പ്രായത്തില്‍ തിരിമറി; 36 യുയുസിമാരെ അയോഗ്യരാക്കി കേരള സര്‍വകലാശാല

പ്രായത്തില്‍ തിരിമറി; 36 യുയുസിമാരെ അയോഗ്യരാക്കി കേരള സര്‍വകലാശാല

ബിരുദ പരീക്ഷയില്‍ തിരിമറി നടത്തിയ 37 പേരുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കാനും സിന്‍ഡിക്കേറ്റ് തീരുമാനം

പ്രായത്തില്‍ തിരിമറി നടത്തിയ 36 യുയുസിമാരെ അയോഗ്യരാക്കി കേരള സര്‍വകലാശാല. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടിനെ തുടര്‍ന്നാണ് മറ്റ് കോളേജുകളിലും യൂണിവേഴ്‌സിറ്റി പരിശോധന നടത്തിയത്. ഇതില്‍ 36 കൗണ്‍സിലര്‍മാര്‍ നിശ്ചിത പ്രായപരിധി കഴിഞ്ഞവരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അയോഗ്യരാക്കിയത്. ഇവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യാനും തീരുമാനിച്ചു.

യുയുസി ആള്‍മാറാട്ടവുമായി ബന്ധപ്പെട്ട് കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിന് കേരള സര്‍വകലാശാല ഒന്നര ലക്ഷം രൂപ പിഴയിട്ടു. ആള്‍മാറാട്ടം കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍വകലാശാല തിരെഞ്ഞെടുപ്പ് മാറ്റിവയ്‌ക്കേണ്ടി വന്ന സാഹചര്യത്തിലാണ് കോളേജിന് പിഴയീടാക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തത്. തിരഞ്ഞെടുപ്പ് മാറ്റിവച്ചതിലൂടെയുണ്ടായ നഷ്ടം കോളേജില്‍ നിന്നും തന്നെ ഈടാക്കാനുള്ള തീരുമാനത്തെത്തുടര്‍ന്ന് 1,55,938 രൂപയാണ് കോളേജിനോട് അടയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മുപ്പതോളം കോളേജുകള്‍ തിരഞ്ഞെടുപ്പ് വിവരങ്ങള്‍ സർവകലാശാലയെ അറിയിച്ചിട്ടില്ല. ആ കോളേജുകളില്‍ ചട്ടപ്രകാരം തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ടെങ്കില്‍ അറിയിക്കാനും സര്‍വകലാശാല നിര്‍ദേശിച്ചിട്ടുണ്ട്. യുയുസിമാരെ അയോഗ്യരാക്കാനുള്ള നടപടിക്ക് പുറമെ മൂന്നുവര്‍ഷം മുൻപ് നടന്ന ബിരുദ പരീക്ഷയില്‍ തിരിമറി നടത്തിയ 37 പേരുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കാനും സിന്‍ഡിക്കേറ്റ് തീരുമാനമായി. അനര്‍ഹമായി നല്‍കിയ ഗ്രേസ് മാര്‍ക്ക് ഉള്‍പ്പടെ അറുന്നൂറോളം വിദ്യാര്‍ഥികള്‍ക്ക് കൂട്ടി നല്‍കിയ മാര്‍ക്ക് അവരുടെ പ്രൊഫൈലില്‍ നിന്ന് നീക്കം ചെയ്യാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്.

മാര്‍ക്ക് തിരിമറിയുമായി ബന്ധപ്പെട്ട് ഒരു സെക്ഷന്‍ ഓഫീസറെ സര്‍വീസില്‍ നിന്നും സര്‍വകലാശാല പിരിച്ചുവിട്ടുവെങ്കിലും ഇത് സംബന്ധിച്ച് പോലീസിന് കൃത്യമായ വിവരങ്ങള്‍ നല്‍കുകയോ വ്യാജ റിസള്‍ട്ടുകള്‍ റദ്ദാക്കാനുള്ള നിര്‍ദേശങ്ങള്‍ പരീക്ഷാ വിഭാഗത്തിന് നല്‍കുകയോ അധികൃതര്‍ ചെയ്തിരുന്നില്ല.

മൂന്ന് വര്‍ഷം മുന്‍പ് തോറ്റ വിദ്യാര്‍ഥികള്‍ക്ക് കൃത്രിമമായി നല്‍കിയ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകളും ഉയര്‍ന്ന മാര്‍ക്കുകളും റദ്ദാക്കുന്നില്ലെന്ന വിവരം സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണറുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് ഗവര്‍ണറുടെ നിര്‍ദേശപ്രകാരം വൈസ് ചാന്‍സലര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്കുകളും റദ്ദാക്കാനുള്ള നിര്‍ദ്ദേശം നല്‍കിയത്

logo
The Fourth
www.thefourthnews.in