മധു
മധു

അട്ടപ്പാടി മധു വധക്കേസ്; ജാമ്യം റദ്ദാക്കിയ നടപടിക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ

ജാമ്യം നൽകിയ ഹൈക്കോടതി വിധി വിചാരണക്കോടതിക്ക് എങ്ങനെ റദ്ദാക്കാൻ കഴിയുമെന്ന് ഹൈക്കോടതി

അട്ടപ്പാടി മധു വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കിയതിനെതിരെ ഹൈക്കോടതി. ജാമ്യം റദ്ദാക്കിയ മണ്ണാർക്കാട് എസ് സി/ എസ് ടി കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. തിങ്കളാഴ്ച വരെയാണ് ഇടക്കാല സ്റ്റേ. ജാമ്യം റദ്ദാക്കിയതിനെതിരെ കേസിലെ രണ്ടും അഞ്ചും പ്രതികളായ മരക്കാര്‍, രാധാകൃഷ്ണന്‍ എന്നിവര്‍ നല്‍കിയ ഹർജിയിലാണ് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചത്. കേസിലെ രേഖകൾ വിളിച്ചുവരുത്തുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് കൗസർ എടപ്പ​ഗത്താണ് ഹർജി പരി​ഗണിച്ചത്.

പ്രതികൾക്ക് ജാമ്യം അനുവദിച്ചത് ഹൈക്കോടതിയാണെന്നും വിചാരണ കോടതിക്ക് എങ്ങനെ ജാമ്യം റദ്ദാക്കാനാകുമെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തിൽ വിചാരണക്കോടതി മറുപടി നൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

അട്ടപ്പാടി മധു വധക്കേസില്‍ 12 പ്രതികളുടെ ജാമ്യമാണ് കഴിഞ്ഞ ദിവസം മണ്ണാർക്കാട് എസ് സി/ എസ് ടി കോടതി റദ്ദാക്കിയത്. ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് സാക്ഷികളെ സ്വാധീനിച്ചെന്ന ഹർജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. കേസില്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കിയത്. പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം.

logo
The Fourth
www.thefourthnews.in