കേരള ഗാനം: ശ്രീകുമാരന്‍ തമ്പിക്ക് ഗ്യാരന്റി നൽകിയിരുന്നില്ല; വീണ്ടും വിശദീകരണവുമായി സച്ചിദാനന്ദന്‍

കേരള ഗാനം: ശ്രീകുമാരന്‍ തമ്പിക്ക് ഗ്യാരന്റി നൽകിയിരുന്നില്ല; വീണ്ടും വിശദീകരണവുമായി സച്ചിദാനന്ദന്‍

ഗാനം കണ്ടെത്താന്‍ അക്കാദമി സെക്രട്ടറിയോട് നിര്‍ദേശിച്ചത് സാംസ്‌കാരിക വകുപ്പ് സെക്രട്ടറി

കേരളഗാന വിവാദത്തില്‍ കൂടുതല്‍ വിശദീകരണവുമായി കേരള സാഹിത്യ അക്കാദമി പ്രസിഡന്റും കവിയുമായ സച്ചിദാനന്ദന്‍. ഗാനം കണ്ടെത്താന്‍ അക്കാദമി സെക്രട്ടറിയോട് നിര്‍ദേശിച്ചത് സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയാണ്. ഗാനം പറ്റില്ലെന്ന് കണ്ടെത്തിയത് അവര്‍ കൂടി ഉള്‍പ്പെട്ട കമ്മിറ്റി ആണെന്നും ഇതില്‍ വാഗ്ദാന ലംഘനം ഇല്ല എന്നുമാണ് സച്ചിദാനന്ദന്റെ വിശദീകരണം. ഗാനം സംബന്ധിച്ച് ഒരു ഗ്യാരന്റിയും ശ്രീകുമാരന്‍ തമ്പിക്ക് നല്‍കിയിട്ടില്ലെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കുന്നു.

സച്ചിദാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്-

ആയിരക്കണക്കിന് സഹൃദയര്‍ എന്റെ നിലപാടിന് പിന്തുണയുമായി വരുന്നുണ്ട്. അവര്‍ അറിയാത്ത ഒരു കാര്യം ശ്രീ. തമ്പിയോട് പാട്ട് ചോദിക്കാന്‍ - അംഗീകരിക്കും എന്ന ഒരു ഗാരണ്ടിയും നല്‍കാതെ -അക്കാദമി സെക്രട്ടറിയോട് നിര്‍ദേശിച്ചത് സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ആണെന്നും അത് പറ്റില്ലെന്ന് കണ്ടെത്തിയത് അവര്‍ കൂടി ഉള്‍പ്പെട്ട കമ്മിറ്റി ആണെന്നും ഉള്ള കാര്യമാണ്. ഇതില്‍ ഒരു വാഗ്ദാന ലംഘനവും ഇല്ല. ഞാന്‍ ആ കമ്മിറ്റിയിലെ വെറും ഒരു അംഗം ആണ്. സന്നിഹിതരായിരുന്നവരില്‍ ഒരാളും വസ്തുനിഷ്ഠകാരണങ്ങളാല്‍ തമ്പിയുടെ ഗാനം അംഗീകാരയോഗ്യമായി കരുതിയില്ല. കേരളഗാനം പ്രോജക്ട് തന്നെ അക്കാദമിയുടെ അല്ല, സര്‍ക്കാരിന്റെതാണ്. ഗാനങ്ങള്‍ ഇപ്പോഴും വരുന്നു, പഴയ കവിതകളും ചിലര്‍ നിര്‍ദ്ദേശിക്കുന്നു. അന്തിമ തീരുമാനം കൃതിയും സംഗീതവും ഒരേ പോലെ സര്‍ക്കാര്‍ കമ്മിറ്റി അംഗീകരിക്കുമ്പോള്‍ മാത്രമേ ഉണ്ടാകൂ.ഈ കാര്യത്തെ എന്തോ വ്യക്തികാര്യമായി , മാനാപമാനകാര്യമായി, അഥവാ, അക്കാദമി കാര്യമായി, ചിത്രീകരിക്കുന്നവരുടെ സത്യസന്ധതയും രാഷ്ട്രീയവും മന: ശാസ്ത്രവും പരിശോധന അര്‍ഹിക്കുന്നു. ഒരു സെന്‍സന്യാസി യെപ്പോലെ മൗനം പാലിക്കാം എന്ന് കരുതിയതാണ്, പക്ഷേ അസത്യപ്രസ്താ വങ്ങളും വാര്‍ത്തകളും തുടര്‍ച്ചയായി വരുന്നതിനാല്‍ ഇത്രയും വ്യക്തമാക്കാതെ വയ്യ എന്ന് തോന്നി. വിമര്‍ശകരുടെ ഭാഷ എനിക്ക് അറിയാത്തതില്‍ ഖേദമില്ല. അത് അവരെത്തന്നെ വെളിപ്പെടുത്തുന്നു . സത്യങ്ങള്‍ എല്ലാം ഞാന്‍ ശ്രീ തമ്പിക്ക് നേരിട്ട് ഇമെയില്‍ ആയി മിനിയാന്നു തന്നെ എഴുതുകയും ചെയ്തിരുന്നു.

നേരത്തെ, ശ്രീകുമാരന്‍ തമ്പിയുടെ ഗാനം നിരസിച്ചത് അതിലെ വരികള്‍ ക്ലീഷേ ആയതുകൊണ്ടാണെന്നായിരുന്നു അക്കാദമി ചെയര്‍മാന്‍ കവി സച്ചിദാനന്ദന്‍ ആദ്യം നടത്തിയ പ്രതികരണം. ഈ നിലപാട് വലിയ വിവാദമാണ് ക്ഷണിച്ചുവരുത്തിയത്. ശ്രീകുമാരന്‍ തമ്പിയുടെ പാട്ട് നിരസിച്ചത് ഒരു സമിതിയാണ്. എല്ലാവര്‍ക്കും പാടാന്‍ കഴിയുന്ന തരത്തില്‍ ലളിതമായ പാട്ടായിരിക്കണം എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. വരികളിലുണ്ടായിരുന്ന ക്ലീഷേ പ്രയോഗങ്ങളും കേരളത്തിന്റെ മതേതര സ്വഭാവത്തില്‍ ഊന്നല്‍ വേണമെന്ന് കമ്മിറ്റി ആവശ്യം പരിഗണിക്കാതിരുന്നതുമാണ് ശ്രീകുമാരന്‍ തമ്പിയുടെ പാട്ട് നിരസിക്കാനുള്ള പ്രധാനകാരണമെന്നും സച്ചിദാനന്ദന്‍ ആരോപിച്ചിരുന്നു.

കേരള ഗാനം: ശ്രീകുമാരന്‍ തമ്പിക്ക് ഗ്യാരന്റി നൽകിയിരുന്നില്ല; വീണ്ടും വിശദീകരണവുമായി സച്ചിദാനന്ദന്‍
കേരളഗാനത്തിലും വാക്‌പോര്; തമ്പിയുടെ വരികൾ ക്ലീഷേയെന്ന് സച്ചിദാനന്ദൻ, അവസരം കാത്തിരുന്ന് അവഹേളിച്ചെന്ന് ശ്രീകുമാരൻ തമ്പി

എന്നാല്‍ സച്ചിദാനന്ദന് തന്നോട് മുന്‍വൈരാഗ്യമുണ്ടായിരുന്നെന്നും അവസരം കാത്തിരുന്ന് തന്നെ അവഹേളിക്കുകയായിരുന്നു എന്നും ശ്രീകുമാരന്‍ തമ്പി തിരിച്ചടിച്ചു. തന്റെ വരികള്‍ ക്ലീഷേയാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നുമായിരുന്നു ആരോപണങ്ങള്‍ക്ക് ശ്രീകുമാരന്‍ തമ്പിയുടെ മറുപടി.

കേരള സാഹിത്യ അക്കാദമിക്ക് വേണ്ടി കേരളഗാനമായി തന്റെ കവിത ആവശ്യപ്പെടുകയും, പലതവണ തിരുത്തിക്കുകയും ചെയ്തു. എന്നിട്ടും ആ പാട്ട് ഉപയോഗിക്കാതെ തന്നെ അപമാനിച്ചു എന്നായിരുന്നു ഗാനരചയിതാവും കവിയുമായ ശ്രീകുമാരന്‍ തമ്പിയുടെ ആരോപണം. സാഹിത്യോത്സവത്തില്‍ പങ്കെടുത്ത തനിക്ക് വണ്ടിക്കൂലിപോലും കൃത്യമായി നല്‍കിയില്ലെന്ന ആരോപണവുമായി കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് രംഗത്തെത്തിയതിനെ തുടര്‍ന്നാണ് ആരോപണവുമായി ശ്രീകുമാരന്‍ തമ്പിയും വരുന്നത്.

logo
The Fourth
www.thefourthnews.in