ടി പി വധക്കേസ്: പ്രതികള്‍ക്ക് വധശിക്ഷയില്ല, ആറുപേർക്ക് ഒരു ജീവപര്യന്തം കൂടി, 20 വര്‍ഷം കഴിയാതെ  ശിക്ഷയിളവുമില്ല

ടി പി വധക്കേസ്: പ്രതികള്‍ക്ക് വധശിക്ഷയില്ല, ആറുപേർക്ക് ഒരു ജീവപര്യന്തം കൂടി, 20 വര്‍ഷം കഴിയാതെ ശിക്ഷയിളവുമില്ല

പുതുതായി പ്രതിചേര്‍ത്ത കെ കെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവര്‍ക്ക് ജീവപര്യന്തമാണ് ശിക്ഷ

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷ ഉയര്‍ത്തി ഹൈക്കോടതി. കേസിൽ വധശിക്ഷയില്ലെങ്കിലും ആറു പ്രതികളുടെ ശിക്ഷ ഇരട്ടജീവപര്യന്തമായി ഉയര്‍ത്തി. ടിപിയെ വെട്ടിക്കൊന്നതില്‍ നേരിട്ട് പങ്കാളികളായ ഒന്നാം പ്രതി എം സി അനൂപ്, രണ്ടാം പ്രതി കിര്‍മാണി മനോജ്, മൂന്നാം പ്രതി കൊടി സുനി, നാലാം പ്രതി ടി കെ രജീഷ്, അഞ്ചാം പ്രതി കെ കെ മുഹമ്മദ് ഷാഫി, ഏഴാം പ്രതി കെ ഷിനോജ് എന്നിവർക്ക് കൊലപാതകം കൂടാതെ ഗൂഢാലോചനയ്ക്ക് കൂടി നിലവിലെ ജീവപര്യന്തത്തിനു പുറമേ മറ്റൊരു ജീവപര്യന്തം കൂടിയാണ് ഹൈക്കോടതി വിധിച്ചത്. ഇവർക്ക് 20 വർഷം കഴിയാതെ ശിക്ഷായിളവ് അനുവദിക്കാൻ പാടില്ല.

ആറാം പ്രതി അണ്ണന്‍ സിജിത്ത്, എട്ടാം പ്രതി കെ സി രാമചന്ദ്രന്‍, പതിനൊന്നാം പ്രതി ട്രൗസര്‍ മനോജ് എന്നിവരുടെ ജീവപര്യന്തം തടവ് ശിക്ഷയും വര്‍ധിപ്പിച്ചിട്ടില്ല. ഈ മൂന്നുപേർക്കും 20 വര്‍ഷം കഴിയാതെ ശിക്ഷ ഇളവിന് അര്‍ഹതയുണ്ടാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

പുതുതായി പ്രതി ചേര്‍ത്ത കെ കെ കൃഷ്ണന്‍ (പത്താം പ്രതി), ജ്യോതി ബാബു (പന്ത്രണ്ടാം പ്രതി) എന്നിവര്‍ക്ക് ജീവപര്യന്തമാണ് ശിക്ഷ. ഇവരുടെ പ്രായം കണക്കിലെടുത്താണ് ശിക്ഷ ജീവപര്യന്തത്തിൽ ഒതുക്കിയത്. പതിനെട്ടാം പ്രതി വായപ്പടച്ചി റഫീഖ്, മുപ്പത്തിയൊന്നാം പ്രതി ലംബു പ്രദീപൻ എന്നിവരുടെ ശിക്ഷ വിചാരണക്കോടതി വിധിച്ചതുപോലെ തുടരും.

ടി പി വധക്കേസ്: പ്രതികള്‍ക്ക് വധശിക്ഷയില്ല, ആറുപേർക്ക് ഒരു ജീവപര്യന്തം കൂടി, 20 വര്‍ഷം കഴിയാതെ  ശിക്ഷയിളവുമില്ല
ടി പി വധം: 'തിരശ്ശീലയ്ക്ക് പിന്നിലുള്ളവര്‍ പുറത്തുവരേണ്ടതുണ്ട്', നിയമ പോരാട്ടം തുടരുമെന്ന് കെ കെ രമ

ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാരും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. ശിക്ഷ കൂടാതെ, പിഴയിലും കോടതി വര്‍ധന വരുത്തി. ഏഴരലക്ഷം രൂപ കെ കെ രമയ്ക്കും അഞ്ചു ലക്ഷം രൂപ മകനും നല്‍കണമെന്നും ഹൈക്കോടതി വിധിച്ചു.

സിപിഎം വിട്ട് ആർഎംപി എന്ന പാർട്ടി രൂപീകരിച്ച ടിപി ചന്ദ്രശേഖരനെ 2012 മേയ് നാലിനാണ് ഒരു സംഘം ബോംബെറിഞ്ഞു വീഴ്‌ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎമ്മിൽനിന്ന് വിട്ടുപോയി തന്റെ നാടായ ഒഞ്ചിയത്ത് ആർഎംപിയെന്ന പേരിൽ പാർട്ടിയുണ്ടാക്കിയതിലുള്ള പകയില്‍ സിപിഎമ്മുകാരായ പ്രതികൾ ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ ഉൾപ്പടെ 36 പ്രതികളാണ് കേസിലുണ്ടായിരുന്നത്. മോഹനനും ഇപ്പോൾ ശിക്ഷിക്കപ്പെട്ട കെ കെ കൃഷ്ണനും ജ്യോതിബാബുവും ഉൾപ്പെടെ 24 പേരെ 2014ല്‍ വിചാരണക്കോടതി വെറുതെ വിട്ടു.

എം സി അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രൻ, ട്രൗസർ മനോജ്, സിപിഎം പാനൂർ ‌ഏരിയ കമ്മിറ്റിയംഗമായിരുന്ന പി കെ കുഞ്ഞനന്തൻ, വായപ്പടച്ചി റഫീഖ് എന്നിവര്‍ക്ക് വിചാരണ കോടതി ജീവപര്യന്തം തടവും പിഴയും മറ്റൊരു പ്രതിയായ കണ്ണൂർ സ്വദേശി ലംബു പ്രദീപന് മൂന്നു വർഷം കഠിന തടവു ശിക്ഷ വിധിച്ചു. പി കെ കുഞ്ഞനന്തൻ ജയിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ 2020 ജൂണിൽ മരിച്ചു.

പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഉന്നയിച്ച പ്രധാന വാദം. നിലവില്‍ വിചാരണ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ അപര്യാപ്തമാണ്. നിയമാനുസ്യതമായ പരമാവധി ശിക്ഷയാണ് പ്രതികള്‍ക്ക് നല്‍കേണ്ടത്. മരിച്ചയാളുടെ മുഖം പോലും വീട്ടുകാര്‍ കാണരുതെന്ന് പ്രതികള്‍ തീരുമാനിച്ചു. ടി പി ചന്ദ്രശേഖനെ വെട്ടി കൊലപ്പെടുത്തി മുഖം പോലും വിക്യതമാക്കിയത് ഇതിനായിരുന്നു. ഒരു മുന്‍വൈരാഗ്യവുമില്ലാതെയാണ് ക്രൂരമായ കൊലപാതകം നടത്തിയത്. പരമാവധി ശിക്ഷ അര്‍ഹിക്കുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

എന്നാല്‍ പ്രതികളുടെ ശിക്ഷ റദ്ദാക്കണമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്‌റെ വാദം. ഗൂഡാലോചനയ്ക്കും കൊലപാതകത്തിനും വ്യത്യസ്തമായ ശിക്ഷ വിധിക്കരുതെന്നുമായിരുന്നു പ്രതിഭാഗം കോടതിയില്‍ സ്വീകരിച്ച നിലപാട്.

logo
The Fourth
www.thefourthnews.in