കേരളത്തില്‍ മൊബൈല്‍ ടവറുകള്‍ മോഷണം പോകുന്നു; ഇതുവരെ കാണാതായത് 29 എണ്ണം

ജിടിഎല്‍ ഇന്‍ഫ്രാസ്ട്ക്ചര്‍ എന്ന കമ്പനിയുടെതാണ് ടവറുകള്‍. 40മുതല്‍ 50 മീറ്റര്‍ വരെ ഉയരമുള്ളതാണ് മോഷണം പോയ എല്ലാ ടവറും

കേരളത്തില്‍ മൊബൈല്‍ ടവറുകള്‍ വ്യാപകമായി മോഷ്ടിക്കപ്പെടുന്നു. ഒറ്റ നോട്ടത്തില്‍ ആശ്ചര്യം തോന്നിയേക്കാം എങ്കിലും സംഗതി സത്യമാണ്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ നിന്നായി 29 ഭീമന്‍ മൊബൈല്‍ ടവറുകള്‍ മോഷണം പോയിട്ടുണ്ടെന്നാണ് കണക്കുകള്‍. ഏറ്റവുമധികം ടവറുകള്‍ കടത്തിയത് പാലക്കാട് ജില്ലയില്‍ നിന്നാണ്.

ഏറ്റവുമധികം ടവറുകള്‍ കടത്തിയത് പാലക്കാട് ജില്ലയില്‍ നിന്നാണ്

ആറ് സംഭവങ്ങളാണ് പാലക്കാട് ജില്ലയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍ഗോഡ്, വയനാട്, മലപ്പുറം എന്നീ ജില്ലകളില്‍ നിന്ന് ഓരോ ടവറുകള്‍ വീതവും ആലപ്പുഴ, കോട്ടയം, കൊല്ലം എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് വീതം ടവറുകളും മോഷണം പോയി. തൃശൂര്‍, എറണാകുളം, എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് വീതവും കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് നാല് വീതം ടവറുകളാണ് മോഷ്ടാക്കള്‍ കടത്തിയത്. ഇത്തരം സംഭവങ്ങള്‍ക്ക് നഗര ഗ്രാമ വ്യത്യാസമില്ലെന്നതും ശ്രദ്ധേയമാണ്.

കമ്പനിയുടെ ആളുകളെന്ന് അവകാശപ്പെട്ട് എത്തിയവര്‍ രണ്ടും മൂന്നും ദിവസം പന്തല്‍കെട്ടി താമസിച്ചാണ് ടവറുകള്‍ കടത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ജി.ടി.എല്‍ ഇന്‍ഫ്രാസ്ട്ക്ചര്‍ എന്ന കമ്പനിയുടെതാണ് മോഷണം പോയ ടവറുകള്‍. 40മുതല്‍ 50 മീറ്റര്‍ വരെ ഉയരമുള്ളതാണ് മോഷണം പോയ എല്ലാ ടവറും.

ഒരു ടവര്‍ പ്രവര്‍ത്തന സജ്ജമാകാന്‍ കമ്പനിക്ക് 50 ലക്ഷം രൂപയാണ് ചെലവ് .12 ടണ്‍ ഇരുമ്പ് മാത്രമുണ്ട്,സ്‌ക്രാപ്പ് വിലക്ക് വില്‍പ്പന നടത്തിയാല്‍ തന്നെ 3 ലക്ഷത്തോളം രൂപ മോഷ്ടാക്കള്‍ക്ക് ലഭിക്കും. ജനറേറ്റര്‍, എസി, ബാറ്ററി, എസ്എംഡിഎസ്, ഓപ്പറേറ്റര്‍ ഡിവൈസുകള്‍ എന്നിവയും വില്‍ക്കാന്‍ കഴിയും.

Related Stories

No stories found.
logo
The Fourth
www.thefourthnews.in