പോലീസിനോട് ക്ഷുഭിതനായി ഗവര്‍ണര്‍; കാലിക്കറ്റ് സര്‍വകലാശാലയിലെ എസ്എഫ്‌ഐ ബാനര്‍ അഴിപ്പിച്ചു

പോലീസിനോട് ക്ഷുഭിതനായി ഗവര്‍ണര്‍; കാലിക്കറ്റ് സര്‍വകലാശാലയിലെ എസ്എഫ്‌ഐ ബാനര്‍ അഴിപ്പിച്ചു

തന്റെ നിര്‍ദേശത്തിന് പോലീസ് വിലകല്‍പിക്കാത്തതില്‍ മലപ്പുറം എസ്പി അടക്കമുള്ളവരെ ഗവര്‍ണര്‍ പരസ്യമായി ശാസിക്കുകയും ചെയ്തു

കാലിക്കറ്റ് സര്‍വകലാശാല ക്യാംപസില്‍ തനിക്കെതിരേ വിദ്യാര്‍ഥി സംഘടനയായ എസ്എഫ്ഐ ഉയര്‍ത്തിയ പ്രതിഷേധ ബാനറുകള്‍ അഴിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബാനര്‍ നീക്കണമെന്ന തന്റെ ആവശ്യം അനുസരിക്കാത്തതില്‍ പോലീസിനോടു ക്ഷുഭിതനായ ഗവര്‍ണര്‍ രാത്രിയോടെ ക്യാംപസില്‍ ഇറങ്ങി പോലീസിനെക്കൊണ്ടു തന്നെ ബാനറുകള്‍ അഴിപ്പിച്ചു മാറ്റിക്കുകയായിരുന്നു. തന്റെ നിര്‍ദേശത്തിന് പോലീസ് വിലകല്‍പിക്കാത്തതില്‍ മലപ്പുറം എസ്പി അടക്കമുള്ളവരെ ഗവര്‍ണര്‍ പരസ്യമായി ശാസിക്കുകയും ചെയ്തു.

ഇന്ന് രാവിലെയാണ് സര്‍വകലാശാലാ ക്യാംപസിനുള്ളില്‍ എസ്എഫ് സ്ഥാപിച്ച സകല ബാനറുകളും നീക്കം ചെയ്യാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. ക്യാംപസിന്റെ ഗെയിറ്റ് മുതല്‍ അകത്തേക്ക് ഗവര്‍ണര്‍ക്കെതിരായ മുദ്രാവാക്യങ്ങള്‍ നിറച്ച് നിരവധി ബാനറുകളും പോസ്റ്ററുകളുമാണ് എസ്എഫ്ഐ സ്ഥാപിച്ചിരുന്നത്. 'സംഘി ചാന്‍സലര്‍ വാപ്പസ് ജാവോ, ചാന്‍സലര്‍ ഗോ ബാക്ക്, മിസ്റ്റര്‍ ചാന്‍സലര്‍, യൂ ആര്‍ നോട്ട് വെല്‍കം ഹിയര്‍' എന്നിങ്ങനെ മുദ്രാവാക്യങ്ങളെഴുതിസ്ഥാപിച്ചിരുന്ന പടുകൂറ്റന്‍ ബാനറുകള്‍ കണ്ടതോടെയാണ് ഗവര്‍ണറുടെ നിലതെറ്റിയത്.

തുടര്‍ന്ന് കാറില്‍ നിന്ന് ഇറങ്ങിയ അദ്ദേഹം ക്യംപസ് റോഡിലൂടെ ഇറങ്ങി നടന്ന് ഓരോ ബാനറും വായിച്ചതിനു ശേഷമാണ് നീക്കം ചെയ്യാന്‍ ഉത്തരവിട്ടത്. രാജ്ഭവന്‍ സെക്രട്ടറിയെ ഫോണില്‍ വിളിച്ചാണ് ഗവര്‍ണര്‍ നിദേശം നല്‍കിയത്. ബാനറുകള്‍ കെട്ടാന്‍ അനുവദിച്ചത് എന്തിനാണെന്നും എന്തുകൊണ്ട് അവ നീക്കം ചെയ്തില്ലെന്നു വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറിനോട് വിശദീകരണം തേടണമെന്നും രാജ്ഭവന്‍ സെക്രട്ടറിക്ക് ഗവര്‍നര്‍ നിര്‍ദേശം നല്‍കി.

തുടര്‍ന്ന് ബാനറുകള്‍ എന്തുകൊണ്ടാണ് നീക്കാത്തത് എന്ന് തനിക്ക് സുരക്ഷയൊരുക്കാന്‍ എത്തിയ പോലീസുകാരോട് ആരാഞ്ഞ ഗവര്‍ണര്‍ ഉടന്‍ തന്നെ അവ നീക്കം ചെയ്യാനും ആവശ്യപ്പെട്ടു. എന്നാല്‍ ഗവര്‍ണറുടെ നിര്‍ദേശം പാലിക്കാനാകില്ലെന്നായിരുന്നു പോലീസ് നിലപാട്. ക്യാംപസിനുളളില്‍ സ്ഥാപിച്ചിരിക്കുന്ന ബാനറുകള്‍ നീക്കം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്തം സര്‍വകലാശാല അധികൃതര്‍ക്കാണെന്നും തങ്ങള്‍ക്ക് അതില്‍ റോളൊന്നുമില്ലെന്നുമാണ് പോലീസ് വ്യക്തമാക്കിയത്.

പിന്നീട് വൈകിട്ടോടെ വിശ്രമം കഴിഞ്ഞ് ഗസ്റ്റ് ഹൗസിന് പുറത്തിറങ്ങിയ ഗവര്‍ണര്‍ ബാനര്‍ നീക്കം ചെയ്യാത്തത് കണ്ട് കുപിതനാകുകയായിരുന്നു. ക്യാംപസിലുണ്ടായിരുന്ന മലപ്പുറം പോലീസ് സൂപ്രണ്ടിനെ വിളിച്ചുവരുത്തി ശകാരിച്ച ഗവര്‍ണര്‍ പോലീസിനെക്കൊണ്ട് ബാനര്‍ അഴിപ്പിച്ചു മാറ്റിക്കുകയായിരുന്നു. മുഴുവന്‍ ബാനറും നീക്കം ചെയ്‌തെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ഗവര്‍ണര്‍ പിന്‍വാങ്ങിയത്.

ഗവര്‍ണറെ സര്‍വകലാശാലയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് എസ്എഫ്ഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ ഗവര്‍ണര്‍ എത്തുന്നതിനേത്തുടര്‍ന്ന് ക്യാംപസില്‍ എസ്എഫ്ഐ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയുടെയും സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ക്യാംപസ് കവാടത്തില്‍ കുത്തിയിരുപ്പ് സമരം നടത്തിയ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കിയ ശേഷമാണ് വന്‍ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെ ഗവര്‍ണര്‍ ഇന്നലെ ക്യാംപസില്‍ പ്രവേശിച്ചത്.

logo
The Fourth
www.thefourthnews.in