'എണ്ണിത്തോൽപ്പിക്കലിന്' രേഖകളുണ്ടോ; 
കേരള വർമയിൽ ചെയർമാന് ചുമതലയേൽക്കാം, മറ്റ് നടപടികൾ അന്തിമ വിധിക്കുശേഷം: ഹൈക്കോടതി

'എണ്ണിത്തോൽപ്പിക്കലിന്' രേഖകളുണ്ടോ; കേരള വർമയിൽ ചെയർമാന് ചുമതലയേൽക്കാം, മറ്റ് നടപടികൾ അന്തിമ വിധിക്കുശേഷം: ഹൈക്കോടതി

ചെയർമാൻ ചുമതലേയൽക്കുന്നത് തടയണമെന്ന് ഇടക്കാല ഉത്തരവിടണമെന്ന ഹർജിക്കാരന്റെ ആവശ്യം കോടതി നിരസിച്ചു.

തൃശൂർ കേരള വർമ കോളജ് യൂണിയൻ ചെയർമാൻ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബാഹ്യ ഇടപെടലുണ്ടായോയെന്ന് കോടതി. രേഖകൾ ഹാജരാക്കാൻ റിടേണിംഗ് ഓഫിസറോട് കോടതി നിർദേശിച്ചു. ചെയർമാൻ ചുമതലേയൽക്കുന്നത് തടയണമെന്ന് ഇടക്കാല ഉത്തരവിടണമെന്ന ഹർജിക്കാരന്റെ ആവശ്യം കോടതി നിരസിച്ചു.

വീണ്ടും തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് കെ എസ് യു സ്ഥാനാർഥി എസ് ശ്രീക്കുട്ടൻ നല്‍കിയ ഹർജിയിലാണ് ജസ്റ്റിസ് ടി ആർ രവിയുടെ ഇടപടൽ. ശ്രീക്കുട്ടനെ വിജയിയായി പ്രഖ്യാപിച്ചതിന് രേഖകളുണ്ടോയെന്നും കോടതി ചോദിച്ചു. വാക്കാൽ പ്രഖ്യാപിച്ചിരുന്നുവെന്ന് ശ്രീകുട്ടന് വേണ്ടി ഹാജരായ അഡ്വ. മാത്യു കുഴൽനാടൻ കോടതിയെ അറിയിച്ചു.

താൻ ഒരു വോട്ടിന് വിജയിച്ചു എന്ന് ആദ്യം പ്രഖ്യാപിച്ചെങ്കിലും വീണ്ടും എണ്ണി എതിർ സ്ഥാനാർഥി എസ് എഫ് ഐ യുടെ കെ എസ് അനിരുദ്ധ് 10 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിച്ചെന്നുമാരോപിച്ചാണ് ഹർജി. ബാലറ്റടക്കം കേടുവരുത്തിയ സാഹചര്യത്തിൽ വീണ്ടും ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം. വിഷയത്തില്‍ കോളേജ് മാനേജർ, പ്രിൻസിപ്പല്‍ എന്നിവരെ കക്ഷി ചേർക്കണമെന്ന് വ്യക്തമാക്കിയ കോടതി എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. ഹര്‍ജി കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

ബാഹ്യശക്തികളുടെ ഇടപെടലിനെ തുടർന്നാണ് പ്രിൻസപ്പലിന്റെ എതിർപ്പ് മറികടന്ന് വോട്ട് വീണ്ടും എണ്ണിയതെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ ഫോൺ കോൾ ലഭിച്ചതിന് പിന്നാലെ റിട്ടേണിങ് ഓഫീസർ വീണ്ടും വോട്ട് എണ്ണാൻ തീരുമാനിക്കുകയായിരുന്നു. അർധ രാത്രിയിലാണ് റീ കൗണ്ടിങ് നടന്നത്. അതിനിടയിൽ വൈദ്യുതിയും മുടങ്ങി. ബാലറ്റ് പേപ്പർ കേടുവരുത്തിയതിന് പുറമെ ആദ്യം എണ്ണിയപ്പോൾ അസാധുവായി പ്രഖ്യാപിച്ച വോട്ടുകൾ സാധുവായി മാറുകയും ചെയ്തുവെന്നും ഹർജിയിൽ ആരോപിക്കുന്നു.

logo
The Fourth
www.thefourthnews.in