ഇത്തവണ കാലവര്‍ഷം പതിവിലും നേരത്തെ; കനത്ത മഴ പ്രവചിച്ച്‌ കാലാവസ്ഥാ കേന്ദ്രം

ഇത്തവണ കാലവര്‍ഷം പതിവിലും നേരത്തെ; കനത്ത മഴ പ്രവചിച്ച്‌ കാലാവസ്ഥാ കേന്ദ്രം

ഇത്തവണ മേയ് അവസാനത്തോടെ കാലവര്‍ഷം ആരംഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

സംസ്ഥാനത്ത് ഈ വര്‍ഷം ശക്തമായ കാലവര്‍ഷം പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടുനില്‍ക്കുന്ന കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് ആദ്യ ഘട്ട പ്രവചനം. സാധാരണഗതിയില്‍ 2018.6 മില്ലിമീറ്റര്‍ മഴയാണ് കേരളത്തില്‍ ലഭിക്കുക. എന്നാല്‍ കഴിഞ്ഞ വര്‍ഷം 1327 മില്ലിമീറ്റര്‍ മാത്രമായിരുന്നു പെയ്തത്.

2023-ന് മുമ്പുള്ള വര്‍ഷങ്ങളെ അപേക്ഷിച്ച് 34 ശതമാനം മഴയുടെ കുറവാണ് കഴിഞ്ഞകുറി സംസ്ഥാനം അനുഭവിച്ചത്. ഇത് വ്യാപക കൃഷി നാശങ്ങള്‍ക്കും കുടിവെള്ള ക്ഷാമത്തിനും വഴിവച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം സാധാരണയില്‍ കവിഞ്ഞ മഴ ലഭിക്കുമെന്നാണ് സൂചന. എല്‍നിനോ പ്രതിഭാസമായിരുന്നു കഴിഞ്ഞ തവണ വില്ലനായത്.

നിലവില്‍ എല്‍നിനോ പ്രതിഭാസം നിലനില്‍ക്കുന്നുണ്ടെങ്കിലും ജൂണില്‍ കാലവര്‍ഷത്തിന്റെ ആരംഭത്തോടെ അത് ദുര്‍ബലമായി മാറുമെന്നും ജൂണ്‍ പകുതിയോടെ അത് ന്യൂട്രല്‍ സ്ഥിയിലേക്കു മാറുമെന്നും പിന്നീട് 'ലാനിന' പ്രതിഭാസമുണ്ടാകാന്‍ സാധ്യതയുണ്ടെന്നുമാണ് പ്രവചനം.

നിലവില്‍ ന്യൂട്രല്‍ സ്ഥിതിയില്‍ തുടരുന്ന ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വിധ്രൂവ പ്രതിഭാസവും ലാ നിന പ്രതിഭാസവും ഒരുമിച്ചു സജീവമാകാനുള്ള സാധ്യതയാണ് കാണുന്നതെന്നും ഇത് കാലവര്‍ഷം ശക്തമാകാന്‍ സഹായിക്കുമെന്നും പ്രവചനത്തില്‍ പറയുന്നു. അതിനു പുറമേ സംസ്ഥാനത്ത് കാലവര്‍ഷം നേരത്തെയെത്താനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സാധാരണ ജൂണ്‍ രണ്ടാം വാരത്തോടെ ആരംഭിച്ച് സെപ്റ്റംബര്‍ രണ്ടാം വാരം വരെയാണ് കേരളത്തില്‍ കാലവര്‍ഷം അനുഭവപ്പെടുന്നത്. ഇത്തവണ അത് മേയ് അവസാനത്തോടെ ആരംഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഈ വര്‍ഷം അവസാനത്തോടെ എല്‍നിനോ പ്രതിഭാസം അവസാനിക്കുമെന്ന് നേരത്തെ രാജ്യാന്തര തലത്തിലുള്ള കാലാവസ്ഥാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

logo
The Fourth
www.thefourthnews.in