കേരള ഹൈക്കോടതി
കേരള ഹൈക്കോടതി

ഒരേ രേഖയ്ക്കായി കിഫ്ബിയ്ക്ക് നിരന്തരം സമന്‍സ് അയച്ചത് എന്തിന് ? ഇഡിക്കെതിരെ ഹൈക്കോടതി

ഇത് പ്രായോഗിക ബുദ്ധിയില്ലായ്മയാണെന്ന് കോടതി

ഫെമ ചട്ടലംഘനം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി കിഫ്ബിയ്ക്ക് നിരന്തരം സമന്‍സ് അയക്കുന്നതില്‍ എന്‍ഫോഴ്‌സ്‌മെൻ്റ് ഡയറക്ടേറ്റിനെ വിമര്‍ശിച്ച് ഹൈക്കോടതി. ഒരേ വിവരത്തിനായി നിരന്തരം സമന്‍സ് അയക്കുന്നത് എന്തിനെന്നായിരുന്നു കോടതിയുടെ ചോദ്യം. കിഫ്ബിയുടെ ഫണ്ട് വിവരങ്ങള്‍ തേടി ഇഡി തുടര്‍ച്ചയായി സമന്‍സ് അയച്ചത് ചോദ്യം ചെയ്ത് കിഫ്ബി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം.

കിഫ്ബിക്ക് സമന്‍സ് അയക്കുന്നതിന് പുറമെ ഉദ്യോഗസ്ഥര്‍ക്കും ഇഡി സമന്‍സ് അയച്ചിരുന്നു.

'എന്തിനാണ് ഒരേ രേഖയ്ക്കായി നിരന്തരം സമന്‍സ് അയക്കുന്നത്. ഇത് പ്രായോഗിക ബുദ്ധിയില്ലായ്മയാണെന്ന് എനിക്ക് തോന്നുന്നു'. എന്നായിരുന്നു ജസ്റ്റിസ് വി ജി അരുണ്‍ നടത്തിയ വാക്കാലുള്ള പരാമര്‍ശം. കിഫ്ബിക്ക് സമന്‍സ് അയക്കുന്നതിന് പുറമെ ഉദ്യോഗസ്ഥര്‍ക്കും ഇഡി സമന്‍സ് അയച്ചിരുന്നു. ആദായനികുതി റിട്ടേണുകളുടെ പകര്‍പ്പും കുടുംബാംഗങ്ങളുടെ സ്വത്തു വിവരങ്ങളും ആവശ്യപ്പെട്ട് ആണ് സമന്‍സ് അയച്ചത്. എന്തിനാണ് ഈ വിവരങ്ങള്‍ ഉദ്യോഗസ്ഥരോട് ആരായുന്നതെന്നും കോടതി ചോദിച്ചു. അഭിഭാഷകരായ ബി ജി ഹരീന്ദ്രനാഥ്, അമിത് കൃഷ്ണന്‍ എന്നിവര്‍ മുഖേനയാണ് ഇഡിയുടെ സമന്‍സിനെ ചോദ്യം ചെയ്ത് കിഫ്ബി ഹര്‍ജി സമര്‍പ്പിച്ചത്.

റിസര്‍വ് ബാങ്കിൻ്റെ അനുമതി നേടിയ ശേഷമാണ് മസാല ബോണ്ടുകള്‍ പുറത്തിറക്കിയതെന്ന് കിഫ്ബി

റിസര്‍വ് ബാങ്കിൻ്റെ അനുമതി നേടിയ ശേഷമാണ് മസാല ബോണ്ടുകള്‍ പുറത്തിറക്കിയതെന്ന് കിഫ്ബിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് ദാതാര്‍ വാദിച്ചു. 2021 മാര്‍ച്ചിലാണ് ആദ്യ സമന്‍സ് അയച്ചത്. അന്നു മുതല്‍ പല തവണ ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും കിഫ്ബി ഹാജരാക്കിയിട്ടുണ്ടെന്നും അരവിന്ദ് ദാതാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ ഇഡിയുടെ വിശദമായ മറുപടി തേടിയ കോടതി കേസ് പരിഗണിക്കുന്നത് സെപ്റ്റംബര്‍ 2 ലേക്ക് മാറ്റി.

കിഫ്ബിക്ക് എതിരായ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മുന്‍ ധനമന്ത്രി ഡോ ടി.എം തോമസ് ഐസകിനും ഇ ഡി സമന്‍സ് അയച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് ഐസകും കോടതിയെ സമീപിച്ചിരുന്നു. ഐസക്കിന്റെ സ്വത്ത് സംബന്ധിച്ച വിശദാംശങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണമെന്നായിരുന്നു ഇ ഡിയോട് ഹൈക്കോടതി നിര്‍ദേശിച്ചത്. ഐസക് പ്രതിയോ സംശയത്തിന്റെ നിഴലിലോ ഒന്നുമല്ലാതിരിക്കെ ഇ ഡി എന്തുകൊണ്ടാണ് അത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും കോടതി ചോദിച്ചിരുന്നു.

logo
The Fourth
www.thefourthnews.in