EXCLUSIVE: അലൻ ഷുഹൈബിനെതിരെ എൻഐഎ കോടതിയിൽ പോലീസ് റിപ്പോർട്ട്, യുഎപിഎ കേസിലെ ജാമ്യം റദ്ദാക്കാൻ നീക്കം

EXCLUSIVE: അലൻ ഷുഹൈബിനെതിരെ എൻഐഎ കോടതിയിൽ പോലീസ് റിപ്പോർട്ട്, യുഎപിഎ കേസിലെ ജാമ്യം റദ്ദാക്കാൻ നീക്കം

പാലയാട് ലോ കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നൽകിയ പരാതിയാണ് റിപ്പോർട്ടിന് ആധാരം

പന്തീരാങ്കാവ് യുഎപിഎ കേസില്‍ കുറ്റാരോപിതനായ അലന്‍ ഷുഹൈബ്, ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് കേരളാ പോലീസിന്റെ റിപ്പോര്‍ട്ട്. കണ്ണൂര്‍ പാലയാട് ലോ കോളേജ് ക്യാമ്പസില്‍ റാഗിങ് നടത്തിയെന്ന എസ്എഫ്‌ഐയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജാമ്യം റദ്ദാക്കാൻ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് പൊലീസ് ദ ഫോർത്തിനോട് സ്ഥിരീകരിച്ചു

പന്നിയങ്കര എസ്എച്ച്ഒ ശംഭുനാഥാണ്, അലനെതിരെ എന്‍ഐഎ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. യുഎപിഎ കേസില്‍ ജാമ്യത്തിലുള്ള അലന്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനുള്ള ചുമതല ശംഭുനാഥിനാണ്. ഏതെങ്കിലും കേസില്‍ ഉള്‍പ്പെട്ടാല്‍ അത് റിപ്പോര്‍ട്ട് ചെയ്യാനുള്ള ചുമതല തനിക്കാണെന്നും അതിനാലാണ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന റിപ്പോര്‍ട്ട് നല്‍കിയതെന്നും അദ്ദേഹം 'ദ ഫോര്‍ത്തി'നോട് പറഞ്ഞു. അതേസമയം, തന്നെ കുടുക്കാന്‍ വേണ്ടിയുള്ള കള്ളക്കേസാണിതെന്നും എസ്എഫ്‌ഐയുടെ പകപോക്കലാണെന്ന് കേസിന്റെ പിന്നിലെന്നുമാണ് അലന്‍ തുടക്കം മുതല്‍ ആരോപിക്കുന്നത്.

EXCLUSIVE: അലൻ ഷുഹൈബിനെതിരെ എൻഐഎ കോടതിയിൽ പോലീസ് റിപ്പോർട്ട്, യുഎപിഎ കേസിലെ ജാമ്യം റദ്ദാക്കാൻ നീക്കം
'പണി തരുമെന്ന് എസ്എഫ്ഐ നേരത്തെ പറഞ്ഞിരുന്നു': അലൻ ഷുഹൈബിന് ജാമ്യം

എന്‍ഐഎ കോടതിയുടെ ജാമ്യവ്യവസ്ഥകള്‍ പ്രകാരം, ഏതെങ്കിലും കേസില്‍ ഉള്‍പ്പെടുകയോ മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയോ പരിപാടികളില്‍ പങ്കെടുക്കാനോ പാടില്ല. എന്നാല്‍, എസ്എഫ്‌ഐ പരാതിയില്‍ ധര്‍മടം പോലീസ് സ്റ്റേഷനില്‍ അലനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും കേസില്‍ ഉള്‍പ്പെടുന്നത് ജാമ്യവ്യവസ്ഥയുടെ ലംഘനമാകും. ഈ സാഹചര്യത്തിലാണ് എസ്എഫ്‌ഐ അലനെതിരെ കേസുമായി രംഗത്തെത്തുന്നത്. ധര്‍മടം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് അലനെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് ശംഭുനാഥും വ്യക്തമാക്കുന്നത്. 'അവര്‍ തന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ജാമ്യ വ്യവസ്ഥകളുടെ ലംഘനം നടന്നതായിട്ടാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇതിന്റെ പാശ്ചാത്തലത്തില്‍ എന്ത് നടപടികളാണ് സ്വീകരിക്കേണ്ടത് എന്ന് എന്‍ഐഎ കോടതിയാണ് തീരുമാനിക്കേണ്ടത്'- ശംഭുനാഥ് പറഞ്ഞു.

കോളേജില്‍ നടന്ന സംഘര്‍ഷത്തില്‍ മറ്റ് വിദ്യര്‍ത്ഥികളെ ഉപദ്രവിച്ചുവെന്ന് ആരോപിച്ചാണ് നിലവില്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 341, 323 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അലന്‍ ഉള്‍പ്പെടെ രണ്ട് പേരെയാണ് ധര്‍മ്മടം പോലീസ് നവംബര്‍ രണ്ടിന് കസ്റ്റഡിയിലെടുത്തിരുന്നത്. കോടതിയുടെ ജാമ്യാവസ്ഥ ലംഘനം ആയത് കൊണ്ട് തന്നെ ജാമ്യം റദ്ദാക്കപ്പെടാന്‍ വരെ സാധ്യതയുണ്ട്.

വ്യാജ റാഗിങ് ആരോപണം ഉന്നയിച്ച് രണ്ടാം വര്‍ഷ വിദ്യാര്‍ഥി ബദറുദ്ദീനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായതെന്നാണ് അലന്റെ വാദം. ഇവരെ തടയാന്‍ ശ്രമിച്ച അലനെയും രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ മുര്‍ഷിദിനെയും അഞ്ചാം വര്‍ഷ വിദ്യാര്‍ത്ഥിയായ നിഷാദ് ഊരാതൊടിയേയും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് അലന്‍ ആരോപിക്കുന്നു.

logo
The Fourth
www.thefourthnews.in