വി ഡി സതീശന്‍, പി രാജീവ്
വി ഡി സതീശന്‍, പി രാജീവ്

കെൽട്രോൺ ഇടപാടിൽ അന്വേഷണം; സർക്കാരിന് മറച്ചുവയ്ക്കാൻ ഒന്നുമില്ലെന്ന് പി രാജീവ്; മുഖ്യമന്ത്രിക്കും പങ്കെന്ന് വി ഡി സതീശൻ

ടെന്‍ഡര്‍ അടക്കമുള്ള നടപടികള്‍ പരിശോധിക്കുമെന്ന് മന്ത്രി

എ ഐ ക്യാമറ ഇടപാടിൽ കെല്‍ട്രോണിനെതിരെ ഉയര്‍ന്ന ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ടെന്‍ഡര്‍ അടക്കമുള്ള നടപടികള്‍ പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം, എ ഐ ക്യാമറ ഇടപാടിലെ വിജിലന്‍സ് അന്വേഷണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും തട്ടിപ്പിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.

വി ഡി സതീശന്‍, പി രാജീവ്
എ ഐ ക്യാമറ പദ്ധതി സുതാര്യമെന്ന് കെല്‍‌ട്രോണ്‍; ഒരു ക്യാമറയ്ക്ക് ചെലവായത് 9.5 ലക്ഷം രൂപ

ആരോപണങ്ങള്‍ക്കിടയിലും കെല്‍ട്രോണിന് പിന്തുണ പ്രഖ്യാപിച്ചാണ് മന്ത്രി സംസാരിച്ചത്. "കെൽട്രോണിനെ സംബന്ധിച്ച് തെറ്റായ കാര്യങ്ങളാണ് പുറത്തുവരുന്നത്. കേരളത്തിലെ ഏറ്റവും മികച്ച പൊതുമേഖല സ്ഥാപനമാണ് കെല്‍ട്രോണ്‍. പ്രതിരോധ, ഇലക്ടോണിക് മേഖലകളിൽ കെല്‍ട്രോണ്‍ മികച്ച ഇടപെടൽ നടത്തുന്നുണ്ട്. കെൽട്രോണിനെതിരെയല്ല, ഉദ്യോഗസ്ഥനെതിരെയാണ് വിജിലൻസ് അന്വേഷണം. ആക്രമണം കെല്‍ട്രോണിനെ ദുര്‍ബലപ്പെടുത്തും"-മന്ത്രി പറഞ്ഞു.

എ ഐ പദ്ധതിയുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചപ്പോള്‍ തന്നെ വിജിലന്‍സ് അന്വേഷിക്കട്ടെ എന്ന് സര്‍ക്കാര്‍ തീരുമാനിച്ചതാണ്. മാര്‍ച്ചില്‍ അന്വേഷണം നടത്താന്‍ വിജിലന്‍സിന് അനുമതി നല്‍കുകയായിരുന്നു. വിജിലന്‍സ് അന്വേഷണത്തിന് കെല്‍ട്രോണിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും ഇതുമായി ബന്ധപ്പെട്ട പരാതിയിലെ വിജിലൻസ് അന്വേഷണത്തിന് സഹായകമായി ഫയലുകളെല്ലാം കൊടുക്കാൻ നിർദ്ദേശിച്ചതായും മന്ത്രി വ്യക്തമാക്കി.

അതേസമയം, സർക്കാരിന് മറച്ചുവെക്കാൻ ഒന്നുമില്ലെന്നും പദ്ധതിയുടെ ടെണ്ടർ രേഖകൾ പൊതുമധ്യത്തിലുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഉപകരാര്‍ കൊടുത്ത വിവരം കെല്‍ട്രോണ്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ടെണ്ടറുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നിയമപരമായാണ് സര്‍ക്കാര്‍ ചെയ്തതെന്നും മന്ത്രി വിശദീകരിച്ചു. 2013 ല്‍ യുഡിഎഫ് ഭരണകാലത്ത് 100 ക്യാമറ വാങ്ങിയത് 40 കോടിക്കാണ്. ഒരു ക്യാമറയ്ക് 40 ലക്ഷം നല്‍കിയാണ് അന്ന് ക്യാമറ വാങ്ങിയത്. ഈ ക്യാമറക്ക് വേഗത കണ്ടെത്താന്‍ മാത്രമാണ് കണ്ടെത്താന്‍ സാധിച്ചിരുന്നതെന്നും മന്ത്രി ആരോപിച്ചു.

വി ഡി സതീശന്‍, പി രാജീവ്
'എ ഐ ക്യാമറകളുടെ കരാറില്‍ അടിമുടി ദുരൂഹത'; ഇടപാട് പരസ്യപ്പെടുത്തണമെന്ന് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

അതേസമയം എ ഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന വിജിലന്‍സ് അന്വേഷണത്തിന് പിന്നില്‍ ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. വിജിലൻസ് അന്വേഷണം നടക്കുന്നുണ്ടെങ്കിൽ മുഖ്യമന്ത്രി എന്തിനാണ് പദ്ധതി ഉദ്ഘാടനം ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. ഒരു ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടക്കുന്നതായാണ് മാധ്യമങ്ങളിലൂടെ അറിഞ്ഞത്. ഇടപാടുമായി ബന്ധപ്പെട്ട് വലിയ ദുരൂഹതമാണ് നലനില്‍ക്കുന്നത്. എ ഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട് പരസ്യ കൊള്ളയാണ് നടന്നതെന്നും വി ഡി സതീശന്‍ ആരോപിച്ചു.

എ ഐ ക്യാമറകള്‍ സ്ഥാപിച്ച ഇടപാടില്‍ ദുരൂഹതകള്‍ ആരോപിച്ച് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. 232 കോടി രൂപ മുതല്‍ മുടക്കില്‍ സംസ്ഥാനത്ത് ഉടനീളം സ്ഥാപിച്ച എ ഐ ക്യാമറകളുടെ കരാര്‍ സുതാര്യമല്ലെന്നും ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്.

logo
The Fourth
www.thefourthnews.in