ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചാൽ ഇനി കർശന ശിക്ഷ; ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു

ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചാൽ ഇനി കർശന ശിക്ഷ; ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു

ആശുപത്രിയിൽ വരുത്തുന്ന നാശനഷ്ടങ്ങൾക്ക് ആറ് ഇരട്ടി വരെ പിഴയീടാക്കും.

ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ ഇനിമുതൽ കർശന ശിക്ഷ. ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസിന് ഗവർണറുടെ അംഗീകാരം. കഴിഞ്ഞദിവസം മന്ത്രിസഭാ യോഗം അംഗീകരിച്ച ആശുപത്രി സംരക്ഷണ ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടർ വന്ദനാദാസിന്റെ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ആശുപത്രി സംരക്ഷണ നിയമം കൊണ്ടുവരണം എന്ന ആവശ്യം ഡോക്ടർമാരുള്‍പ്പെടെ ശക്തമാക്കിയിരുന്നു.

ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ ഏഴു വർഷം വരെയാണ് പരമാവധി ശിക്ഷ ലഭിക്കുന്ന നിലയിലാണ് നിയമത്തില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. ആരോഗ്യ കേന്ദ്രങ്ങളിലെ അതിക്രമങ്ങളിൽ ആറ് മാസവും കുറഞ്ഞ ശിക്ഷ ലഭിക്കും. നിയമ ഭേദഗതിയില്‍ ഗവർണർ ഒപ്പിട്ടതോടെ ആശുപത്രി സംരക്ഷണ നിയമം നടപ്പാക്കണം എന്ന ഡോക്ടർമാരുടെ വർഷങ്ങളായുള്ള ആവശ്യത്തിനാണ് പരിഹാരമാകുന്നത്.

ആശുപത്രിയിൽ വരുത്തുന്ന നാശനഷ്ടങ്ങൾക്ക് ആറ് ഇരട്ടി വരെ പിഴയീടാക്കും. നഴ്സിങ് കോളജുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ വിദ്യാഭ്യാസ കേന്ദ്രങ്ങളും ആശുപത്രി സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരും. ഡോക്ടർമാരുടെയും ഹൗസ്‌ സർജന്മാരുടെയും സംഘടനകൾ മുന്നോട്ടുവച്ച ആവശ്യങ്ങളും പൊതുസാഹചര്യവും വിലയിരുത്തിയുള്ള നിർദേശങ്ങളാണ് ഓർഡിനൻസിന്റെ ഭാഗമാകുന്നത്.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in