ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ സഞ്ചരിക്കുന്ന ബസ്
ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ സഞ്ചരിക്കുന്ന ബസ്

കലിപ്പടക്കണം, കളറ് മാറ്റണം...

കേരളാ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ സഞ്ചരിക്കുന്ന ബസിന്റെ നിറം മാറ്റാന്‍ ആവശ്യപ്പെട്ട് മോട്ടോര്‍വാഹനവകുപ്പ്

കേരളാ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ സഞ്ചരിക്കുന്ന ബസിനും കളര്‍കോഡ് നിര്‍ബന്ധമാക്കി മോട്ടോര്‍ വാഹനവകുപ്പ്. വാഹനത്തിന് ഏകീകൃത കളര്‍കോഡ് നല്‍കാൻ നിർദേശം നല്‍കി. നാളത്തെ ദിവസം കൂടി നിലവിലെ മഞ്ഞനിറത്തില്‍ വാഹനത്തിന് ഓടാനുള്ള അനുമതി മോട്ടോര്‍വാഹനവകുപ്പ് നല്‍കിയിട്ടുണ്ട്.

മഞ്ഞ നിറത്തിലുള്ള മള്‍ട്ടി ആക്‌സില്‍ ബസാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ സഞ്ചാരത്തിനായി ഉപയോഗിക്കുന്നത്. എന്നാല്‍ ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളയും നീലയും ചേര്‍ന്ന കളര്‍കോഡ് നിര്‍ബന്ധമാക്കി ഹൈക്കോടതി ഉത്തരവിട്ട പശ്ചാത്തലത്തിലാണ് ഇത് പാലിക്കണമെന്ന് ബ്ലാസ്റ്റേഴ്സിനെ കൊണ്ടുവരുന്ന വാഹനത്തിന്റെ ഉടമയോടും ആവശ്യപ്പെട്ടിരിക്കുന്നത്. കളർ കോഡ് പാലിക്കാതെ വാഹനം സഞ്ചരിക്കാൻ അനുവദിക്കില്ല.

ബസിന്റെ നിറം മാറ്റാനുള്ള അപേക്ഷ വാഹന ഉടമ മോട്ടോര്‍ വാഹനവകുപ്പിന് നേരത്തെ നല്‍കിയിരുന്നു. ഇതിന് ശേഷമാണ് വാഹനത്തിന് ഏകീകൃത കളര്‍കോഡ് നിർബന്ധമാക്കി ഹൈക്കോടതി ഉത്തരവിട്ടത്. ഈ സാഹചര്യത്തില്‍ വാഹന ഉടമ ആവശ്യപ്പെട്ട നിറം അനുവദിച്ചുകൊണ്ടുള്ള അനുമതി നല്‍കാനാവില്ലെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിലപാട്. ഏകീകൃത കളര്‍കോഡ് പാലിക്കണമെന്നും ആവശ്യപ്പെട്ടു. ട്രാവല്‍സ് ഉടമയോട് തിങ്കളാഴ്ച എറണാകുളം ആര്‍ടിഒ ഓഫീസില്‍ ഹാജരാകണമെന്നും അറിയിച്ചിട്ടുണ്ട്.

ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനത്തില്‍ ശക്തമായ നടപടികളാണ് കേരളത്തില്‍ സ്വീകരിച്ചു വരുന്നത്. മോട്ടോര്‍വാഹനവകുപ്പ് വ്യാപകമായ പരിശോധന നടത്തുകയും കളര്‍കോഡ് പാലിക്കാത്ത ബസുകള്‍ക്ക് പിഴയീടാക്കുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in