എച്ച്ഐവി വിമുക്ത കേരളം ലക്ഷ്യമിട്ട് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി

എച്ച്ഐവി വിമുക്ത കേരളം ലക്ഷ്യമിട്ട് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി

2025 ല്‍ 95:95:95 എന്ന നേട്ടം കൈവരിക്കാനാണ് കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ലക്ഷ്യമിടുന്നത്

എച്ച്‌ഐവിയെ സംബന്ധിച്ച് പല മിഥ്യാ ധാരണകളും സമൂഹത്തിലുണ്ട്. ചികിത്സയില്ലാത്ത അസുഖമാണ് എച്ച്ഐവി എന്നും, രോഗിയെ കണുന്നതോ തൊടുന്നതോ ഒരുമിച്ച് ഒരു മുറിയില്‍ തങ്ങിയാലോ അസുഖം പകരും എന്നൊക്കെയുള്ള അബദ്ധ ധാരണകള്‍ എച്ച്‌ഐവിയുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കാര്യക്ഷമമായ ചികിത്സ ഉറപ്പാക്കികൊണ്ട് 2025 ഓടെ രോഗികളുടെ എണ്ണത്തില്‍ കുറവ് വരുത്താനായുള്ള പ്രവര്‍ത്തനങ്ങളാണ് കേരള സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ആവിഷ്കരിച്ചിരിക്കുന്നത്.

95:95:95 എന്ന പുതിയ യജ്ഞത്തിലൂടെ 2022 ല്‍ എച്ച്‌ഐവി തുടച്ചു നീക്കാനുള്ള പദ്ധതിയാണ് കേരള സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ആരംഭിച്ചിരിക്കുന്നത്. എച്ച്‌ഐവി നേരത്തെ തിരിച്ചറിയുന്നതിനായുള്ള ടെസ്റ്റിങ് സംവിധാനമാണ് കെഎസ്എസിഎസ് ഒരുക്കുന്നത്. കുറഞ്ഞ ചെലവിലും വേഗത്തിലുമുള്ള ടെസ്റ്റിംഗ് സംവിധാനത്തിലൂടെ എയ്ഡ്‌സ് തിരിച്ചറിയുന്നതിനും സര്‍ക്കാര്‍ ചെലവില്‍ ചികിത്സ ഉറപ്പാക്കുന്നതിനുമായാണ് പദ്ധതി.

2025=95:95:95

എച്ച്‌ഐവി അണുബാധിതരിലെ 95 ശതമാനം ആളുകളും അവരുടെ എച്ച്‌ഐവി അവസ്ഥ തിരിച്ചറിയുക. 95 ശതമാനം രോഗികളേയും ആര്‍ട്ട് ചികിത്സയ്ക്ക് വിധേയരാക്കുക. ചികിത്സ എടുക്കുന്നവരിലെ 95 ശതമാനം ആളുകളും ചികിത്സ തുടരുകയും വൈറല്‍ ലോഡ് കുറയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യം കൈവരിക്കാനാണ് ശ്രമിക്കുന്നത്.

എയ്ഡ്സ് പ്രതിരോധത്തില്‍ 66% വിജയം കൈവരിക്കാന്‍ മാത്രമേ ഇത് വരെ കേരളത്തിന് സാധിച്ചിട്ടുള്ളൂ. ഇത് ദേശീയ ശരാശരിയേക്കാള്‍ വളരെ പിന്നിലാണ്. എച്ച്‌ഐവി അണുബാധയ്ക്ക് സാധ്യതയുള്ള എല്ലാവരേയും പരിശോധനയ്ക്ക് വിധേയമാക്കി, പരമാവധി ആളുകളുടെ എച്ച്ഐവി അവസ്ഥ മനസ്സിലാക്കുകയും അവരില്‍ അണുബാധിതരായവര്‍ക്ക് ഫലപ്രദമായ ചികിത്സ ഉറപ്പാക്കുകയും ചെയ്യുക വഴി എയ്ഡ്സ് പകരുന്നത് കുറയ്ക്കുകയാണ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ലക്ഷ്യമിടുന്നത് .

എച്ച്‌ഐവി തിരിച്ചറിയാന്‍ വൈകുന്നതാണ് രോഗത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്ന പ്രധാന ഘടകം. എച്ച്‌ഐവിയെ സംബന്ധിച്ചുള്ള അജ്ഞത, അണുബാധിതരോടുള്ള വിവേചനം, അവഗണന ,എച്ച്‌ഐവി പരിശോധനയെ പറ്റിയുള്ള ശരിയായ അറിവില്ലായ്മ, എച്ച്ഐവി പിടിപെടാന്‍ സാധ്യതയില്ലെന്ന മുന്‍വിധി എന്നിവയെല്ലാം എച്ച്ഐവി പരിശോധനയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. എച്ച്‌ഐവി ബാധിച്ചുകഴിഞ്ഞാല്‍ ഏഴ് വര്‍ഷത്തോളം യാതൊരു ലക്ഷണങ്ങളും ഉണ്ടാവില്ല. അതുകൊണ്ട് തന്നെ രോഗം വരാന്‍ സാധ്യതയുള്ളവർ സ്വയം പരിശോധനയ്ക്ക് വിധേയരാവേണ്ടതുണ്ട്.

എച്ച്ഐവി പരിശോധനയ്ക്ക് വിധേയരാവേണ്ടവര്‍

  • സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍

  • അണുബാധിതരുടെ ലൈംഗിക പങ്കാളികള്‍

  • ഒന്നിലധികം ലൈംഗിക പങ്കാളികള്‍ ഉള്ളവര്‍, ക്ഷയരോഗ ബാധിതര്‍

  • മയക്കുമരുന്ന് ഇഞ്ചക്ട് ചെയ്ത് ഉപയോഗിക്കുന്നവര്‍

  • ഗര്‍ഭിണികള്‍

  • എച്ച്ഐവി സ്ഥിരീകരിച്ച സ്ത്രീകള്‍ക്ക് ജനിച്ച കുഞ്ഞുങ്ങള്‍

  • ലൈംഗികാതിക്രമം നേരിട്ടിട്ടുള്ളവര്‍

  • ഹെപ്പറ്റൈറ്റിസ് ബി/സി ബാധിതര്‍

  • സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെടുന്ന പുരുഷന്‍മാര്‍

  • പച്ചകുത്തിയിട്ടുള്ളവര്‍

എച്ച്‌ഐവി, എയ്ഡ്‌സ് (പ്രിവന്‍ഷന്‍ & കണ്‍ട്രോള്‍) ആക്ട്, 2017

എച്ച്ഐവി, എയ്ഡ്സ് വ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനും, രോഗം ബാധിച്ചവരുടെ മനുഷ്യാവകാശങ്ങളും നിയമപരമായ അവകാശങ്ങളും ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് എച്ച്‌ഐവി, എയ്ഡ്‌സ് (പ്രിവന്‍ഷന്‍ & കണ്‍ട്രോള്‍) ആക്ട്, 2018 സെപ്റ്റംബര്‍ 10-ന് പ്രാബല്യത്തില്‍ വന്നത്. എച്ച്‌ഐവി, എയ്ഡ്‌സ് എന്നിവയുള്ള ആളുകള്‍ക്ക് ആര്‍ട്ട് (ചികിത്സാ രീതി) രോഗനിര്‍ണയ സംവിധാനങ്ങള്‍ ലഭ്യമാക്കിക്കൊടുക്കാനും സംസ്ഥാന തലത്തില്‍ ഓംബുഡ്സ്മാന്‍ സംവിധാനവും പരാതികള്‍ അറിയിക്കുന്നതിന് പ്രത്യേക സംവിധാനങ്ങളും നിയമം ഉറപ്പു നല്‍കുന്നുണ്ട്. എച്ച്ഐവി നിര്‍മാര്‍ജനം ഒരു വികസന പ്രശ്‌നമായി കണക്കിലെടുത്താണ് കെഎസ്എസിഎസ് (കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ഡ്രോള്‍ സൊസൈറ്റി) മുന്നോട്ട് പേകുന്നത്.

സാമൂഹ്യ ജീവിതത്തെ താളം തെറ്റിക്കുന്ന രോഗമാണ് എയ്ഡ്സ്. എച്ച്ഐവി അണുബാധ മൂലം അനാഥരാവുന്ന കുട്ടികള്‍ , വിധവകളാവുന്ന സ്ത്രീകള്‍, തൊഴിലില്ലായ്മ ,ദാരിദ്ര്യം തുടങ്ങിയവയാണ് രോഗത്തിന്റെ ഏറ്റവും അപകടകരമായ അവസ്ഥ. സമൂഹത്തിന്റെ അവഗണന രോഗത്തെ ഒരു സാമൂഹിക പ്രശ്‌നമായി മാറ്റുന്നുണ്ട്. പുതിയ യജ്ഞത്തിലൂടെ നാല് വര്‍ഷത്തിനുള്ളില്‍ എയ്ഡ്‌സിന്‍റെ വ്യാപനം ഗണ്യമായി കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കെഎസ്എഎസ് പ്രതീക്ഷിക്കുന്നത്.

logo
The Fourth
www.thefourthnews.in