കേരള കോണ്‍ഗ്രസിനോ സിപിഐയ്‌ക്കോ, എല്‍ഡിഎഫില്‍ സീറ്റ് ആര്‍ക്ക്? കണ്ണുവെച്ച് ലീഗ്, രാജ്യസഭ തിരഞ്ഞെടുപ്പ് ജൂണ്‍ 25ന്

കേരള കോണ്‍ഗ്രസിനോ സിപിഐയ്‌ക്കോ, എല്‍ഡിഎഫില്‍ സീറ്റ് ആര്‍ക്ക്? കണ്ണുവെച്ച് ലീഗ്, രാജ്യസഭ തിരഞ്ഞെടുപ്പ് ജൂണ്‍ 25ന്

മൂന്നു സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചത്
Published on

സംസ്ഥാനത്ത് ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ 25-ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. മൂന്നു സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചത്. എളമരം കരീം, ജോസ് കെ മാണി, ബിനോയ് വിശ്വം എന്നിവരുടെ കാലാവധി അവസാനിച്ചതോടെയാണ് സീറ്റ് ഒഴിവു വന്നത്. ജൂണ്‍ ആറിന് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. ജൂണ്‍ 13 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ജൂണ്‍ 18-നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

ഒഴിവു വരുന്ന മൂന്നു സീറ്റുകളില്‍ രണ്ട് സീറ്റുകളില്‍ എല്‍ഡിഎഫിന് ജയിക്കാനാകും. ഒരു സീറ്റില്‍ യുഡിഎഫ് സ്ഥാനര്‍ഥിക്കാണ് സാധ്യത. എല്‍ഡിഎഫിന് 99 അംഗങ്ങളാണ് നിയമസഭയിലുള്ളത്. നിലവില്‍ സ്ഥാനമൊഴിയുന്ന മൂന്നു അംഗങ്ങളും എല്‍ഡിഎഫിലുളളവരാണ്. ജോസ് കെ മാണി രാജ്യസഭാംഗമായതിന് ശേഷമാണ് എല്‍ഡിഎഫിലെത്തിയത്. ജോസ് കെ മാണിക്കായി കേരള കോഗ്രസ് എമ്മും ശ്രേയാംസ് കുമാറും രാജ്യസഭ സീറ്റുകള്‍ വേണമെന്ന് എല്‍ഡിഎഫില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. രാജ്യസഭാംഗത്വം ഒഴിയുന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് പകരം, സീറ്റ് തങ്ങള്‍ക്ക് തന്നെ വേണമെന്ന് സിപിഐയും അവകാശവാദം ഉന്നയിക്കാന്‍ സാധ്യതയുണ്ട്.

സീറ്റ് വേണമെന്ന് അവകാശവാദം ഉന്നയിക്കാന്‍ സിപിഐ നേതൃയോഗങ്ങളില്‍ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍, സിപിഐ സംസ്ഥാന നേതൃത്വം ഔദ്യോഗികമായി ഈ ആവശ്യം എല്‍ഡിഎഫില്‍ ഉന്നയിച്ചിട്ടില്ല. ലോക്‌സഭ സീറ്റ് നല്‍കാത്ത സാഹചര്യത്തില്‍ രാജ്യസഭയില്‍ പാര്‍ട്ടിക്ക് പ്രാതിനിധ്യം വേണമെന്ന് ആര്‍ജെഡി നേരത്തെതന്നെ എല്‍ഡിഎഫില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, സിപിഎം ഈ ആവശ്യത്തോട് ഇതുവരേയും പ്രതികരണം നടത്തിയിട്ടില്ല.

ജോസ് കെ മാണി സീറ്റ് ആവശ്യപ്പടുമെന്നും എല്‍ഡിഎഫില്‍ ഭിന്നതയുണ്ടായേക്കും എന്നുള്ള കണക്കുകൂട്ടലില്‍, ജോസ് കെ മാണിയെ യുഡിഎഫിലേക്ക് ക്ഷണിക്കാനുള്ള ശ്രമം കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായി. ജോസ് കെ മാണിയും പാര്‍ട്ടിയും എല്‍ഡിഎഫില്‍ അവഗണന നേരിടുകയാണ് എന്ന് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍, വീക്ഷണം ലേഖനത്തെ ജോസ് കെ മാണി തള്ളിക്കളയുകയാണ് ചെയ്തത്.

അതേസമയം, യുഡിഎഫില്‍, മൂന്നാം ലോക്‌സഭ സീറ്റ് ആവശ്യം മുന്നോട്ടുവച്ച മുസ്ലിം ലീഗിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് രാജ്യസഭ സീറ്റ് വാഗ്ദനം ചെയ്തിരുന്നു. അങ്ങനെയാണെങ്കില്‍ യുഡിഎഫില്‍ മുസ്ലിം ലീഗ് ആയിരിക്കും രാജ്യസഭയിലേക്ക് മത്സരിക്കുക. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ മുള്‍മുനയില്‍ നിര്‍ത്തി മൂന്നാം സീറ്റ് ആവശ്യവുമായി ലീഗ് രംഗത്തുവന്നിരുന്നു. തുടര്‍ന്ന്, യുഡിഎഫ് മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ലീഗ് അയഞ്ഞത്. 41 സീറ്റാണ് യുഡിഎഫിന് നിയമസഭയിലുള്ളത്.

logo
The Fourth
www.thefourthnews.in