പുതിയ കോവിഡ് കേസുകളില്ലാതെ കേരളം; മൂന്ന് വര്‍ഷത്തിനിടെ ആദ്യം

പുതിയ കോവിഡ് കേസുകളില്ലാതെ കേരളം; മൂന്ന് വര്‍ഷത്തിനിടെ ആദ്യം

2020 മെയ് ഏഴിനായിരുന്നു നേരത്തെ കോവിഡ് കേസുകള്‍ ഇല്ലാത്ത ദിനമായി രേഖപ്പെടുത്തിയത്

മൂന്ന് വര്‍ഷത്തിന് ശേഷം കേരളത്തില്‍ കോവിഡ് കേസുകള്‍ പൂജ്യത്തിലേക്ക്. ബുധനാഴ്ചയാണ് കേരളത്തില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ദിനമായി ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നത്. 2020 മെയ് ഏഴിനായിരുന്നു നേരത്തെ കോവിഡ് കേസുകള്‍ ഇല്ലാത്ത ദിനമായി രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ആയിരത്തിലധികം ആക്ടീവ് കേസുകളാണ് നിലവിലുള്ളത്.

കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ കൊവിഡ് ബാധിച്ച് ചികിൽസയിലുള്ളത് 5പേർ മാത്രമാണ്. ജൂലൈ നാലിന് ഒരു കോവിഡ്  കേസാണ്  കേരളത്തിൽ റിപ്പോർട് ചെയ്തിട്ടുള്ളത്. പ്രതിദിനം 600ൽ അധികം പേരെയാണ് നിലവില്‍ പരിശോധിക്കുന്നത്. വരും ദിവസങ്ങളിൽ കേസുകൾ കുറയും എന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ്. 

പുതിയ കോവിഡ് കേസുകളില്ലാതെ കേരളം; മൂന്ന് വര്‍ഷത്തിനിടെ ആദ്യം
തലച്ചോറിനെ നശിപ്പിക്കുന്ന അമീബ ബാധിച്ച് പതിനഞ്ചുകാരൻ മരിച്ചു; രോഗംപിടിപെട്ടത് മലിനജലത്തിൽ കുളിച്ചതിനെത്തുടർന്ന്

2019 ഡിസംബറിൽ  ചൈനയിൽ റിപ്പോർട് ചെയ്യപ്പെട്ട കോവിഡ് ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. 2020 ജനുവരി 30 നാണ് ചൈനയിൽ നിന്നും കേരളത്തിലെത്തിയ മലയാളി വിദ്യാർത്ഥിനിയിൽ കോവിഡ് സ്ഥിരീകരിച്ചത്. 2020 ഫെബ്രുവരിയിൽ രണ്ടാമത്തെ കേസും റിപ്പോർട്ട് ചെയ്യപ്പെട്ടു. തുടർന്നങ്ങോട്ട് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് പടർന്നു പിടിച്ചു. ഇതിനിടെ രാജ്യം ലോക്ക് ഡൗണിലേക്ക് പോയി.

പുതിയ കോവിഡ് കേസുകളില്ലാതെ കേരളം; മൂന്ന് വര്‍ഷത്തിനിടെ ആദ്യം
മനുഷ്യൻ്റെ തലച്ചോറിനെ തുരക്കുന്ന അമീബ

കേരളത്തിൽ ഒന്നും രണ്ടും കേസുകൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയെങ്കിലും 2020 മെയ് 5 ന് ഒരു കേസും റിപ്പോർട് ചെയ്യാത്ത ദിവസമായിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ കേസുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചു. പത്തും ഇരുപതുമായി വർധിച്ച കേസുകൾ നൂറും ആയിരവും കടന്നു. 2022 ജനുവരി 25ന് കേരളത്തിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തു. 55475 കേസുകൾ. മഹാരാഷ്ട്രയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം. 2022 ജനുവരി 20 ന് രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണ് മൂന്നു ലക്ഷം കടന്നു. കൃത്യമായി പറഞ്ഞാൽ 3,47, 254. ഇന്ത്യയിൽ 5,31,912 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കേരളത്തിൽ മാത്രം 71, 944 പേർ ഇതുവരെ കോവിഡ് മൂലം മരിച്ചുവെന്നാണ് കണക്ക്. 

കോവിഡിനെതിരെയുള്ള പ്രതിരോധ വാക്സിനുകൾ വന്നതോടെയാണ് ലോകമെങ്ങും ആശ്വാസമായത്. വാക്സിനേഷൻ പുരോഗമിച്ചതോടെ കേസുകളുടെ എണ്ണത്തിലും കുറവ് വന്നു തുടങ്ങി.

കേരളത്തിന്റെ ചിട്ടയായ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ തന്നെയാണ് രോഗത്തെ പിടിച്ച് കെട്ടുന്നതിനും ഇപ്പോള്‍ കൈവരിച്ച ഈ നേട്ടത്തിനും പിന്നിലെന്നാണ്  ഡാറ്റ അനലിസ്റ്റ്  പാലക്കാട് ഒറ്റപ്പാലം  സ്വദേശി എൻ സി  കൃഷ്ണപ്രസാദിന്റെ അഭിപ്രായം. രാജ്യത്തെ ആദ്യത്തെ കോവിഡ് കേസ് മുതൽ ഇതുവരെയുള്ള കോവിഡ് കണക്കുകൾ രേഖപ്പെടുത്തുന്ന വ്യക്തിയാണ് എൻ സി  കൃഷ്ണപ്രസാദ്.

ഒമിക്രോൺ തരംഗമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.  കോവിഡ് ബാധിതരിൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്നും പുതിയ വകഭേദം വരില്ലായെന്ന് ഉറപ്പ് പറയാനാവില്ലെന്നും കൃഷ്ണപ്രസാദ് ദ ഫോര്‍ത്തിനോട് പ്രതികരിച്ചു.

അതേസമയം, കേരളത്തില്‍ കാലവര്‍ഷം ശക്തമായതിന് പിന്നാലെ പനി ബാധിതരുടെ എണ്ണം വര്‍ധിച്ചു. സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെയും പകര്‍ച്ചപ്പനി ബാധിതരുടെയും എണ്ണത്തില്‍ വന്‍ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 11,662 പേരാണ് ഇന്ന് പനി ബാധിച്ച് ചികിത്സ തേടിയത്. ഇന്ന് മാത്രം സംസ്ഥാനത്ത് 127 പേർക്ക് ഡെങ്കിപ്പനിയും 11 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചെന്നാണ് കണക്കുകള്‍. കഴിഞ്ഞ മാസം 13,93,429 പേര്‍ക്കു പകര്‍ച്ചപ്പനി ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.

logo
The Fourth
www.thefourthnews.in