'സര്‍ക്കാര്‍ പ്രൊപ്പോസല്‍ നല്‍കിയതേയുള്ളൂ, ഉത്തരവാദിത്തം ഗവര്‍ണര്‍ക്ക്'; സുപ്രീംകോടതി വിധിയില്‍നിന്ന് തടിയൂരി മന്ത്രി

'സര്‍ക്കാര്‍ പ്രൊപ്പോസല്‍ നല്‍കിയതേയുള്ളൂ, ഉത്തരവാദിത്തം ഗവര്‍ണര്‍ക്ക്'; സുപ്രീംകോടതി വിധിയില്‍നിന്ന് തടിയൂരി മന്ത്രി

പരമോന്നത നീതിപീഠമായ സുപ്രീം കോടതിയുടെ വിധി അംഗീകരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനത്തില്‍ പൂര്‍ണ ഉത്തരവാദിത്തം ഗവര്‍ണർക്കാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു മന്ത്രി.

കോടതി വിധി എന്ത് തന്നെയായാലും അംഗീകരിക്കുന്നുവെന്ന് പറഞ്ഞ മന്ത്രി വിഷയത്തില്‍ സര്‍ക്കാരിനല്ല ഉത്തരവാദിത്തമെന്നും നിയമനത്തിനുള്ള പ്രൊപ്പോസല്‍ നല്‍കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും സര്‍വകലാശാല നിയമനങ്ങളില്‍ ഗവര്‍ണര്‍ക്കാണ് പൂര്‍ണ ഉത്തരവാദിത്വമെന്നും വ്യക്തമാക്കി. വിധി വിശദമായിപഠിച്ച ശേഷം കൂടുതല്‍ പ്രതികരണം നടത്താമെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

''അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പ്രൊപ്പോസല്‍ അറിയിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. നിയമനം നടത്തുന്നത് ഗവര്‍ണറുടെ ഉത്തരവാദിത്വമാണ്. അദ്ദേഹത്തിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് അത് ചെയ്യേണ്ടത്. വിധിയെക്കുറിച്ച് കൂടുതല്‍ പരിശോധിച്ച ശേഷം പ്രതികരിക്കാം,'' മന്ത്രി വ്യക്തമാക്കി.

വി സി നിയമനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്യായമായ ഇടപെടല്‍ നടത്തിയെന്നും ഗവര്‍ണര്‍ സമ്മര്‍ദത്തിന് വഴങ്ങിയെന്നും ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം റദ്ദാക്കിയത്. നിയനം ചട്ടവിരുദ്ധമാണെന്നു പറഞ്ഞ കോടതി ഗവര്‍ണര്‍ക്കെതിരെയും വിമര്‍ശമുയര്‍ത്തി.

സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിനു മുന്നില്‍ ചാന്‍സലറായ ഗവര്‍ണര്‍ തന്റെ അധികാരം ഉപേക്ഷിക്കുകയോ കീഴടങ്ങുകയോ ചെയ്തുവെന്നും വി സി നിയമനത്തില്‍ ബാഹ്യ ഇടപെടല്‍ പാടില്ലെന്നും പ്രൊ ചാന്‍സലര്‍ പോലും നിയമനത്തില്‍ ഇടപെടരുതെന്നും കോടതി പറഞ്ഞു.

ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ശരിവച്ച ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.

അതേസമയം, സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഉന്നതവിദ്യാഭ്യാസമന്ത്രി ഉടന്‍ രാജിവച്ച് പുറത്തുപോകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. "വിസിയുടെ നിയമനം യുജിസിയുടെ മാനദണ്ഡങ്ങള്‍ മുഴുവന്‍ ലംഘിച്ചുകൊണ്ടുള്ളതാണ്. സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണര്‍ക്ക് പ്രോ ചാന്‍സലറായ ഉന്നതവിദ്യാഭ്യാസ മന്ത്രി കത്തെഴുതാന്‍ പാടില്ല. വിസിയുടെ നിയമനത്തില്‍ പ്രോ ചാന്‍സലര്‍ ഇടപെടാനും പാടില്ല. ഇവിടെ കത്തെഴുതി, നിയമലംഘനം നടത്തി പ്രായപരിധി കഴിഞ്ഞയാള്‍ക്ക് പുനര്‍നിയമനം നല്‍കി. നിയമനത്തില്‍ സര്‍ക്കാരിന്‌റെ അനാവശ്യ ഇടപെടലുണ്ടായെന്ന ഗുരുതരമായ കണ്ടെത്തലും വിധിയിലുണ്ട്," സതീശന്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in