ഹെലന്‍ മോനായിയും ഭർത്താവ് മൈക്കല്‍ മാത്യൂസും
ഹെലന്‍ മോനായിയും ഭർത്താവ് മൈക്കല്‍ മാത്യൂസും

റൂമറ്റോയ്ഡ് ആർത്രൈറ്റിസിനെ വെല്ലുവിളിച്ച് എവറസ്റ്റ് ബേസ് ക്യാമ്പ് കയറി മലയാളി യുവതി

ഞങ്ങള്‍ 4000 മീറ്റര്‍ ഉയരത്തില്‍ എത്തിയപ്പോള്‍ എനിക്ക് പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടു. തിരിച്ചു വരുന്നതിനെക്കുറിച്ചുപോലും ഞങ്ങള്‍ ചിന്തിച്ചു

സാഹസിക യാത്ര ഇഷ്ടപ്പെടുന്ന മിക്കവരുടെയും ബക്കറ്റ് ലിസ്റ്റിലുള്ള ഇടമാണ് എവറസ്റ്റ് ബേസ് ക്യാമ്പ്. 5,364 മീറ്ററിലധികം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടേക്കുള്ള യാത്ര പൂര്‍ണ ആരോഗ്യത്തോടെയുള്ള ആളുകൾക്കും ഏറ്റവും പരിചയസമ്പന്നരായ പർവതാരോഹകർക്ക് പോലും വലിയ വെല്ലുവിളിയാണ്. എന്നാല്‍ ഇവിടെ റൂമറ്റോഡ് ആര്‍ത്രറ്റൈസ് എന്ന രോഗത്തോട് പൊരുതുന്ന ഹെലന്‍ മോനായിക്ക് പറയാനുള്ളത് നിശ്ചയദാര്‍ഢ്യത്തിന്റെയും സ്വപ്‌നസാക്ഷാത്കാരത്തിന്റെയും കഥയാണ്.

തിരുവനന്തപുരം സ്വദേശിയാണ് ഇരുപത്തിയൊന്‍പതുകാരിയായ ഹെലന്‍ മോനായി. ആരോഗ്യസ്ഥിതി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലും ഹെലന്‍ ഭര്‍ത്താവ് മൈക്കല്‍ മാത്യൂസിനൊപ്പം എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് ട്രെക്കിങ് നടത്തി. ''എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള ട്രെക്കിങ് എല്ലായ്‌പ്പോഴും എന്റെ ബക്കറ്റ് ലിസ്റ്റിലുണ്ട്. വളരെക്കാലമായി ഞങ്ങള്‍ ഇത് ആസൂത്രണം ചെയ്യുന്നുണ്ട്. എന്നാല്‍ എന്റെ ആരോഗ്യസ്ഥിതി കാരണം ഞങ്ങള്‍ അത് ചെയ്യാന്‍ മടിച്ചു. ഒടുവില്‍ വളരെയധികം ചര്‍ച്ചകള്‍ക്കും അന്വേഷണങ്ങൾക്കും ശേഷം ഡിസംബറില്‍ ഞങ്ങള്‍ ട്രെക്കിങ് നടത്തി''- ഹെലന്‍ പറയുന്നു.

'മൂന്നാം ദിനം താപനില വളരെയധികം കുറഞ്ഞതിനാല്‍ ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാന്‍ തുടങ്ങി. എന്റെ ആരോഗ്യം വഷളാവുകയും ശ്വാസ സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുകയും ചെയ്തു'

ഹെലൻ

യാത്രയ്ക്ക് മുന്‍പ് ഡോക്ടറില്‍ നിന്ന് ഉപദേശം തേടുകയും സമഗ്രമായ ആരോഗ്യ പരിശോധന നടത്തുകയും ചെയ്തിരുന്നു. ''ട്രെക്കിങിനായി എന്റെ ശരീരം തയ്യാറാക്കേണ്ടതുണ്ടെന്ന് മനസ്സിലാക്കി. വ്യായാമങ്ങള്‍ ചെയ്യാന്‍ തുടങ്ങി. ഞങ്ങള്‍ ന്യൂഡല്‍ഹിയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് യാത്ര ചെയ്തു. ഡിസംബര്‍ 28 ന് ലുക്ലയില്‍ നിന്ന് ആരംഭിച്ച ട്രെക്കിങ് 13 ദിവസം നീണ്ടതായിരുന്നു. ആദ്യത്തെ കുറച്ച് ദിവസങ്ങള്‍ പ്രശ്‌നങ്ങള്‍ ഇല്ലാതെ പോയെങ്കിലും മൂന്നാം ദിനം താപനില വളരെയധികം കുറഞ്ഞതിനാല്‍ ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാന്‍ തുടങ്ങി. എന്റെ ആരോഗ്യം വഷളാവുകയും ശ്വാസ സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുകയും ചെയ്തു,' ഹെലന്‍ കൂട്ടിച്ചേര്‍ത്തു.

തോളില്‍ എട്ട് കിലോ ബാഗുകള്‍ വഹിച്ചായിരുന്നു ഇവരുടെ യാത്ര. ലോബോച്ചെയില്‍ എത്തിയപ്പോഴാണ് യഥാര്‍ത്ഥ പോരാട്ടം ആരംഭിച്ചത്. ''ഞങ്ങള്‍ 4000 മീറ്റര്‍ ഉയരത്തില്‍ എത്തിയപ്പോള്‍ എനിക്ക് പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടു. തിരിച്ച് വരുന്നതിനെക്കുറിച്ചുപോലും ഞങ്ങള്‍ ചിന്തിച്ചു. എന്നാല്‍ കുറച്ച് നേരം വിശ്രമിച്ചപ്പോള്‍ സാധാരണ നിലയിലായി. ഒടുവില്‍ ഒന്‍പതാം ദിവസം ബേസ് ക്യാമ്പില്‍ എത്താന്‍ കഴിഞ്ഞു. എല്ലാ വെല്ലുവിളികള്‍ ഉണ്ടായിട്ടും അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തുഷ്ടയായിരുന്നു''- ഹെലന്‍ പറഞ്ഞു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കൊടുമുടികള്‍ കയറാനുള്ള ഒരുക്കത്തിലാണ് ഹെലന്‍.

logo
The Fourth
www.thefourthnews.in