കിഫ്ബി ഇത്തവണയും ബജറ്റിന് പുറത്ത്; സാമൂഹിക സുരക്ഷ പെന്‍ഷന്‍ കമ്പനി പുതിയ വായ്പകളെടുക്കില്ല

കിഫ്ബി ഇത്തവണയും ബജറ്റിന് പുറത്ത്; സാമൂഹിക സുരക്ഷ പെന്‍ഷന്‍ കമ്പനി പുതിയ വായ്പകളെടുക്കില്ല

കേരളത്തെ സാമ്പത്തികപ്രതിസന്ധിയിലേക്ക് തള്ളിവിട്ടതില്‍ കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് കേന്ദ്രം ആരോപിക്കുന്നിതിനിടെയാണ് ബജറ്റില്‍നിന്ന് ഇവ ഒഴിവാക്കിയിരിക്കുന്നത്

സംസ്ഥാന ബജറ്റില്‍ കിഫ്ബി വഴി ഇത്തവണയും പുതിയ പദ്ധതികളില്ല. നേരത്തെ തുടങ്ങിയ പദ്ധതികള്‍ സമബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മാത്രമാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞത്.

''സംസ്ഥാനത്തെ വന്‍കിട അടിസ്ഥാന വികസനത്തിനുവേണ്ടി റോഡുകള്‍, പാലങ്ങള്‍, ആരോഗ്യം, കുടിവെള്ള വിതരണം, ഇറിഗേഷന്‍, ടൂറിസം, കായികം, വിദ്യാഭ്യാസം, ഊര്‍ജം തുടങ്ങിയ പദ്ധതികളിലായി 62,454.18 കോടി രൂപയുടെ 1066 അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കും 20,000 കോടി രൂപയുടെ ലാൻഡ് അക്വസിഷന്‍ പൂളില്‍ ഉള്‍പ്പെടുത്തി ഏഴ് പദ്ധതികള്‍ക്കും ഇതുവരെ കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതില്‍ 32,738.25 കോടിയുടെ ടെൻഡർ നടപടികള്‍ പൂര്‍ത്തിയാക്കി. ടെൻഡർ നടപടികള്‍ പൂര്‍ത്തിയാക്കിയ 595 പദ്ധതികള്‍ പ്രവൃത്തി ആരഭിച്ചിട്ടുമുണ്ട്. 14, 830.76 കോടിയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കാനും കിഫ്ബിക്ക് കഴിഞ്ഞിട്ടുണ്ട്. നിലവില്‍ 21,817 കോടി രൂപയുടെ പദ്ധതികള്‍ പ്രവൃത്തി പുരോഗതിയിലാണ്. അംഗീകാരം നല്‍കിയ പദ്ധതികള്‍ക്കായി നാളിതുവരെ 27,522 കോടിരൂപ ചെലവഴിച്ചു കഴിഞ്ഞു'' എന്ന് മാത്രമാണ് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി പറഞ്ഞത്.

കഴിഞ്ഞ ബജറ്റിലും കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നില്ല. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റുകളില്‍ ഭൂരിഭാഗം പദ്ധിതകളും കിഫ്ബി മുഖേന നടപ്പിലാക്കാനുള്ള നീക്കമാണ് നടത്തിയിരുന്നത്. എന്നാല്‍, കെ എന്‍ ബാലഗോപാലിന്റെ ബജറ്റുകളില്‍നിന്ന് കിഫ്ബി പുറത്താകുന്ന സാഹചര്യമാണുള്ളത്.

സാമൂഹിക സുരക്ഷ പെന്‍ഷന്‍ കമ്പനിയും പുതിയ വായ്പകളെടുക്കുന്നില്ല. ''സംസ്ഥാനത്ത് 62 ലക്ഷത്തോളം ആളുകള്‍ക്കാണ് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കിവരുന്നത്. രാജ്യത്ത് ഏറ്റവും മികച്ച നിരക്കില്‍ പെന്‍ഷന്‍ നല്‍കുന്ന സംസ്ഥാനം നമ്മുടേതാണ്. പ്രതിമാസം 1,600 രൂപ നിരക്കില്‍ പെന്‍ഷന്‍ നല്‍കുന്നതിനായി പ്രതിവര്‍ഷം വേണ്ടിവരുന്നത് 9,000 കോടി രൂപയാണ്. സാമൂഹിക സുരക്ഷാ പെന്‍ഷന് കൃത്യമായി നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ചില നടപടികള്‍ മൂലം അത് വൈകുന്ന നിലയുണ്ടായിട്ടുണ്ട്,'' ധനമന്ത്രി പറഞ്ഞു.

കിഫ്ബി ഇത്തവണയും ബജറ്റിന് പുറത്ത്; സാമൂഹിക സുരക്ഷ പെന്‍ഷന്‍ കമ്പനി പുതിയ വായ്പകളെടുക്കില്ല
ധനക്കമ്മി 44,529 കോടി; അറിയാം നൂറു പോയിന്റുകളിലൂടെ കേരള ബജറ്റ് 2024-25

പെന്‍ഷന്‍ നല്‍കാനായി രൂപീകരിച്ച കേള സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കമ്പനി ലിമിറ്റഡ് സമാഹരിച്ച 35,000 കോടി രൂപയില്‍ 24,000 കോടി രൂപയും തിരിച്ചടച്ചിട്ടുണ്ട്. എന്നാല്‍, പെന്‍ഷന്‍ കമ്പനിയിലൂടെ പുതുതായി ധനസമാഹരണം നടത്തി ക്ഷേമപെന്‍ഷന്‍ സമയബന്ധിതമായി ജനങ്ങളിലേക്ക് എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ല. പെന്‍ഷന്‍ കമ്പനിയുടെ ഈ ധനസമാഹരണത്തെ സര്‍ക്കാരിന്റെ പൊതുകടമായി കണക്കാക്കി പെന്‍ഷന്‍ വിതരണത്തിന് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയാണ്. കൂടാതെ സാമുഹിക ക്ഷേമ പെന്‍ഷന്‍ നല്‍കുന്നതിന് വെറും നാമമാത്രമായ സഹായമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. അതുപോലും കൃത്യമായി നല്‍കാത്ത സാഹചര്യമാണ്. അടുത്ത സാമ്പത്തിക വര്‍ഷം കൃത്യമായും സമയബന്ധിതമായും സാമുഹിക ക്ഷേമ പെന്‍ഷന്‍ കൊടുത്തുതീര്‍ക്കാനുള്ള പ്രത്യേക നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ബജറ്റില്‍ പറയുന്നു.

ബജറ്റിന് പുറത്ത് കിഫ്ബിക്കും സാമൂഹിക സുരക്ഷ പെന്‍ഷന്‍ കമ്പനിക്കും വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രധാനമായും കടമെടുത്തുകൊണ്ടിരുന്നത്. സാമൂഹിക സുരക്ഷ പെന്‍ഷന്‍ കമ്പനിക്ക് ബജറ്റിലൂടെ നല്‍കുന്ന എല്ലാ സഹായവും നിര്‍ത്തലാക്കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും എടുക്കുന്ന കടമാണെന്ന് കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിനുവേണ്ടി കടമെടുക്കുന്ന കിഫ്ബിക്കും സാമൂഹിക സുരക്ഷ പെന്‍ഷന്‍ കമ്പനിക്കും സ്വന്തമായി വരുമാനമില്ലെന്നും കടമെടുക്കുന്ന പണം, കേരളം ഉത്പാദന മേഖലകളിലല്ല നിക്ഷേപിക്കുന്നതെന്നും പെന്‍ഷന്‍, ശമ്പളം എന്നിവപോലുള്ള ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കാണെന്നും കേന്ദ്രം ആരോപിച്ചിട്ടുണ്ട്.

2021-22 സാമ്പത്തിക വര്‍ഷം കിഫ്ബിയുടെ ആകെ വരുമാനത്തിന്റെ 93.6 ശതമാനം സംസ്ഥാനം നല്‍കിയ പണമാണ്. 6.40 ശതമാനം നിക്ഷേപങ്ങളില്‍നിന്ന് ലഭിച്ച പലിശയും. പെട്രോള്‍ സെസ്, മോട്ടര്‍ വാഹന നികുതി എന്നിവയില്‍നിന്ന് ലഭിക്കുന്ന പണമാണ് കിഫ്ബിക്ക് കൈമാറുന്നതെന്നും കുറിപ്പില്‍ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in