വിഷ്ണുവും സഹോദരൻ വിഘ്നേഷും
വിഷ്ണുവും സഹോദരൻ വിഘ്നേഷും

കിളികൊല്ലൂർ സ്റ്റേഷൻ മർദനം: പോലീസുകാര്‍ക്കെതിരെ അന്വേഷണം വേണം; സൈനികനും സഹോദരനും ഹൈക്കോടതിയില്‍

എഫ്‌ഐആർ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യം

കൊല്ലം കിളികൊല്ലൂരിൽ പോലീസ് മർദനത്തിന് ഇരയായ സൈനികനും സഹോദരനും ഹൈക്കോടതിയെ സമീപിച്ചു. കുറ്റക്കാരായ പോലീസുകാർക്കെതിരെ ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. തങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.

സെപ്റ്റംബർ 25നായിരുന്നു വിഷ്ണുവും സഹോദരൻ വിഘ്നേഷും പോലീസിന്റെ ക്രൂരതയ്ക്ക് ഇരയായത്. എംഡിഎംഎ കേസിലെ പ്രതിയെ ജാമ്യത്തിലിറക്കാൻ വന്ന വിഘ്‌നേഷും വിഷ്ണുവും പോലീസുകാരോട് കയർത്ത് സംസാരിക്കുകയും തുടർന്ന് റൈറ്ററെ മർദ്ദിച്ചെന്നുമായിരുന്നു പോലീസിന്റെ ആരോപണം. ഇരുവരുടെയും മർദനത്തില്‍ പ്രകാശ് എന്ന പോലീസുകാരന്റെ തല പൊട്ടിയെന്നായിരുന്നു എഫ്ഐആർ. റിമാൻഡ് ചെയ്ത ഇരുവര്‍ക്കും 12 ദിവസങ്ങൾക്ക് ശേഷമാണ് ജാമ്യം ലഭിച്ചത്. ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ എട്ടോളം വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ പോലീസ് ചുമത്തിയിരുന്നത്.

വിഷ്ണുവും സഹോദരൻ വിഘ്നേഷും
കിളികൊല്ലൂർ മർദനം: ന്യായീകരണവുമായി പോലീസ്, ഉദ്യോഗസ്ഥർക്കെതിരായ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് വാദം

എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നും പരാതി പറയാൻ എത്തിയ സഹോദരങ്ങളെ പോലീസ് അകാരണമായി മർദ്ദിക്കുകയായിരുന്നുവെന്നും സ്പെഷ്യൽ ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൊല്ലം സ്പെഷ്യൽ ബ്രാഞ്ച് എസിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ എസ്എച്ച്ഒ ഉൾപ്പെടെ നാല് ഉദ്യോ​ഗസ്ഥരെ സസ്പെന്‍ഡും ചെയ്തു. എന്നാല്‍, പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി സഹോദരങ്ങളുടെ കുടുംബം രംഗത്തെത്തി. കുറ്റക്കാരാവർക്കെതിരെ ക്രിമിനൽ കേസ് എടുക്കണം. പോലീസുകാരെ സംരക്ഷിക്കാൻ ശ്രമിച്ചാൽ കോടതിയെ സമീപിക്കുമെന്നും പരാതിക്കാർ വ്യക്തമാക്കിയിരുന്നു. യാതൊരു കാരണവുമില്ലാതെ തങ്ങൾക്കെതിരെ പോലീസ് നടത്തിയ ഗുണ്ടായിസത്തില്‍ കർശന നടപടി വേണമെന്ന ആവശ്യം ഉന്നയിച്ച് വിഘ്‌നേഷ് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതിയും നൽകിയിരുന്നു.

logo
The Fourth
www.thefourthnews.in