കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിഷയം പഠിക്കാന്‍ ഉന്നതതല കമ്മീഷന്‍; ജനുവരി എട്ടുവരെ കോളേജ് അടച്ചിടും

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിഷയം പഠിക്കാന്‍ ഉന്നതതല കമ്മീഷന്‍; ജനുവരി എട്ടുവരെ കോളേജ് അടച്ചിടും

ഇൻസ്റ്റിറ്റ്യൂട്ടിലെ നിലവിലുള്ള പ്രശ്നങ്ങൾ പഠിച്ച് ഉന്നതതല കമ്മീഷൻ രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം.

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ. മുൻ ചീഫ് സെക്രട്ടറിയും, ഐ എം ജി ഡയറക്ടറുമായ കെ ജയകുമാർ ഐഎഎസ്‌, ന്യൂവാൽസ് മുൻ വൈസ് ചാൻസിലറും മുൻ നിയമസഭാ സെക്രട്ടറിയുമായ എൻ കെ ജയകുമാർ എന്നിവരെ ഉന്നത തല കമ്മീഷനായി നിയമിച്ച് കൊണ്ടാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

അതിനിടെ, വിദ്യാര്‍ഥി പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ സിസംബർ 24 മുതൽ ജനുവരി എട്ടുവരെ ഇൻസ്റ്റിറ്റ്യൂട്ട് അടച്ചിടാൻ ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ ഉത്തരവിട്ടു. അടച്ചിടുന്നതിനൊപ്പം ഹോസ്റ്റലുകൾ ഒഴിയണമെന്നും ഉത്തരവിലുണ്ട്. 2011ലെ കേരള പൊലീസ് ആക്ടിലെ വകുപ്പ് 81 പ്രകാരമാണ് നടപടി. ഡിസംബർ 25 മുതൽ വിദ്യാർഥികൾ നിരാഹാരസമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാനിടയുണ്ടെന്നും ക്രമസമാധാനപാലനത്തെ ദോഷകരമായി ബാധിക്കാനിടയുണ്ടെന്നും ചൂണ്ടിക്കാട്ടി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റു കൂടിയായ സബ് കളക്ടർ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

സംവരണ തത്വങ്ങൾ അട്ടിമറിക്കുന്നെന്ന കേസിലും, ജാതീയപരമായ വിഷയങ്ങളുമായി ബന്ധപ്പെട്ടും കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് & ആർട്സ് ഡയര്‍ടര്‍ ശങ്കര്‍ മോഹനന് എതിരെ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇതിനിടെ, കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവരണ അട്ടിമറി നടന്നതിനെതിരെ കൂടുതല്‍ തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 2022 ബാച്ചിലേക്ക് നടന്ന അഡ്മിഷനുമായി ബന്ധപ്പെട്ട് എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡെപ്യൂട്ടി ഡയറക്ടര്‍, കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന് അയച്ച കത്താണ് പുറത്തായത്.

സംവിധായകന്‍ ജിയോ ബേബിയാണ് ഇതുസംബന്ധിച്ച കത്ത് പുറത്തുവിട്ടത്. സംവരണ വിഭാഗത്തില്‍പ്പെടുന്നവര്‍ കൂടുതല്‍ എത്തുന്നത് ഒഴിവാക്കാന്‍ ആ വിഭാഗത്തിനര്‍ഹതപ്പെട്ട 9 സീറ്റുകളും ഇപ്പോഴും ഒഴിച്ചിട്ടിരിക്കുകയാണെന്നും ജിയോ ബേബി ചൂണ്ടിക്കാറ്റിയിരുന്നു.

സംവരണവുമായി ബന്ധപ്പെട്ട കേസിൽ 2021 -2022 വര്‍ഷത്തെ പ്രവേശന പ്രക്രിയയില്‍ എഡിറ്റിങ്ങ് കോഴസില്‍ അവസരം നഷ്ടപെട്ട ശരത്ത് എന്ന വിദ്യാർഥി ഇൻസ്റ്റിറ്റ്യൂട്ടിനെരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിച്ചപ്പോഴും കോടതി ആവശ്യപ്പെട്ട രേഖകളൊന്നും ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ സമർപ്പിച്ചിരുന്നില്ല. രണ്ട് വര്‍ഷത്തിന് ശേഷമാണ് 2021-22 അധ്യായന വർഷത്തേക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്റര്‍വ്യൂ നടന്നത്.

logo
The Fourth
www.thefourthnews.in