'കക്കുകളി' 
നിരോധിക്കണമെന്ന്
കെസിബിസി; ക്രൈസ്തവ വിശ്വാസികളെ അപമാനിക്കുന്ന നാടകമെന്ന് സർക്കുലർ

'കക്കുകളി' നിരോധിക്കണമെന്ന് കെസിബിസി; ക്രൈസ്തവ വിശ്വാസികളെ അപമാനിക്കുന്ന നാടകമെന്ന് സർക്കുലർ

നാടകത്തിനെതിരെ ഇടവകകളിൽ പ്രതിഷേധം സംഘടിപ്പിക്കാനും കളക്ട്രേറ്റ് മാർച്ച് നടത്താനും തൃശ്ശൂർ അതിരൂപത

'കക്കുകളി' എന്ന നാടകം ക്രൈസ്തവ വിരുദ്ധ ഉള്ളടക്കം കൊണ്ട് വിശ്വാസികളെ അപമാനിക്കുകയാണെന്ന ആരോപണവുമായി കെസിബിസി രംഗത്ത്. സാംസ്‌കാരിക കേരളത്തിന് നാടകം ഒരു അപമാനമാണെന്ന് പറഞ്ഞ അതിരൂപത നാടകം നിരോധിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

'കക്കുകളി' 
നിരോധിക്കണമെന്ന്
കെസിബിസി; ക്രൈസ്തവ വിശ്വാസികളെ അപമാനിക്കുന്ന നാടകമെന്ന് സർക്കുലർ
കക്കുകളി വിവാദം: വിലക്ക് ശരിയല്ലെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിൽ കൈകടത്തരുതെന്നും ഫ്രാൻസിസ് നൊറോണ

നാടകത്തിനും സാഹിത്യരചനകള്‍ക്കും എക്കാലവും വ്യക്തമായ സാമൂഹിക പ്രസക്തിയുണ്ട്. തിരുത്തലുകള്‍ക്കും പരിവര്‍ത്തനങ്ങള്‍ക്കും സാമൂഹിക ഉന്നമനത്തിനും വഴിയൊരുക്കിയ ചരിത്രവും അവയ്ക്കുണ്ട്. എന്നാല്‍, ആ ചരിത്രത്തെ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് അത്യന്തം അവഹേളനപരമായ ഉള്ളടക്കങ്ങളുള്ളതും ചരിത്രത്തെ അപനിര്‍മ്മിക്കുന്നതുമായ സൃഷ്ടികളെ മഹത്വവല്‍ക്കരിക്കുന്നത് അംഗീകരിക്കാനാവില്ല.സര്‍ക്കാര്‍ സംവിധാനങ്ങളുടെ സംരക്ഷണയില്‍ കഴിയുന്നതിനേക്കാള്‍ പതിന്മടങ്ങ് അനാഥരും രോഗികളും വൃദ്ധരും കത്തോലിക്കാ സന്യാസിനിമാരാല്‍ രാജ്യത്ത് സംരക്ഷിക്കപ്പെടുന്നുണ്ട്.

ഇത്തരത്തില്‍ അതുല്യമായ സേവനങ്ങൾ ചെയ്യുന്ന സന്യാസ സമൂഹങ്ങളുടെയും പതിനായിരക്കണക്കിന് സന്യാസിനിമാരുടെയും ആത്മവിശ്വാസത്തിനും ആത്മാഭിമാനത്തിനും വിലപറയുന്ന 'കക്കുകളി' എന്ന നാടകത്തിന് സംസ്ഥാന സര്‍ക്കാരിൻ്റെ അന്തര്‍ദേശീയ നാടക മേളയില്‍ സ്ഥാനം ലഭിച്ചതും കമ്യൂണിസ്റ്റ് സംഘടനകള്‍ ഈ നാടകത്തിന് വൻ പ്രചാരം നൽകുന്നതും അത്യന്തം അപലപനീയമാണ്. അതിനാൽ, ഇത്തരം വികലമായ സൃഷ്ടികൾ നിരുത്സാഹപ്പെടുത്തണം.അതിനാൽ, അടിയന്തിരമായി ഈ നാടകത്തിൻ്റെ പ്രദര്‍ശനം നിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം, കെസിബിസി സർക്കുലറിൽ വ്യക്തമാക്കി.

നാടകത്തിനെതിരെ ആദ്യം പ്രതിഷേധം ഉയർത്തിയത് തൃശ്ശൂർ അതിരൂപതയാണ്. ക്രൈസ്തവ വിശ്വാസത്തെയും സ്ഥാപനങ്ങളെയും പൊതുസമൂഹത്തിന് മുമ്പിൽ അപഹാസ്യമായി ചിത്രീകരിക്കുന്നെന്ന് ആരോപിച്ച് പ്രതിഷേധറാലി സംഘടിപ്പിക്കാനൊരുങ്ങുകയാണ് തൃശ്ശൂർ അതിരൂപത.കുർബാധമധ്യേ പള്ളികളിൽ സർക്കുലർ വായിക്കാനും തിങ്കളാഴ്ച കളക്ട്രേറ്റ് മാർച്ച് നടത്താനും അതിരൂപത ആഹ്വാനം ചെയ്തിട്ടുണ്ട്.

അതേസമയം, കെസിബിസിയുടെ സർക്കുലറിനെതിരെ പ്രതിഷേധവുമായി 'നാടക്' കമ്മിറ്റി രംഗത്തെത്തി. നാടകത്തിനെതിരെ തെരുവിലിറങ്ങാൻ അനുയായികളെ ആഹ്വാനം ചെയ്തു കൊണ്ടുള്ള തൃശ്ശൂർ അതിരൂപതയുടെ ഇടയലേഖനം കലയ്ക്കും കേരളീയ സാമൂഹ്യാവബോധത്തിനും എതിരെയുള്ള വെല്ലുവിളിയാണ്. നാടിൻ്റെ സമാധാന ജീവിതാന്തരീക്ഷത്തെ നാടകത്തിൻ്റെ പേരിൽ തകർക്കുവാനുള്ള മതതീവ്രവാദത്തെ എന്തു വിലകൊടുത്തും പരാജയപ്പെടുത്തേണ്ടത് പൗരബോധമുള്ള ജനങ്ങളുടെ ഉത്തരവാദിത്തമാണെന്നും കേരളീയ സമൂഹം ഇതിനെതിരെ പ്രതികരിക്കണമെന്നും 'നാടക്' പ്രസ്താവനയിൽ പറയുന്നു.

logo
The Fourth
www.thefourthnews.in