പ്രതിഷേധിക്കാനുറച്ച് പ്രതിപക്ഷം, പ്രതിരോധം തീർക്കാൻ സർക്കാർ; നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

പ്രതിഷേധിക്കാനുറച്ച് പ്രതിപക്ഷം, പ്രതിരോധം തീർക്കാൻ സർക്കാർ; നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

മിത്ത് വിവാദം ഉൾപ്പെടെ ചൂടേറിയ രാഷ്ട്രീയ വിഷയങ്ങൾ സഭാ സമ്മേളനത്തിൽ ചർച്ചയാകും

പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 24 വരെ സഭാ സമ്മേളനം നീളും. ആദ്യദിനമായ ഇന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മറ്റ് നടപടികളിലേക്ക് കടക്കാതെ സഭ പിരിയും. ചൊവ്വാഴ്ച മുതലാണ് സഭ അതിന്റെ കൃത്യമായ നടപടിക്രമങ്ങളിലേക്ക് കടക്കുക. 53 വര്‍ഷത്തിനിടെ ഉമ്മന്‍ ചാണ്ടിയില്ലാതെ ആദ്യമായാണ് നിയമസഭ സമ്മേളിക്കുന്നത്.

സ്പീക്കർ എ എൻ ഷംസീറിന്റെ ഗണപതി പരാമർശവും പിന്നാലെ ഉയർന്നു വന്ന മിത്ത് വിവാദവും ചൂടുപിടിച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് സഭ സമ്മേളിക്കുന്നത്. സ്പീക്കറുടെ വിവാദ പരാമർശവും ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട വിഷയവും പരോക്ഷമായി ഉന്നയിക്കാനാണ് പ്രതിപക്ഷം ആലോചിക്കുന്നത്. ഇക്കാര്യത്തിൽ ഇന്ന് ചേരുന്ന യുഡിഎഫ് പാർലമെന്ററി പാർട്ടിയോഗം തീരുമാനമെടുക്കും. മിത്ത് വിവാദം സഭയിൽ ഉന്നയിച്ചില്ലെങ്കിൽ എൻഎസ്എസിന്റെ അപ്രീതി ഉണ്ടാകുമെന്ന ഭയം കോൺഗ്രസിനുമുണ്ട്. അതുകൊണ്ട് വിഷയത്തിൽ കരുതലോടെയാകും ഇടപെടൽ.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനം ഉള്ളത്. ഈ വിഷയവുമായി പ്രധാനമായും സർക്കാരിനെതിരെ പ്രതിപക്ഷം ഉയർത്തികാണിക്കുക. സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും സർക്കാർ ആഡംബരങ്ങൾക്ക് കുറവ് വരുത്തുന്നില്ല എന്നുള്ളതാണ് പ്രതിപക്ഷത്തിന്റെ പ്രധാന വിമർശനം.

ഓണക്കാലത്തെ വിലക്കയറ്റം, സ​പ്ലൈ​കോ​യി​ലെ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ലഭ്യതകുറവ് ഉൾപ്പെടെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കുട്ടികൾക്കും സ്ത്രീകൾക്കും എതിരെയുള്ള അക്രമങ്ങൾ തുടർക്കഥയാകുന്ന സാഹചര്യവും ഡൽഹിയിലെ ട്രാവൻകൂർ പാലസിന്റെ ഉദ്ഘാടനവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രതിപക്ഷമുയർത്തും. മദ്യവർജനമാണ് നയം എന്ന് പറയുമ്പോഴും ബാറുകളും ഷാപ്പുകളും അനുവദിക്കുന്ന സർക്കാരിന്റെ നിലപാടിനെതിരെ വിമർശനം ശക്തമാണ്. ഇക്കാര്യത്തിൽ പൊതുസമൂഹത്തിനുള്ള ആശങ്ക കൂടി പ്രതിപക്ഷം സഭയിൽ ഉന്നയിക്കുന്നുണ്ട്.

നിലവിലെ അഴിമതി ആരോപണങ്ങൾ വീണ്ടും സർക്കാരിനെതിരെ ഉന്നയിക്കും. ഉന്നത വിദ്യാഭ്യാസമേഖലയിൽ എസ്എഫ്ഐ യുമായി ബന്ധപ്പെട്ടും മന്ത്രി ആർ ബിന്ദുവുമായി ബന്ധപ്പെട്ട ആരോപണങ്ങളും സഭയെ പ്രക്ഷുബ്ധമാക്കും

പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ ചെറുക്കാനുള്ള തന്ത്രങ്ങളുമായി ഭരണപക്ഷം സഭയിലെത്തുമ്പോൾ കഴിഞ്ഞ സമ്മേളന കാലയളവുപോലെ ഭരണ - പ്രതിപക്ഷ ഏറ്റുമുട്ടലിന് കളമൊരുങ്ങുമെന്ന കാര്യത്തിൽ സംശയമില്ല. സ്പീക്കർ ഷംസീറിന്റെ ഗണപതി പരാമർശത്തിൽ സംഘപരിവാർ അജണ്ട കോൺഗ്രസ് നടപ്പിലാക്കുകയാണെന്ന് പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് ഭരണപക്ഷം മറുപടി നല്‍കും. ജനങ്ങൾക്കിടയിൽ ശാസ്ത്രബോധം വളർത്തുകയെന്ന നെഹ്റുവിന്റെ നിലപാടാണ് ഷംസീർ പ്രാവർത്തികമാക്കിയതെന്നാണ് ഭരണപക്ഷത്തിന്റെ വാദം.

ഉമ്മൻചാണ്ടി മരിച്ച് ദിവസങ്ങൾക്കുള്ളിൽ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്ക് തുടക്കമിട്ട കെപിസിസി അധ്യക്ഷന്റെ രാഷ്ട്രീയ ഔചിത്യം ഭരണപക്ഷം പ്രതിപക്ഷത്തിനെതിരെ ആയുധമാക്കും. അച്ചു ഉമ്മൻ കാണിച്ച പക്വത പോലും കെപിസിസി അധ്യക്ഷൻ കാണിച്ചില്ലെന്ന തരത്തിലാകും ഭരണപക്ഷം വിമർശനം.

സുപ്രധാനമായ ബില്ലുകള്‍ ഈ സമ്മേളന കാലയളവിൽ സഭയുടെ പരിഗണനയ്ക്ക് വരും.കേരള സഹകരണ സംഘം ഭേദഗതി ബില്‍, ശമ്പളവും ആനുകൂല്യങ്ങളും ഭേദഗതി ബില്‍, കേരള മോട്ടോര്‍ തൊഴിലാളി ന്യായ വേതന ഭേദഗതി ബില്‍, ശ്രീ പണ്ടാരവക ഭൂമി ഭേദഗതി ബില്‍, കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ഭേദഗതി ബില്‍, കേരള പബ്‌ളിക് സര്‍വീസ് കമ്മിഷന്‍ ഭേദഗതി ബില്‍, അബ്‌കാരി ഭേദഗതി ബില്‍, കേരള മെഡിക്കല്‍ വിദ്യാഭ്യാസ ഭേദഗതി ബില്‍, ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ് ഭേദഗതി ബില്‍, ഇന്ത്യന്‍ പങ്കാളിത്ത ഭേദഗതി ബില്‍ എന്നീ സുപ്രധാന ബില്ലുകളാണ് പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനത്തിൽ പരിഗണിക്കുന്നത്.

കേരള ലൈവ് സ്റ്റോക്ക് ആന്‍ഡ് പൗള്‍ട്രി ഫീഡ് ആന്‍ഡ് മിനറല്‍ മിക്‌സ്‌ചര്‍ ബില്‍, കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബില്‍ എന്നീ സെലക്‌ട് കമ്മിറ്റിയുടെ പരിഗണനയിലുള്ള ബില്ലുകളും പരിഗണണയിൽ വരും. ആശുപത്രികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമെതിരായ അതിക്രമം തടയുന്നതിന് കൊണ്ടു വന്ന ഓര്‍ഡിനന്‍സിനു പകരമുള്ള ബിൽ, കേരള നികുതി ഭേദഗതി ഓര്‍ഡിനന്‍സിനു പകരമുള്ള ബിൽ എന്നിവയും ഈ സമ്മേളന കാലയളവിൽ പരിഗണിക്കും.

logo
The Fourth
www.thefourthnews.in