കെ കെ ശൈലജ, കെ ടി ജലീൽ
കെ കെ ശൈലജ, കെ ടി ജലീൽ

"ഇയാള് നമ്മളെ കുഴപ്പത്തിലാക്കും" ; ജലീലിനെതിരെ സഭയില്‍ ശൈലജയുടെ ആത്മഗതം; വിശദീകരിച്ച് ഫേസ്ബുക്ക് പോസ്റ്റ്

മൈക്ക് ഓണ്‍ ആണെന്ന് ശ്രദ്ധിക്കാതെയാണ് പരാമർശം

ലോകായുക്ത നിയമഭേദഗതി ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിടണമെന്ന് നിയമസഭയില്‍ പ്രസംഗിക്കുന്നതിനിടെയുണ്ടായ കെ കെ ശൈലജയുടെ പരാമർശം വിവാദമാകുന്നു. കെ ടി ജലീല്‍ സംസാരിക്കാന്‍ എഴുന്നേല്‍ക്കുമ്പോഴുള്ള ശൈലജയുടെ ആത്മഗതമാണ് ചർച്ചയാകുന്നത്. മൈക്ക് ഓണ്‍ ആണെന്ന് ശ്രദ്ധിക്കാതെ 'ഇയാള് നമ്മളെ കുഴപ്പത്തിലാക്കും'എന്നായിരുന്നു പരാമർശം. സഭാ ടിവിയില്‍ ശൈലജയുടെ ശബ്ദം രേഖപ്പെടുത്തിയിട്ടുണ്ട്.

പരാമർശം ചർച്ചയായതോടെ കെ കെ ശൈലജ ഫേസ്ബുക്കില്‍ വിശദീകരണക്കുറിപ്പ് പോസ്റ്റ് ചെയ്തു. ബിൽ സബ്ജക്ട് കമ്മറ്റിക്ക് അയക്കാനുള്ള പ്രമേയം അവതരിപ്പിക്കുന്നതിനിടെ കെ ടി ജലീൽ ചോദ്യം ഉന്നയിച്ചു. അതിനു വഴങ്ങി സീറ്റിൽ ഇരിക്കുമ്പോൾ, പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോർത്ത് അടുത്തിരുന്ന സജി ചെറിയാനോട് പറഞ്ഞ വാചകം തെറ്റിദ്ധരിപ്പിക്കുന്ന വിധം പ്രചരിപ്പിക്കുന്നുവെന്നാണ് വിശദീകരണം.

ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത വിധിയെ തുടർന്നാണ് കെ ടി ജലീല്‍ പിണറായി സർക്കാരിന്റെ കഴിഞ്ഞ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത്. ലോകായുക്ത ഭേദഗതി ബില്ലില്‍ സഭയില്‍ അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണുയർത്തിയത്. അഴിമതി കേസില്‍ ജനപ്രതിനിധികള്‍ കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ അവരെ നീക്കാനുള്ള ലോകായുക്തയുടെ അധികാരം റദ്ദാക്കുന്നതാണ് ലോകായുക്ത ഭേദഗതി ബില്‍. വീണ്ടും ഹിയറിങ് നടത്തി ലോകായുക്ത വിധി സർക്കാരിന് തള്ളാമെന്നതാണ് എതിർപ്പിനാധാരം. സാധാരണ പൗരന് ലഭിക്കേണ്ട നീതി ലോകായുക്ത തനിക്ക് നിഷേധിച്ചെന്ന് കെ ടി ജലീല്‍ സഭയില്‍ പറഞ്ഞു. തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കിയില്ലെന്നും ജലീല്‍ കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in