കെടിയു വിസി നിയമനം നിയമവിരുദ്ധം: ചാന്‍സലര്‍ അധികാര പരിധി മറികടന്നെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കെടിയു വിസി നിയമനം നിയമവിരുദ്ധം: ചാന്‍സലര്‍ അധികാര പരിധി മറികടന്നെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സിസ തോമസിനെ നിയമിച്ച നടപടി ചാന്‍സലറുടെ അധികാരി പരിധി മറികടന്നാണെന്നാണ് സര്‍ക്കാര്‍ പ്രധാനമായും വാദിച്ചത്

കെടിയു വിസി നിയമനത്തില്‍ ചാന്‍സലര്‍ സര്‍വകലാശാല ചട്ടം ലംഘിച്ചെന്ന വാദവുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സിസ തോമസിനെ നിയമിച്ച നടപടി ചാന്‍സലറുടെ അധികാരി പരിധി മറികടന്നാണെന്നാണ് സര്‍ക്കാര്‍ പ്രധാനമായും വാദിച്ചത്. സര്‍ക്കാരിന്റെ ശുപാര്‍ശയിലായിരിക്കണം നിയമനം നടത്തേണ്ടതെന്നും യാതൊരു കൂടിയാലോചനകള്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ തള്ളിയത് ചട്ടലംഘനമെന്നും എജി വ്യക്തമാക്കി.

സര്‍ക്കാരിന്റെ ശുപാര്‍ശയിലായിരിക്കണം നിയമനം നടത്തേണ്ടതെന്നും യാതൊരു കൂടിയാലോചനകള്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു

ഇത്തരം സാഹചര്യങ്ങളില്‍ മറ്റേതെങ്കിലും സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് അധിക ചുമതല നല്‍കുകയോ പ്രോ വൈസ് ചാന്‍സര്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കുകയാണ് വേണ്ടതെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഗവര്‍ണറുടെ ഇപ്പോഴത്തെ നിയമനം താല്‍ക്കാലികമാണെങ്കില്‍ പോലും ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്നും സര്‍ക്കാര്‍ വാദിച്ചു.

വിസി ഇല്ലാത്ത സാധാരണ സാഹചര്യങ്ങളില്‍ പ്രോവൈസ് ചാന്‍സലര്‍ക്കാണ് താല്‍ക്കാലിക ചുമതല നല്‍കേണ്ടത് എന്ന് വാദം കോടതി അംഗീകരിച്ചു. പക്ഷേ പ്രോവൈസ് ചാന്‍സലര്‍മാര്‍ക്കും മതിയായ യോഗ്യതയുണ്ടോ എന്ന് പരിശോധിക്കേണ്ടേ എന്നും കോടതി ചോദിച്ചു. വിസി നിയമനം സുപ്രീംകോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ പ്രോ വൈസ് ചാന്‍സലര്‍ക്ക് എങ്ങനെയാണ് തുടരാനാകുക എന്നും കോടതി കൂട്ടിചേര്‍ത്തു.

മറുപടി നല്‍കാന്‍ എജിക്ക് കൂടൂതല്‍ സമയം അനുവദിച്ചു

സാങ്കേതിക സര്‍വകലാശാല വിസിയുടെ കാലാവധിക്കൊപ്പം തന്നെ പ്രൊ വിസിയുടെ കാലാവധിയും അവസാനിക്കും. അതിനാല്‍ പ്രോ വിസിയുടെ സ്ഥാനമെന്തെന്ന് സര്‍വകലാശാല ചട്ടം അനുസരിച്ച് പരിശോധിക്കേണ്ടതുണ്ട്. പ്രൊവൈസ് ചാന്‍സലര്‍ യോഗ്യനാണെങ്കില്‍ അക്കാര്യവും പരിശോധിക്കണമെന്നും കോടതി കൂട്ടിചേര്‍ത്തു. ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ എജിക്ക് കൂടൂതല്‍ സമയം അനുവദിച്ചു. ഹര്‍ജി വെള്ളിയാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.

യുജിസി ചട്ടങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഒക്ടോബര്‍ 21നാണ് കെടിയു വിസി ഡോ. എംഎസ് രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധുവാക്കിയത്. എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല വി സിക്കായി സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകള്‍ തള്ളിയാണ് രാജ്ഭവന്‍ ഡോ. സിസ തോമസിന് താല്‍ക്കാലിക നിയമനം നല്‍കിയത്.

കേരള ഡിജിറ്റല്‍ സര്‍വകലാശാല ചെയര്‍മാന്‍ സജി ഗോപിനാഥിന് വിസിയുടെ താല്‍ക്കാലിക ചുമതല നല്‍കാന്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. എന്നാലിത് ചാന്‍സലര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വിസിയുടെ ചുമതല നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും കത്ത് നല്‍കി. ഈ കത്തിനോട് പ്രതികരിക്കുക പോലും ചെയ്യാതെ തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിലും ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജിലുമുള്ള 10 വര്‍ഷത്തിലധികം സര്‍വീസുള്ള പ്രൊഫസര്‍മാരുടെ പട്ടിക രാജ്ഭവന്‍ തേടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഡോ. സിസ തോമസിന് വൈസ് ചാന്‍സലറുടെ ചുമതല നല്‍കി ചാന്‍സലര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. 

logo
The Fourth
www.thefourthnews.in