സിദ്ദിഖിന്റെ കാര്‍ ഉപേക്ഷിച്ചത് ചെറുതുരുത്തിയില്‍, പ്രതികള്‍ ചെന്നൈയിലേക്ക് കടന്നത് ട്രെയിന്‍ മാര്‍ഗമെന്ന് നിഗമനം

സിദ്ദിഖിന്റെ കാര്‍ ഉപേക്ഷിച്ചത് ചെറുതുരുത്തിയില്‍, പ്രതികള്‍ ചെന്നൈയിലേക്ക് കടന്നത് ട്രെയിന്‍ മാര്‍ഗമെന്ന് നിഗമനം

ട്രോളി ബാഗുകളിലാക്കിയ മൃതദേഹം അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിച്ച ശേഷം ചെറുതുരുത്തിയിലെത്തിയ പ്രതികള്‍ കാര്‍ ഇവിടെ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം

കോഴിക്കോട് കൊല്ലപ്പെട്ട ഹോട്ടലുടമ തിരൂര്‍ മേച്ചേരി സിദ്ദിഖിന്റെ മൃതദേഹം കൊണ്ടുപോയതെന്ന് കരുതുന്ന കാര്‍ കണ്ടെത്തി. ഹോണ്ട സിറ്റി കാര്‍ ചെറുതുരുത്തിയിലാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ ചെറുതുരുത്തിയില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. കാര്‍ കൊല്ലപ്പെട്ട സിദ്ദിഖിന്റേത് തന്നെയെന്ന് കണ്ടെത്തി. ജില്ലാ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറി ഓഫീസിലേക്ക് മാറ്റി. ട്രോളി ബാഗുകളിലാക്കിയ മൃതദേഹം അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിച്ച ശേഷം ചെറുതുരുത്തിയിലെത്തിയ പ്രതികള്‍ കാര്‍ ഇവിടെ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം. ശേഷം ഷൊര്‍ണ്ണൂരില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ് ചെന്നൈയിലേക്ക് കടന്നതെന്നും കരുതുന്നു.

അട്ടപ്പാടി ചുരത്തില്‍ കണ്ടെത്തിയ പെട്ടികള്‍ പോലീസ് പരിശോധിച്ചു വരികയാണ്. പിടിയിലായ ആഷിക്കിനെ സംഭവസ്ഥലത്ത് എത്തിച്ചാണ് പരിശോധന നടത്തിയത്. മൃതദേഹത്തിന് ഏഴ് ​ദിവസത്തെ പഴക്കമുണ്ട്. മൊബൈലും സിസിടിവിയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയും ചില സാക്ഷികളിൽ നിന്ന് ലഭിച്ച വിവരങ്ങളിലൂടെയുമാണ് മൃതദേഹം അട്ടപ്പാടിയിൽ നിന്ന് കണ്ടെത്താനായത്.

സംഭവത്തിൽ നാല് പേരെയാണ് നിലവിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഷിബിലി, സുഹൃത്ത്, ആഷിഖ്, ഫർഹാന, ഫർഹാനയുടെ സഹോദരൻ ഷുക്കൂർ, എന്നിവരാണ് പിടിയിലായത്. സിദ്ദിഖിന്റെ കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഷിബിലി. കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന സിദ്ദിഖിനെ എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍വെച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മേയ് 18-ാം തീയതി മുതല്‍ സിദ്ദിഖിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായിരുന്നു. ഇതിനിടെ സിദ്ദിഖിന്റെ അക്കൗണ്ടില്‍നിന്ന് രണ്ടുലക്ഷത്തോളം രൂപ പിന്‍വലിക്കുകയും ചെയ്തു.തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയും പോലീസ് നടത്തിയ അന്വേഷണത്തില്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയതായി കണ്ടെത്തുകയുമായിരുന്നു.

logo
The Fourth
www.thefourthnews.in