ശബരിമല തിരുവാഭരണപാതയിലെ കൈയേറ്റം: ശരിയായി രേഖപ്പെടുത്തി പുതിയ നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി; ആദ്യ നോട്ടീസ് റദ്ദാക്കി

ശബരിമല തിരുവാഭരണപാതയിലെ കൈയേറ്റം: ശരിയായി രേഖപ്പെടുത്തി പുതിയ നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി; ആദ്യ നോട്ടീസ് റദ്ദാക്കി

റാന്നി, കോഴഞ്ചേരി താലൂക്കുകളിലായി കിടക്കുന്ന പാതയിലെ കൈയേറ്റം അടയാളപ്പെടുത്താതെയാണ് നോട്ടീസ് നല്‍കിയതെന്ന് വിലയിരുത്തിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്

പന്തളം-ശബരിമല തിരുവാഭരണപാതയിലെ കൈയേറ്റങ്ങള്‍ നീക്കം ചെയ്യാന്‍ നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. റാന്നി, കോഴഞ്ചേരി താലൂക്കുകളിലായി കിടക്കുന്ന പാതയിലെ കൈയേറ്റം അടയാളപ്പെടുത്താതെയാണ് നോട്ടീസ് നല്‍കിയതെന്ന് വിലയിരുത്തിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. കൈയേറ്റം ശരിയായി രേഖപ്പെടുത്തി, മഹസറിന്റെ പകര്‍പ്പ് സഹിതം രണ്ട് മാസത്തിനകം പുതിയ നോട്ടീസ് നല്‍കണമെന്നും ബന്ധപ്പെട്ട തഹസില്‍ദാര്‍മാരോട് കോടതി നിര്‍ദേശിച്ചു. തിരുവാഭരണ പാത സംരക്ഷണ സമിതിയും ഭൂവുടമകളും നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, പി ജി അജിത്കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

കൈയേറ്റം ശരിയായി രേഖപ്പെടുത്തിയിട്ടില്ലെന്ന് വിലയിരുത്തിയ കോടതി രണ്ട് മാസത്തിനകം ഹര്‍ജിക്കാര്‍ തഹസില്‍ദാര്‍ക്ക് മറുപടി നല്‍കണമെന്ന് നിര്‍ദേശിച്ചു

പന്തളം കൊട്ടാരത്തില്‍ നിന്ന് ശബരിമലയിലേക്ക് തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന പാത സംരക്ഷിക്കണമെന്നും കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് തിരുവാഭരണ പാത സംരക്ഷണ സമിതി ഹര്‍ജി നല്‍കിയത്. അതേസമയം, ഒഴിപ്പിക്കുന്നതിനെതിരെയാണ് ഭൂവുടമകള്‍ ഹര്‍ജി നല്‍കിയത്. കൈയേറ്റം ശരിയായി രേഖപ്പെടുത്തിയിട്ടില്ലെന്ന് വിലയിരുത്തിയ കോടതി രണ്ട് മാസത്തിനകം ഹര്‍ജിക്കാര്‍ തഹസില്‍ദാര്‍ക്ക് മറുപടി നല്‍കണമെന്ന് നിര്‍ദേശിച്ചു.

ഹര്‍ജിക്കാരെ കൂടി കേട്ടശേഷം ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ ഉചിതമായ തീരുമാനമെടുക്കണം. മഹസര്‍ അന്തിമമാക്കിയതിനുശേഷം ബന്ധപ്പെട്ട അധികൃതര്‍ ഹര്‍ജിക്കാര്‍ക്ക് പുതിയ നോട്ടീസ് നല്‍കണം. തിരുവാഭരണ പാത കൈയേറിയെന്ന് ആരോപണം നേരിടുന്ന ഹര്‍ജിക്കാര്‍ അല്ലാത്തവരുടെ കാര്യത്തിലും ഇതേ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

റെവന്യൂ, ദേവസ്വം പൊതുമരാമത്ത് വകുപ്പുകള്‍ സംയുക്തമായി സര്‍വേ നടപടികള്‍ തുടങ്ങിയെങ്കിലും കോവിഡ് കാലത്ത് നിര്‍ത്തിവച്ചിരുന്നു

റാന്നി, കോഴഞ്ചേരി താലൂക്കുകളിലെ 11 വില്ലേജുകളിലായാണ് കൈയേറ്റം നടന്നിട്ടുള്ളത്. 2010ല്‍ നടത്തിയ സര്‍വേയില്‍ റാന്നി താലൂക്കില്‍ 115, കോഴഞ്ചേരിയില്‍ 370 എന്നിങ്ങനെ കൈയേറ്റങ്ങളാണ് കണ്ടെത്തിയത്. വീടുകള്‍, കടകള്‍, വിഭ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ കൈയേറ്റഭൂമിയില്‍ ഉണ്ടെന്നായിരുന്നു സര്‍വേഫലം. എന്നാല്‍ ഇത് സംബന്ധിച്ച് തര്‍ക്കങ്ങളും ഉടലെടുത്തിരുന്നു. തുടര്‍ന്ന് റെവന്യൂ, ദേവസ്വം പൊതുമരാമത്ത് വകുപ്പുകള്‍ സംയുക്തമായി സര്‍വേ നടപടികള്‍ തുടങ്ങിയെങ്കിലും കോവിഡ് കാലത്ത് നിര്‍ത്തിവച്ചിരുന്നു. അതിനാല്‍ ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയായിരുന്നില്ല.

logo
The Fourth
www.thefourthnews.in