ബഫര്‍ സോണ്‍: വിധിയില്‍ ഇളവ് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി

ബഫര്‍ സോണ്‍: വിധിയില്‍ ഇളവ് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി

പരിസ്ഥിതിലോല പ്രദേശമായി കണ്ട് അന്തിമ വിജ്ഞാപനമോ കരടുവിജ്ഞാപനമോ പുറപ്പെടുവിച്ച മേഖലകളെ വിധിയില്‍ നിന്നൊഴിവാക്കണമെന്നാണ് ആവശ്യം

ബഫര്‍ സോണ്‍ വിഷയത്തിലെ ഉത്തരവില്‍ ഇളവ് തേടി കേരളം സുപ്രീംകോടതിയില്‍. വന്യ ജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരുകിലോമീറ്റര്‍ പരിസ്ഥിതി ലോലപ്രദേശമായി നിശ്ചയിക്കണമെന്ന സുപ്രീംകോടതിയുടെ 2022 ജൂൺ മൂന്നിലെ വിധിയില്‍ ഇളവ് നല്‍കണമെന്നാണ് ആവശ്യപ്പെട്ട് സംസ്ഥാനം അപേക്ഷ നല്‍കി. വിധി പുനപ്പരിശോധിക്കണമെന്ന് കാണിച്ച് സംസ്ഥാനം നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

ബഫര്‍ സോണ്‍ വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതിലോല പ്രദേശമായി കണ്ട് അന്തിമ വിജ്ഞാപനമോ കരടുവിജ്ഞാപനമോ പുറപ്പെടുവിച്ച മേഖലകളെ വിധിയില്‍ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജി. ഇതുതന്നെയാണ് സംസ്ഥാനവും അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു

കേരളത്തിലെ 17 വന്യജീവി സങ്കേതങ്ങളുടെയും ആറ് ദേശീയോദ്യാനങ്ങളുടെയും ബഫര്‍ സോണ്‍ സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് നേരത്തെ കൈമാറിയിരുന്നു. പെരിയാര്‍ ദേശീയോദ്യാനം, പെരിയാര്‍ വന്യജീവി സങ്കേതം എന്നിവയൊഴിച്ച് മറ്റെല്ലാ മേഖലയിലും കേന്ദ്രം കരട് വിജ്ഞാപനവും ഇറക്കിയിട്ടുണ്ട്.

വിധി നടപ്പാക്കുന്നത് ഭരണഘടന നൽകുന്ന ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുമെന്നാണ് സംസ്ഥാനം പുനപ്പരിശോധനാ ഹർജിയില്‍ ചൂണ്ടിക്കാട്ടിയത്

പുനപ്പരിശോധനാ ഹർജിയില്‍ സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ ചുറ്റളവിൽ ജനങ്ങളെ ഒഴിപ്പിച്ചുകൊണ്ട് ബഫർസോൺ നടപ്പാക്കുന്നതും പിന്നീട് പുനരധിവസിപ്പിക്കുന്നതും വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കേരളം വ്യക്തമാക്കിയിരുന്നു. വിധി നടപ്പാക്കുന്നത് ഭരണഘടന നൽകുന്ന ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുമെന്നാണ് സംസ്ഥാനം ചൂണ്ടിക്കാട്ടിയത്.ആദ്യ പിണറായി സര്‍ക്കാറിന്‌റെ കാലത്ത് 2019 ല്‍ പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെ സംരക്ഷിത മേഖലയാക്കാമെന്ന് ഉത്തരവിട്ടിരുന്നു. ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ പൂര്‍ണമായും ഒഴിവാക്കാനാണ് പൂജ്യം കിലോമീറ്ററെന്ന വ്യവസ്ഥ വെച്ചതെന്നായിരുന്നു വിശദീകരണം.

എന്നാല്‍, കോടതി വിധിക്ക് പിന്നാലെ പ്രതിഷേധം കനത്തതോടെ സർക്കാർ നിലപാട് തിരുത്തി. ജനവാസകേന്ദ്രവും കൃഷിയിടങ്ങളും ഉൾപ്പെടുന്ന ഭാഗം ഒഴിവാക്കിയായിരിക്കും ബഫർസോണെന്ന് പുതിയ ഉത്തരവിറക്കി. തുടർന്നാണ് സുപീംകോടതി വിധിക്കെതിരെ സംസ്ഥാനം ഹർജി നല്‍കിയത്.

logo
The Fourth
www.thefourthnews.in