സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; യൂണിറ്റിന് ശരാശരി 20 പൈസയുടെ വര്‍ധനവ്

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; യൂണിറ്റിന് ശരാശരി 20 പൈസയുടെ വര്‍ധനവ്

1000 വാട്ട് വരെ കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗമുള്ളവരുമായ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കാണ് താരിഫ് വര്‍ധനയില്‍ ഇളവ് ലഭിക്കുക

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് ഉത്തരവിറങ്ങി. പ്രതിമാസം 250 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 20 പൈസ വരെ വര്‍ധന. നവംബര്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഇന്നാണ് ഉത്തരവിറങ്ങിയത്.

നിരക്ക് വര്‍ധന റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചു. ഉത്തരവ് പ്രകാരം ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് താരിഫ് വര്‍ദ്ധന ഉണ്ടാകില്ല. 1000 വാട്ട് വരെ കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗമുള്ളവരുമായ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കാണ് താരിഫ് വര്‍ധനയില്‍ ഇളവ് ലഭിക്കുക.അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങിയവയുടെയും താരിഫ് വര്‍ദ്ധിപ്പിച്ചിട്ടില്ല. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സൗജന്യ നിരക്ക് അതേപടി തുടരും.

ഈ സാമ്പത്തിക വര്‍ഷം യൂണിറ്റിന് 41 പൈസ വര്‍ധിപ്പിക്കണമെന്നായിരുന്നു കെഎസ്ഇബിയുടെ ആവശ്യം. പ്രതിമാസം 250 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 20 പൈസ വരെയാണ് വര്‍ധിപ്പിച്ചത്. യൂണിറ്റിന് ശരാശരി 40.6 പൈസയുടെ നിരക്കു വര്‍ധനയും, 2024 -25 ലേക്ക് യൂണിറ്റിന് ശരാശരി 31 പൈസയുടെയും 2025-26 ലേക്ക് യൂണിറ്റിന് 16.08 പൈസയുടെയും, 2026-27 ലേക്ക് യൂണിറ്റിന് 01 പൈസയുടെയും നിരക്ക് വര്‍ദ്ധനയാണ് കെഎസ്ഇബി നിര്‍ദ്ദേശിച്ചത്.

നിര്‍ദ്ദേശ പ്രകാരം ഈ വര്‍ഷം 1044.43 കോടിയുടെ വരുമാനം ലഭിക്കുമെന്നുമായിരുന്നു കെഎസ്ഇബിയുടെ പ്രതീക്ഷ. എന്നാല്‍, ശരാശരി 20 പൈസയുടെ വര്‍ധനവാണ് റെഗുലേറ്ററി കമ്മിഷന്‍ അംഗീകരിച്ചത്.

10 കിലോവാട്ടുവരെ കണക്ടഡ് ലോഡുള്ള ചെറുകിട വ്യവസായങ്ങളായ അരിപൊടിക്കുന്ന മില്ലുകള്‍, തയ്യല്‍ജോലി ചെയ്യുന്നവര്‍, തുണിതയ്ച്ചുകൊടുക്കുന്നവര്‍ തുടങ്ങിയ ചെറുകിട സംരംഭകര്‍ക്കുള്ള വൈദ്യുതി നിരക്കിലുള്ള ആനുകൂല്യം തുടരും. ചെറിയ പെട്ടികടകള്‍, ബങ്കുകള്‍, തട്ടുകടകള്‍ തുടങ്ങിയ വിഭാഗത്തിനുള്ള കുറഞ്ഞ നിരക്കിലുള്ള താരിഫിന്റെ ആനുകൂല്യം 2000 വാട്ടുവരെ ലഭ്യമാണ്. ഏദേശം 5.9 ലക്ഷം ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.

logo
The Fourth
www.thefourthnews.in