'ഉന്നത വിദ്യാഭ്യാസരംഗം തകര്‍ന്നെന്ന ഗവര്‍ണറുടെ നിലപാട് ശരിയല്ല'; വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടിയുമായി വിസി

'ഉന്നത വിദ്യാഭ്യാസരംഗം തകര്‍ന്നെന്ന ഗവര്‍ണറുടെ നിലപാട് ശരിയല്ല'; വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടിയുമായി വിസി

എസ്എഫ്ഐ നേതാവായിരുന്ന നിഖില്‍ തോമസുമായി ബന്ധപ്പെട്ട് കായംകുളം എംഎസ്എം കോളേജ് നല്‍കിയ വിശദീകരണത്തില്‍ ത്യപ്തനല്ലെന്ന് വി സി

താൻ ഒരേ സമയം രണ്ട് സര്‍വകലാശാലകളില്‍ പഠിച്ചുവെന്ന ആരോപണം തള്ളി കേരള സർവകലാശാല വൈസ് ചാൻസിലർ മോഹനനന്‍ കുന്നുമ്മല്‍. വി സി 1988 നും 1991നുമിടയില്‍ കേരള സര്‍വകലാശാലയിലും അലിഗഡ് സര്‍വകലാശാലയിലും പഠിച്ചുവെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

നിയമപ്രകാരം അങ്ങനെ പഠിക്കാന്‍ കഴിയില്ലന്ന് പറഞ്ഞ മോഹൻ കുന്നുമ്മൽ, തനിക്കെതിരായ പരാതിക്ക് പിന്നില്‍ വി സി പദം ആഗ്രഹിച്ചയാളാണെന്ന് ആരോപിച്ചു. മുമ്പ് മെഡിക്കല്‍ കൗണ്‍സിലിലും ഹൈക്കോടതിയിലും ഇതുമായി ബന്ധപ്പെട്ട പരാതികൾ ഉയര്‍ന്നപ്പോള്‍ ക്ലീന്‍ ചിറ്റ് ലഭിച്ചതാണെന്നും മോഹനന്‍ കുന്നുമ്മല്‍ അവകാശപ്പെട്ടു.

എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ് വ്യാജരേഖ ചമച്ചുവെന്ന് ഉറപ്പായശേഷമാണ് നടപടി എടുത്തത്. ഇതുസംബന്ധിച്ച കായംകുളം എംഎസ്എം കോളേജിന്റെ വിശദീകരണം ഇന്നലെ ലഭിച്ചു. കോളേജ് നല്‍കിയ വിശദീകരണത്തില്‍ വൈസ് ചാന്‍സിലര്‍ എന്ന നിലയില്‍ ത്യപ്തനല്ല. ചില സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അത് വിശദമായി പഠിക്കാനായി രജിസ്ട്രാര്‍ക്ക് കൈമാറിയെന്ന് വി സി പറഞ്ഞു. കോളേജ് അധിക്യതര്‍ അറിയാതെ വ്യാജ സര്‍ട്ടിഫിക്കറ്റുമായി എത്തിയ നിഖില്‍ തോമസിന് അഡ്മിഷന്‍ ലഭിക്കില്ലായിരുന്നുവെന്ന വിശ്വസത്തിലാണ് വി സി. കോളേജിനെതിരെ നടപടിയെടുക്കുമെന്നാണ് സൂചന, ഇതിനായി 27ന് സിന്‍ഡിക്കേറ്റ് യോഗം വിളിച്ചു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം തകര്‍ന്നുവെന്ന ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നിലപാട് വിസി തള്ളി. തനിക്കങ്ങനെയൊരു അഭിപ്രായമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ആരോഗ്യസര്‍വകലാശാല അടുത്തിടെ കൈവരിച്ച നേട്ടങ്ങൾ വിവരിച്ചു. ആരോഗ്യ സര്‍വകലാശാല വി സിയായ മോഹനന്‍ കുന്നുമ്മലിന് കേരള സര്‍വകലാശാലയുടെ വിസിയുടെ അധികച്ചുമതല നല്‍കിയത് ഗവര്‍ണറാണ്.

കെഎസ് യു നേതാവ് അന്‍സില്‍ ജലീലിനെതിരെ സർവകലാശാല പരാതി നല്‍കിയിട്ടില്ലെന്ന് വി സി മോഹനന്‍ കുന്നുമ്മല്‍

വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്ന് എസ്എഫ്ഐ ആരോപിച്ച കെഎസ് യു നേതാവ് അന്‍സില്‍ ജലീലിനെതിരെ കേരള സര്‍വകലാശാല പോലീസില്‍ പരാതി നല്‍കിയിട്ടില്ലെന്ന് വി സി പറഞ്ഞു. ഒരു പത്രത്തില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍, സര്‍വകലാശാലയുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ അതേക്കുറിച്ച് അന്വേഷിക്കാനാണ് പരാതി നല്‍കിയത്. ഇതേത്തുടർന്ന് അന്‍സില്‍ ജലീലിനെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

logo
The Fourth
www.thefourthnews.in