പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കനകമല ഐഎസ് റിക്രൂട്ട്മെന്റ് കേസ്: മുഹമ്മദ് പോളക്കാണിക്ക് ഏഴ് വര്‍ഷം കഠിന തടവും പിഴയും

കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്

കനകമല ഐഎസ് റിക്രൂട്ട്മെന്റ് കേസിലെ പ്രതി മുഹമ്മദ് പോളക്കാണിക്ക് ഏഴ് വര്‍ഷം കഠിന തടവും 3 ലക്ഷം രൂപ പിഴയും ശിക്ഷ. കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി തന്നെ കേസില്‍ കുറ്റസമ്മതം നടത്തിയതിനെ തുടര്‍ന്ന് ജഡ്ജി കെ കമനീസാണ് ശിക്ഷ വിധിച്ചത്. തീവ്രവാദ സംഘത്തില്‍ അംഗമായത്, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ആളുകളെ റിക്രൂട്ട് ചെയ്തതുള്‍പ്പെടെ ആറ് കേസുകളില്‍ മുഹമ്മദ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് കോടതി ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ചത്.

ദക്ഷിണേന്ത്യയില്‍ അന്‍സാറുല്‍ ഖിലാഫ കെ എല്‍ എന്ന ഭീകരസംഘത്തെ സൃഷ്ടിക്കാന്‍ പ്രതി ബോധപൂര്‍വം മറ്റുള്ളവരുമായി ഗൂഢാലോചന നടത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. ദക്ഷിണേന്ത്യയിലെ പ്രമുഖ വ്യക്തികളെയും പ്രാധാന്യമുള്ള സ്ഥലങ്ങളെയും ലക്ഷ്യമിട്ട് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍, 2016 ല്‍ മറ്റുള്ളവരുമായി ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. 2018 ജനുവരിയില്‍ സിറിയയിലേക്കുള്ള തീവ്രവാദ സംഘടനയില്‍ ചേരുന്നതിന് ഇയാൾ ജോര്‍ജിയയില്‍ എത്തിയിരുന്നു.

പ്രതിയ്ക്ക് പശ്ചാത്താപമുണ്ടന്നും പ്രായമായ മാതാപിതാക്കളെയും കുടുംബത്തെയും പരിപാലിക്കുന്നതിനായി കുറഞ്ഞ ശിക്ഷ ആവശ്യപ്പെട്ടതായും കോടതി

24 വയസുള്ള പ്രതി താന്‍ തിരഞ്ഞെടുത്ത വഴി തെറ്റാണെന്നും യഥാര്‍ത്ഥ മതവിശ്വാസിയായി ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഉള്ള വസ്തുത മനസിലാക്കിയതായി കോടതി ഉത്തരവിലുണ്ട്. പ്രതിയ്ക്ക് പശ്ചാത്താപമുണ്ടെന്നും പ്രായമായ മാതാപിതാക്കളെയും കുടുംബത്തെയും പരിപാലിക്കുന്നതിനായി കുറഞ്ഞ ശിക്ഷ ആവശ്യപ്പെട്ടതായും കോടതി ചൂണ്ടിക്കാട്ടി. പ്രതികള്‍ക്കെതിരെ വെളിപ്പെടുത്തിയ കുറ്റങ്ങള്‍ ഗുരുതരമാണ്. എങ്കിലും വിദ്യാര്‍ഥിയായിരിക്കെ പ്രതി തെറ്റായ മാര്‍ഗത്തില്‍ എത്തപ്പെട്ടതായി രേഖകളില്‍ നിന്ന് മനസിലാകുന്നുവെന്നും കോടതി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in