ 12 വയസുള്ള ഒരു കുട്ടി വെന്റിലേറ്ററിലാണെന്നും മന്ത്രി പറഞ്ഞു. കുട്ടി ഉള്‍പ്പടെ രണ്ടു പേര്‍ക്ക് 80 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. കുട്ടിയുടെ നില അതീവ ഗുരുതരാവസ്ഥയിലാണെന്നും ലഭ്യമായ എല്ലാ ചികിത്സയും നല്‍കുമെന്നും മന്ത്രി അറിയിച്ചു.

സ്‌ഫോടനം നടന്ന കണ്‍വെന്‍ഷന്‍ സെന്ററിനു സമീപമുള്ള കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് കൂടുതല്‍ പേര്‍ ചികിത്സ തേടിയെത്തിയത്. ഇവിടെ പ്രവേശിപ്പിച്ച 37 പേരില്‍ 10 പേരാണ് നിലവില്‍ ഐസിയുവിലുള്ളത്. 10 പേര്‍ വാര്‍ഡില്‍ ചികിത്സയിലുണ്ട്. 17 പേരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. പരുക്കേറ്റവര്‍ക്ക് ലഭ്യമായ എല്ലാ ആധുനിക ചികിത്സയും നല്‍കുമെന്നും മന്ത്രി അറിയിച്ചു. തൃശൂർ, കോട്ടയം മെഡിക്കൽ കോളജിലെ പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ ഡോക്ടർമാരടക്കം കളമശേരിയിൽ ക്യാമ്പ് ചെയ്യുന്നു. മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാസംബന്ധമായ കാര്യങ്ങൾ എറണാകുളം ജില്ലാ കളക്ടർ ക്രോഡീകരിക്കും. യാതൊരു ആശങ്കയും വേണ്ടെന്നും മന്ത്രി അറിയിച്ചു.

കളമശേരി മെഡിക്കല്‍ കോളജിനു സമീപമുള്ള സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ ഇന്നു രാവിലെയാണ് സ്ഫോടനം നടന്നത്. ഒന്നിനു പിന്നാലെ ഒന്നായി നടന്ന നാലു പൊട്ടിത്തെറികളില്‍ ഒരാള്‍ കൊല്ലപ്പെടുകയും അമ്പതിലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പരുക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. മരിച്ച ആളുടെ മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. 27നായിരുന്നു സമ്മേളനം ആരംഭിച്ചത്.

logo
The Fourth
www.thefourthnews.in