സില്‍വര്‍ ലൈന്‍:  സാമൂഹിക ആഘാതപഠനം കേന്ദ്രാനുമതിക്ക് ശേഷം; ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച് സര്‍ക്കാര്‍

സില്‍വര്‍ ലൈന്‍: സാമൂഹിക ആഘാതപഠനം കേന്ദ്രാനുമതിക്ക് ശേഷം; ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച് സര്‍ക്കാര്‍

ജീവനക്കാരെ അടിയന്തര പ്രാധാന്യത്തോടുകൂടി സര്‍ക്കാര്‍ നടത്തുന്ന മറ്റ് പദ്ധതികളിലേക്ക് പുനര്‍വിന്യസിക്കുന്നതിനുള്ള നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്കായി സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ച് റവന്യൂ വകുപ്പ്. സില്‍വര്‍ലൈന്‍ പദ്ധതിയ്ക്കാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് വേണ്ടി സാമൂഹികാഘാത പഠനത്തിനും സര്‍വേയ്ക്കുമായി നിയോഗിച്ചിരുന്ന റവന്യൂ ഉദ്യോഗസ്ഥരെയാണ് തിരിച്ച് വിളിച്ചത്. സംസ്ഥാന വ്യാപക പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ചത്. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വന്നതിനുശേഷം ജീവനക്കാരെ നിയോഗിക്കാമെന്നാണ് സര്‍ക്കാര്‍ തീരുമാനം.

ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് വേണ്ടി സാമൂഹികാഘാത പഠനത്തിനും സര്‍വേയ്ക്കുമായി നിയോഗിച്ചിരുന്ന റവന്യൂ ഉദ്യോഗസ്ഥരെയാണ് തിരിച്ച് വിളിച്ചത്

സര്‍വേ നടപടികള്‍ക്കായി ഓരോ യൂണിറ്റിലും 15 ഉദ്യോഗസ്ഥര്‍ വീതമാണുണ്ടായിരുന്നത്. ഇത്തരത്തില്‍ സംസ്ഥാനത്ത് വിവിധ യൂണിറ്റുകളിലായി 200 ലേറെ ഉദ്യോഗസ്ഥര്‍ പദ്ധതിയുടെ സ്ഥലമേറ്റെടുപ്പിനായി നിയോഗിക്കപ്പെട്ടിരുന്നു. ഈ ജീവനക്കാരെ അടിയന്തര പ്രാധാന്യത്തോടുകൂടി സര്‍ക്കാര്‍ നടത്തുന്ന മറ്റ് പദ്ധതികളിലേക്ക് പുനര്‍വിന്യസിക്കുന്നതിനുള്ള നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി വിവിധ വില്ലേജുകളിലെ 1221 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹികാഘാത പഠനം പുരോഗമിക്കവേയാണ് നടപടി.

കെ റെയിൽ പദ്ധതി ഉപേക്ഷിച്ചുവെങ്കിൽ നല്ല കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

അതേസമയം, കേന്ദ്രാ അനുമതി ലഭിച്ചാൽ സിൽവർ ലൈൻ പദ്ധതി മുന്നോട്ട് കൊണ്ട് പോകുമെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. പദ്ധതിയ്ക്ക് കാല താമസം ഉണ്ടാകാതിരിക്കാനാണ് നേരത്തെ മുന്നൊരുക്കം നടത്തിയത് പി രാജീവ് വ്യക്തമാക്കി.

എന്നാല്‍, കെ റെയിൽ പദ്ധതി ഉപേക്ഷിച്ചുവെങ്കിൽ നല്ല കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. ഇല്ലെങ്കിൽ ഇനിയും സമരം നേരിടേണ്ടി വരും. സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നും പുറകോട്ട് പോയത് ജാള്യത മറയ്ക്കാനാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് മെയ് പകുതിയോടെയാണ് സില്‍വര്‍ലൈന്‍ സര്‍വ്വേക്ക് വേണ്ടി കുറ്റിയിടല്‍ അവസാനിപ്പിച്ചത്

അതേസമയം, 2020 ജൂണില്‍ സില്‍വര്‍ ലൈന്‍ ഡി പി ആര്‍ സമര്‍പ്പിച്ചിട്ടും കേന്ദ്രാനുമതിയില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല. കേന്ദ്രാനുമതിക്ക് ശേഷം മതി ഇനി തുടര്‍ പ്രവര്‍ത്തനങ്ങള്‍ എന്നാണ് നിലവിലെ ധാരണ. തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് മെയ് പകുതിയോടെയാണ് സില്‍വര്‍ലൈന്‍ സര്‍വ്വേക്ക് വേണ്ടി കുറ്റിയിടല്‍ അവസാനിപ്പിച്ചത്.

അന്തിമാനുമതിക്കു മുന്നോടിയായി, ഡിപിആറില്‍ കേന്ദ്ര റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട വിശദാംശങ്ങള്‍ കെ റെയില്‍ കോര്‍പറേഷന്‍, ദക്ഷിണ റെയില്‍വേ അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട ഹൈഡ്രോളജിക്കല്‍ പഠനം, സമഗ്ര പാരിസ്ഥിതിക ആഘാത പഠനം, കണ്ടല്‍ക്കാടുകളുടെ സംരക്ഷണം, തീരദേശ പരിപാലനം തുടങ്ങിയ വിവിധ പഠനങ്ങള്‍ വിവിധ ഏജന്‍സികള്‍ പൂര്‍ത്തിയാക്കി വരികയായിരുന്നു.

logo
The Fourth
www.thefourthnews.in