ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന്‍
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന്‍

കണ്ണൂര്‍ വി സിയെ വ്യക്തിപരമായി അധിക്ഷേപിച്ച് ഗവർണർ; ഗോപിനാഥ് രവീന്ദ്രൻ ക്രിമിനൽ, തന്നെ കയ്യേറ്റം ചെയ്യാൻ ഗൂഢാലോചന നടത്തി

2019 ൽ ചരിത്ര കോണ്‍ഗ്രസ് വേദിയിലെ സിഎഎ വിരുദ്ധ പ്രതിഷേധം സൂചിപ്പിച്ച് ഗവര്‍ണറുടെ പ്രതികരണം

കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാൻസലര്‍ ഗോപിനാഥ് രവീന്ദ്രനെ വ്യക്തിപരമായി അധിക്ഷേപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വി സി ക്രിമിനലെന്നും തന്നെ ശാരീരികമായി ആക്രമിക്കാനുള്ള ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയില്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല ആതിഥേയരായ ചരിത്രകോണ്‍ഗ്രസിന്‌റെ വേദിയിൽ സിഎഎ വിഷയത്തില്‍ ഉണ്ടായ പ്രതിഷേധം ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറുടെ പ്രതികരണം. സർക്കാരുമായും കണ്ണൂർ- കേരളാ സർവകലാശാലകളുമായി ചാൻസലർ കൂടിയായ ഗവർണർ നിരന്തര ഏറ്റുമുട്ടലിലാണ്. ഗോപിനാഥ് രവീന്ദ്രൻ പാർട്ടി കേഡറെപോലെ പെരുമാറുന്നു എന്ന് കഴിഞ്ഞ ദിവസം പ്രതികരിച്ച ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സ്വരം കടുപ്പിച്ചു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന്‍
'കണ്ണൂര്‍ വിസി പാര്‍ട്ടി കേഡറെ പോലെ ; സര്‍വകലാശാലാ നിയമഭേദഗതി ബന്ധുനിയമനത്തിന്'; രൂക്ഷ വിമർശനവുമായി വീണ്ടും ഗവർണർ

'പരസ്യപ്രതികരണത്തിന് താന്‍ നിര്‍ബന്ധിതനായതാണെന്ന് പറഞ്ഞ ഗവര്‍ണര്‍ കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. മാന്യതയുടെ അതിര്‍വരമ്പുകള്‍ വിസി ലംഘിച്ചുവെന്ന് ഗവർണർ പറഞ്ഞു. 2019 ല്‍ കണ്ണൂര്‍ സര്‍വകലാശാല വേദിയായ ചരിത്ര കോണ്‍ഗ്രസില്‍ നടന്ന സിഎഎ വിരുദ്ധ പ്രതിഷേധം ചൂണ്ടിക്കാട്ടിയിയിരുന്നു ഗവര്‍ണറുടെ പ്രതികരണം. കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ പ്രതിനിധികളുടെ പ്രതിഷേധം ഉണ്ടായിരുന്നു. പ്രമുഖ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് ഗവര്‍ണര്‍ക്കെതിരെ വേദിയില്‍ കയറി പ്രതിഷേധിച്ചത് അന്ന് വിവാദവുമായി.

സിഎഎ പ്രതിഷേധ സമയത്ത് തനിക്കെതിരെ വിസി ഗൂഢാലോചന നടത്തിയെന്നാണ് ഇപ്പോള്‍ ഗവര്‍ണറുടെ ആരോപണം. തന്നെ ക്ഷണിച്ചത് വി സിയാണ്. വേദിയില്‍ ശാരീരികമായി ആക്രമിക്കുന്ന സാഹചര്യമുണ്ടായി. ഗവര്‍ണറെ ചുമതല നിര്‍വഹിക്കുന്നതില്‍ നിന്ന് തടസ്സപ്പെടുത്തുന്നത് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എന്നാല്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വിസി തയ്യാറായില്ല. ഇര്‍ഫാന്‍ ഹബീബിനെ അദ്ദേഹം തടഞ്ഞില്ല. ഒന്നരമണിക്കൂര്‍ സംസാരിക്കാന്‍ ഇര്‍ഫാന്‍ ഹബീബിനെ അനുവദിച്ചു. രാജ്ഭവന്‍ റിപ്പോര്‍ട്ട് തേടിയപ്പോഴും റിപ്പോര്‍ട്ട് നല്‍കിയില്ല. തന്നെ കായികമായി ആക്രമിക്കാന്‍ ഗൂഢാലോചന നടന്നത് ഡല്‍ഹിയിലാണെന്നും ഇതില്‍ വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന് പങ്കുണ്ടെന്നും ഗവര്‍ണര്‍ ആരോപിച്ചു.

ചരിത്ര കോൺഗ്രസ് വേദിയിലെ പ്രതിഷേധം
ചരിത്ര കോൺഗ്രസ് വേദിയിലെ പ്രതിഷേധം

ഗോപിനാഥ് രവീന്ദ്രന്‍ വൈസ് ചാസലറായി കണ്ണൂര്‍ സര്‍വകലാശാലയില്‍ ഇരിക്കുന്നത് രാഷ്ട്രീയ സ്വാധീനം മൂലം മാത്രമെന്നും ഗവര്‍ണര്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയെ തകര്‍ക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. വിസിക്കെതിരെ നിയമപരമായ നടപടികളുമായി നീങ്ങും. രാഷ്ട്രീയ ലക്ഷ്യത്തോടെ ധാരാളം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിസി നടത്തിയെന്നും ഗവര്‍ണര്‍ ആരോപിക്കുന്നു.

തനിക്കെതിരെ സംസാരിക്കുന്നതോ പരസ്യമായി വിമര്‍ശനം ഉന്നയിക്കുന്നതോ സ്വാഗതം ചെയ്യുന്നുവെന്നും സര്‍വകലാശാലാ വിഷയത്തില്‍ നിലവില്‍ കൈക്കൊള്ളുന്ന നടപടികള്‍ രാഷ്ട്രീയ പ്രേരിതമല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. തന്റെ ഈഗോ തൃപ്തിപ്പെടുത്താനല്ല നടപടികള്‍. സര്‍വകലാശാലകളുടെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ആശങ്കയുണ്ട്. ഇതാണ് നടപടികള്‍ക്ക് പ്രേരണയെന്നുമാണ് ഗവര്‍ണറുടെ വിശദീകരണം.

logo
The Fourth
www.thefourthnews.in