വിദേശ മദ്യവും ബിയറും സംസ്ഥാനത്ത് തന്നെ നിര്‍മിക്കും, ബാർ ലൈസൻസ് ഫീസ് കൂട്ടി; പുതിയ മദ്യനയത്തിന് അംഗീകാരം

വിദേശ മദ്യവും ബിയറും സംസ്ഥാനത്ത് തന്നെ നിര്‍മിക്കും, ബാർ ലൈസൻസ് ഫീസ് കൂട്ടി; പുതിയ മദ്യനയത്തിന് അംഗീകാരം

പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് സ്പിരിറ്റ് ഉത്പാദനം പ്രോത്സാഹിപ്പിക്കും

സംസ്ഥാനത്ത് പുതിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. കള്ള് ഷാപ്പുകള്‍ക്ക് മുൻതൂക്കം നൽകുന്നതാണ് പുതിയ മദ്യനയം. സംസ്ഥാനത്ത് മദ്യ ഉത്പാദനം കൂട്ടാനും വിദേശ മദ്യവും ബിയറും പരമാവധി കേരളത്തിൽ തന്നെ ഉത്പാദിപ്പിക്കാനുള്ള സംവിധാനം ഒരുക്കുമെന്നും എക്സൈസ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ നിലവിലെ ചട്ടങ്ങളില്‍ ക്രമീകരണം വരുത്താനും ബാര്‍ ലൈസന്‍സ് ഫീസ് 35 ലക്ഷമാക്കി വര്‍ധിപ്പിക്കാനും തീരുമാനമായി.

സംസ്ഥാനത്ത് ലഭ്യമാകുന്ന പഴവര്‍ഗങ്ങളില്‍നിന്ന് വീര്യം കുറഞ്ഞ മദ്യം, വൈന്‍ എന്നിവ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് സ്പിരിറ്റ് ഉത്പാദനം പ്രോത്സാഹിപ്പിക്കും. അതേസമയം ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കില്ല. നേരത്തെ അവധി ഒഴിവാക്കുന്നതിനെതിരെ തൊഴിലാളി സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

വിദേശമദ്യ വില്‍പനയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് പുതിയ മദ്യനയത്തിലെ ക്രമീകരണങ്ങള്‍. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലെ മദ്യ ഉദ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. സംസംസ്ഥാനത്ത് അവശേഷിക്കുന്ന 250 വിദേശ മദ്യ ചില്ലറ വില്‍പന ഷോപ്പുകള്‍ കൂടി തുറന്ന് പ്രവര്‍ത്തിക്കാനുള്ള നടപടി സ്വീകരിക്കും.

ഐടി പാര്‍ക്കുകളില്‍ വിദേശ മദ്യം വിതരണം ചെയ്യുന്നതിന് ചട്ടഭേദഗതി പുരോഗതിയിലാണ്. ഐടി സമാനമായ വ്യവസായ പാര്‍ക്കുകള്‍ക്കും നിശ്ചിത യോഗ്യതയുള്ള സ്ഥലങ്ങളില്‍ മദ്യം വിളമ്പുന്നതിന് ലൈസന്‍സ് അനുവദിക്കുന്നതിന്, വ്യവസായ വകുപ്പുമായി ആലോചിച്ച് ചട്ടം നിര്‍മിക്കുമെന്നും മന്ത്രി അറിയിച്ചു. പാലക്കാടുള്ള മലബാര്‍ ഡിസ്റ്റിലറിയിലെ മദ്യ ഉത്പാദനം ഈ വര്‍ഷം ആരംഭിക്കും. ലഹരിക്ക് അടിമപ്പെടുന്നവര്‍ക്ക് ചികിത്സ നല്‍കുന്ന ഡി അഡിക്ഷന്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ബാര്‍ ലൈസന്‍സ് ഫീസ് 30 ലക്ഷത്തില്‍നിന്ന് 35 ലക്ഷം രൂപയായി വര്‍ധിപ്പിക്കും. സീമെന്‍, മറൈന്‍ ഓഫീസേഴ്സ് എന്നിവര്‍ക്ക് വേണ്ടിയുള്ള ക്ലബ്ബുകളില്‍ മദ്യം വിളമ്പുന്നതിന് വേണ്ടിയുള്ള ലൈസന്‍സ് ഫീസ് അന്‍പതിനായിരത്തില്‍നിന്ന് രണ്ടുലക്ഷമായി ഉയര്‍ത്തും. ബിവറേജസ് കോര്‍പറേഷന്‍ വഴി വില്‍ക്കുന്ന മദ്യക്കുപ്പികളില്‍ ക്യൂ ആര്‍ കോഡ് പതിപ്പിക്കുന്ന നടപടികള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കി മദ്യവിതരണത്തില്‍ സുതാര്യത ഉറപ്പാക്കും.

കള്ളിനെ പ്രകൃതിജന്യവും പരമ്പരാഗതവുമായ തനത് ലഹരി പാനീയമായി അവതരിപ്പിക്കും. വിദേശ വിനോദ സഞ്ചാരികളെ ഉള്‍പ്പടെ ആകര്‍ഷിക്കുന്ന തരത്തില്‍ കള്ളുഷാപ്പുകള്‍ പരിഷ്‌കരിച്ച് കേരളത്തിന്റെ തനത് ഭക്ഷണവും ശുദ്ധമായ കള്ളും ലഭ്യമാകുന്ന സ്ഥാപനങ്ങളാക്കി മാറ്റാനും പദ്ധതിയുണ്ട്. കള്ളുചെത്തി ഒരു ജില്ലയില്‍നിന്ന് മറ്റൊരു ജില്ലയിലേക്ക് കൊണ്ടുപോകുന്നതിന് ട്രാക്ക് ആന്‍ഡ് ട്രേസ് സംവിധാനം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

കള്ള് ഉത്പാദനം കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്ലാന്റേഷന്‍ അടിസ്ഥാനത്തിലും പ്രോത്സാഹിപ്പിക്കുകയും കേരളാ ടോഡി എന്ന പേരില്‍ കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന കള്ള് ബ്രാന്‍ഡ് ചെയ്യാനും മദ്യനയം വ്യവസ്ഥ ചെയ്യുന്നുണ്ട്. മൂന്ന് സ്റ്റാര്‍ ക്ലാസിഫിക്കേഷനോ അതിന് മുകളിലോ ഉള്ള ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും കള്ള് ഉത്പാദിപ്പിച്ച്, അതിഥികള്‍ക്ക് നല്‍കുന്നതിന് അനുവാദം നല്‍കും.

logo
The Fourth
www.thefourthnews.in