അറസ്റ്റിലായ പ്രതി പത്മകുമാര്‍(ഇടത്). പോലീസ് തയാറാക്കിയ പത്മകുമാറിന്റെ രേഖാ ചിത്രം(വലത്)
അറസ്റ്റിലായ പ്രതി പത്മകുമാര്‍(ഇടത്). പോലീസ് തയാറാക്കിയ പത്മകുമാറിന്റെ രേഖാ ചിത്രം(വലത്)

ഒടുവില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് പോലീസ്, ഒരാളെ കുട്ടി തിരിച്ചറിഞ്ഞു; ഇനി അവശേഷിക്കുന്നത് ഈ ചോദ്യങ്ങള്‍

ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നത്ത് സ്വദേശികളായ പത്മകുമാറിനെയും ഭാര്യയെയും മകളെയുമാണ് കൊല്ലം എസ്പിയുടെ സ്‌ക്വാഡ് തെങ്കാശി പുളിയറയില്‍നിന്ന് പിടികൂടിയത്. പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞിട്ടുമുണ്ട്.

അഞ്ച് ദിവസമായി കേരളം ഒന്നടങ്കം ചോദിച്ചുകൊണ്ടിരുന്ന ആ ചോദ്യത്തിന് ഒടുവിൽ കേരള പോലീസ് ഉത്തരം നൽകിയിരിക്കുകയാണ്. കൊല്ലം ഓയൂരിൽനിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിലായിരിക്കുന്നു. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നത്ത് സ്വദേശികളായ പത്മകുമാറിനെയും ഭാര്യയെയും മകളെയുമാണ് കൊല്ലം എസ് പിയുടെ സ്‌ക്വാഡ് തെങ്കാശി പുളിയറയില്‍നിന്ന് പിടികൂടിയത്. പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞതായാണ് പുറത്തുവരുന്ന വിവരം.

ആരായിരിക്കും കുട്ടിയെ തട്ടിക്കൊണ്ടുപോയത്? എന്തിനുവേണ്ടിയായിരിക്കും? അഞ്ച് ദിവസമായി വ്യാപകമായി നിരത്തരം ഉയർന്ന ഈ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ പോലീസ് അൽപ്പമൊന്നുമല്ല വിയർത്തത്. ഒടുവിൽ ആദ്യ ചോദ്യത്തിന് ഉത്തരമായിരിക്കും. ഇപ്പോൾ പിടിയിലായവർ മാത്രമാണോ സംഭവത്തിനുപിന്നിലുള്ളത്, എന്തായിരുന്നു സംഘത്തിന്റെ ലക്ഷ്യം എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

കുട്ടിയുടെ പിതാവുമായി ബന്ധപ്പെട്ട സാമ്പത്തികപ്രശ്നമാണ് തട്ടിക്കൊണ്ടുപോകലിനുപിന്നിലെന്ന കാരണമെന്ന സൂചനകൾ പോലീസ് വൃത്തങ്ങളിൽനിന്ന് പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പിടിയിലായ പത്മകുമാറിനെയും ഭാര്യയെയും മകളെയും പോലീസ് ചോദ്യം ചെയ്തുവരുന്നേയുള്ളൂ.

സംഭവത്തിൽ പത്മകുമാറിന് മാത്രമാണ് പങ്കെന്നും ഭാര്യയ്ക്കും മകൾക്കും പങ്കില്ലെന്നുമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരം. അതേസമയം തട്ടിക്കൊണ്ടുപോയ സംഘത്തിൽ നാലുപേരുണ്ടായിരുന്നുവെന്നാണ് ആറ് വയസുകാരിയും സഹോദരനും പോലീസിന് നൽകിയ മൊഴി. സംഭവത്തിൽ പത്മകുമാറിന്റെ ഭാര്യയ്ക്കും മകൾക്കും പങ്കില്ലെങ്കിൽ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേർ ആരായിരുന്നു, കുട്ടിയെ ആശ്രാമം മൈതാനത്ത് കൊണ്ടുവിട്ട സ്ത്രീ ആരായിരുന്നു എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം പോലീസിൽനിന്ന് ഇനിയും ലഭിക്കാനുണ്ട്.

തെങ്കാശിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ഷാഡോ പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൂന്നു പേരെയും അടൂര്‍ കെഎപി ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.

രണ്ടാം ദിവസം കുട്ടിയെ കൊല്ലത്ത് എത്തിച്ച നീലക്കാറില്‍ പത്മകുമാര്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഈ കാർ പോലീസ് തെങ്കാശിയിൽനിന്ന് പിടിച്ചെടുത്തു. കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് കരുതുന്ന വെള്ളക്കാര്‍ ചാത്തന്നൂര്‍ കോതേരിയിലെ വീട്ടിൽനിന്നും കസ്റ്റഡിയിലെടുത്തു. ചാത്തന്നൂരുള്ള ആരുമായും സൗഹൃദമില്ലെന്നും ആരുമായും സാമ്പത്തിക പ്രശ്‌നമില്ലെന്നുമാണ് കുട്ടിയുടെ അച്ഛന്‍ റെജി പ്രതികരിച്ചത്.

ജ്യേഷ്ഠനൊപ്പം ട്യൂഷനു പോകുംവഴി കഴിഞ്ഞ 27ന് വൈകിട്ട് 4.30ഓടെയാണ് കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടു പോയത്. പിന്നാലെ സംസ്ഥാനും മുഴുവന്‍ പോലീസ് നിരീക്ഷണം ശക്തമാക്കുകയും വാഹനപരിശോധന നടത്തുകയും ചെയ്തിരുന്നു. ഇതെല്ലാം നടന്നുകൊണ്ടിരിക്കുമ്പോഴാണ് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് 10 ലക്ഷംരൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഒരു സ്ത്രീ വിളിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പാരിപ്പള്ളിയിലെ ഒരു വ്യാപാരിയുടെ ഫോണില്‍നിന്നാണ് വിളിച്ചതെന്ന് കണ്ടെത്തിയിരുന്നു.

കടയിലെത്തിയ പുരുഷനും സ്ത്രീയും ഫോണ്‍ വാങ്ങി വിളിക്കുകയായിരുന്നെന്നും ഓട്ടോറിക്ഷയില്‍ വന്ന അവര്‍ അതില്‍തന്നെ തിരിച്ചുപോയെന്നും വ്യാപാരി പോലീസിന് മൊഴി നല്‍കുകയും ചെയ്തു. തുടര്‍ന്നും ഊര്‍ജിത അന്‌ലേഷണം നടക്കുന്നതിനിടയില്‍തന്നെയാണ് കുട്ടിയെ സുരക്ഷിതമായി ഒരു സ്ത്രീ കൊല്ലം ആശ്രാമം മൈതാനത്ത് എത്തിക്കുന്നത്. അവിടെ കുട്ടിയെ ഇരുത്തിയശേഷം ആര്‍ക്കും സംശയത്തിനിട വരുത്താതെ മടങ്ങാനും അവര്‍ക്ക് സാധിച്ചു. മാസ്‌ക് ധരിച്ച് ഒറ്റയ്ക്കിരുന്ന കുട്ടിയെ കണ്ട് ആദ്യം തിരിച്ചറിഞ്ഞത് കൊല്ലത്തെ കോളേജ് വിദ്യാര്‍ഥികളും നാട്ടുകാരുമായിരുന്നു. പിന്നാലെ പോലീസുകാരെ വിവരം അറിയിച്ച് കുട്ടിയെ കൈമാറുകയായിരുന്നു.

തുടര്‍ന്ന് പ്രതികളെന്നു സംശയിക്കുന്നവരുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. കുട്ടിയുടെ ബന്ധുക്കളെ വിളിക്കുന്നതിനായി പാരിപ്പള്ളിയിലെ കടയിലെത്തിയ ആളുടെ രേഖാചിത്രമാണ് പോലീസ് ആദ്യം പുറത്തുവിട്ടത്. കുട്ടി നല്‍കിയ വിവരത്തിന്‌റെ അടിസ്ഥാനത്തില്‍ രണ്ടു പേരുടെ കൂടി രേഖാചിത്രം പിന്നാലെ പോലീസ തയാറാക്കിയിരുന്നു. കുട്ടിയെ കിട്ടി അഞ്ചാം ദിവസമാണ് മൂന്നു പേരെ പോലീസ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

logo
The Fourth
www.thefourthnews.in