കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്
കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്

സംവരണം അട്ടിമറി; കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന് കോടതിയുടെ രൂക്ഷ വിമർശനം

കേസ് കോടതിയില്‍ എത്തുകയും മാധ്യമ ശ്രദ്ധ നേടുകയും ചെയ്തതോടെ രണ്ടാം അലോട്ട്‌മെന്റില്‍ കാറ്റഗറിയും സംവരണവും ഉള്‍പ്പെടുത്തി

സംവരണ തത്വങ്ങൾ അട്ടിമറിക്കുന്നെന്ന പരാതിയിൽ കോട്ടയത്തെ കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് & ആർട്സിന് കേരളാ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. 2021 -2022 വര്‍ഷത്തെ പ്രവേശന പ്രക്രിയയില്‍ എഡിറ്റിങ്ങ് കോഴിസില്‍ അവസരം നഷ്ടപെട്ട ശരത്ത് എന്ന വിദ്യാർത്ഥിയാണ് ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. മുൻ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ പേരിലുള്ള ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവരണം തത്വങ്ങൾ അട്ടിമിറക്കുന്നു എന്നായിരുന്നു ദളിത് അപേക്ഷാർഥി കൂടിയായ ശരത്തിന്റ പരാതി.

ഇക്കഴിഞ്ഞ ബുധനാഴ്ച്ച കേസ് പരിഗണിക്കവെ കോടതി ആവശ്യപ്പെട്ട രേഖകളൊന്നും ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ സമർപ്പിച്ചിരുന്നില്ല. ജനറല്‍ വിഭാഗത്തിനും സംവരണ വിഭാഗത്തിന് എങ്ങനെയാണ് ഒരേ കട്ട് ഒഫ് മാര്‍ക്ക് നിശ്ചയിക്കുന്നതെന്ന കോടതിയുടെ ചോദ്യത്തിന് മാനേജ്‌മെന്റിന് മറുപടിയില്ലായിരുന്നു. വാദത്തിനിടെ കൃതമായ മറുപടിയോ രേഖകളോ നല്‍കാതിരുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നടപടിയെ കോടതി വിമര്‍ശിക്കുകയും രേഖകള്‍ സമര്‍പ്പിക്കാന്‍ അവസാനാമായി ഒരാഴ്ച്ച കൂടി സമയം നീട്ടി നല്‍കുകയും ചെയ്തു. കേസ് അനിശ്ചിതമായി നീട്ടികൊണ്ടുപോകുന്നതില്‍ ഇന്‍സ്റ്റിറ്റൂട്ടിനെ കോടതി രൂക്ഷമായി തന്നെ വിമര്‍ശിച്ചു.അടുത്താഴ്ച്ചക്കുള്ളില്‍ അനുകൂലമായൊരു വിധി വരുമെന്ന പ്രതീകഷയിലാണന്ന് പരാതിനൽകിയ ശരത് ദി ഫോര്‍ത്തിനോട് പ്രതികരിച്ചു.

കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്
കെ ആര്‍ നാരായണന്റെ പേരിലുള്ള ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവരണം അട്ടിമറിച്ചെന്ന് പരാതി

രണ്ട് വര്‍ഷത്തിന് ശേഷമാണ് 2021-22 അധ്യായന വർഷത്തേക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്റര്‍വ്യൂ നടന്നത്. ആദ്യ അലോട്ട്‌മെന്റിൽ ഒരു ദളിത് വിദ്യാര്‍ഥിക്ക് പോലും സ്ഥാപനത്തില്‍ പ്രവേശനം ലഭിച്ചിരുന്നില്ല. പ്രവേശന പരീക്ഷയില്‍ നല്ല പ്രകടനം കാഴ്ച്ചവെച്ച ശരത് ഇന്‍സ്റ്റിറ്റൂട്ടില്‍ വിളിച്ച് കാരണം അന്വേഷിച്ചപ്പോള്‍ പ്രവേശനത്തിന് ആവശ്യമായ കട്ട് ഓഫ് മാര്‍ക്ക് ഇല്ലെന്നായിരുന്നു മാനേജ്മെന്റ് നൽകിയ മറുപടി. ശരത്തിന്റെ മാര്‍ക്ക് സംബന്ധിച്ച വിവരങ്ങളും ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയിരുന്നില്ല.

രണ്ടാം അലോട്മെന്റ് ലിസ്റ്റ്
രണ്ടാം അലോട്മെന്റ് ലിസ്റ്റ്

പ്രവേശനപരീക്ഷയ്ക്ക് ശേഷം ഇന്റര്‍വ്യൂവിന് ക്ഷണിച്ചപ്പോൾ പത്ത് പേരാണ് പങ്കെടുത്തത്. അതില്‍ നിന്ന് ആറുപേരെയാണ് തിരഞ്ഞെടുത്തത്. പത്ത് സീറ്റുകളില്‍ ബാക്കി നാല് സീറ്റുകളും ഒഴിഞ്ഞു കിടക്കുകയായിരുന്നു. സംവരണ വിഭാഗത്തിലെ ലിസ്റ്റും കാറ്റഗറിയനുസരിച്ചുള്ള റാങ്ക് ലിസ്റ്റും പബ്ലിഷ് ചെയ്യാതിരുന്നതിനാല്‍ സംവരണത്തിന്റെ അടിസ്ഥാനത്തില്‍ എത്രപേര്‍ക്ക് അഡ്മിഷന്‍ ലഭിച്ചുവെന്ന് വിദ്യാര്‍ഥികള്‍ക്കും ധാരണ ഉണ്ടായിരുന്നില്ല.

കേസ് കോടതിയില്‍ എത്തിയതിനാലും മാധ്യമ ശ്രദ്ധ നേടിയതിനാലും രണ്ടാമത്തെ അലോട്ട്‌മെന്റില്‍ കാറ്റഗറിയും സംവരണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാമത്തെ അലോട്ട്‌മെന്റില്‍ ദളിത് വിഭാഗത്തില്‍ ഒരു വിദ്യാര്‍ഥിക്കാണ് പ്രവേശനം നല്‍കിയിട്ടുള്ളത്. ഒരോ കോഴ്സിലും പ്രത്യേകം സംവരണം നല്‍കണമെന്നിരിക്കെ മുഴുവന്‍ പിജി ഡിപ്ലോമ കോഴ്‌സിലേക്കുമായാണ് സ്ഥാപനം ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം നടപ്പാക്കിയിരിക്കുന്നതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

മനേജ്‌മെന്റിനെതിരെ പൂര്‍വ്വവിദ്യാര്‍ഥികളടക്കം നിരവധിപേരാണ് വിമര്‍ശനങ്ങളുന്നയിച്ചത്. സംവരണ വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് കിട്ടേണ്ട ഇ-ഗ്രാന്റ് സംബന്ധിച്ചും ഇവിടെ പ്രശ്നങ്ങൾ നിലനിന്നിരുന്നു. വിദ്യാര്‍ഥികളുടെ നിരന്തര ശ്രമഫലമായി മന്ത്രി ആര്‍ ബിന്ദു ഇടപെട്ടാണ് പിന്നീട് ഗ്രാന്റ് അനുവദിച്ചത്. എന്നാല്‍ മാനേജ്‌മെന്റ് അനാസ്ഥ മൂലം ഇപ്പോഴും ഗ്രാന്റിന് അര്‍ഹതയുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അത് ലഭിച്ചിട്ടില്ലെന്നും അക്ഷേപമുണ്ട്. മൂന്ന് വര്‍ഷം കാലാവധിയുള്ള കോഴ്സുകള്‍ രണ്ട് വര്‍ഷമായി വെട്ടിചുരുക്കാനുള്ള ശ്രമവും മാനേജ്മെന്റിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ വിദ്യാര്‍ഥികള്‍ മന്ത്രി ആര്‍ ബിന്ദുവിനെ അറിയിക്കുകയും മന്ത്രി നേരിട്ട് വിദ്യാര്‍ഥികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാവുകയും ചെയ്തു.

logo
The Fourth
www.thefourthnews.in