കുട്ടനാടിന്റെ സമഗ്ര വികസനം ലക്ഷ്യം; മുഖ്യമന്ത്രി ചെയര്‍മാനായി കൗണ്‍സില്‍ രൂപീകരിക്കുന്നു

കുട്ടനാടിന്റെ സമഗ്ര വികസനം ലക്ഷ്യം; മുഖ്യമന്ത്രി ചെയര്‍മാനായി കൗണ്‍സില്‍ രൂപീകരിക്കുന്നു

സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടികളില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി

കുട്ടനാടിന്റെ സമഗ്ര വികസനത്തിനായി കുട്ടനാട് വികസന ഏകോപന കൗണ്‍സില്‍ രൂപീകരിക്കുവാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനം. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രൂപീകരിക്കുന്ന കൗണ്‍സിലില്‍ മുഖ്യമന്ത്രിയായിരിക്കും ചെയര്‍മാന്‍. വൈസ് ചെയര്‍മാനായി കൃഷി വകുപ്പ് മന്ത്രിയും (കണ്‍വീനര്‍ / സെക്രട്ടറി) ആയി ആസൂത്രണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും പ്രവര്‍ത്തിക്കും. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടികളില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി.

കൗണ്‍സിലിന്റെ കീഴില്‍ മോണിറ്ററിംഗ് ആന്റ് അഡൈ്വസൈറി കൗണ്‍സില്‍, ഇംപ്ലിമെന്റേഷന്‍ ആന്റ് ടെക്നിക്കല്‍ കമ്മറ്റി എന്നിവ രൂപീകരിക്കും. ആസൂത്രണ വകുപ്പില്‍ രൂപീകരിക്കപ്പെടുന്ന കുട്ടനാട് സെല്‍ കുട്ടനാട് വികസന ഏകോപന കൗണ്‍സിലിന്റെ സംസ്ഥാനതല സെക്രട്ടേറിയറ്റായും, ജില്ലാ വികസന കമ്മീഷണര്‍മാരുടെ ജില്ലാ പ്ലാനിംഗ് ഓഫീസിനെ ജില്ലാതല സെക്രട്ടേറിയേറ്റായും രൂപീകരിക്കും.

റവന്യു, സഹകരണം, ഭക്ഷ്യം, ജലവിഭവം, വൈദ്യുതി, ഫിഷറീസ് മൃഗസംരക്ഷണം, തദ്ദേശസ്വയംഭരണം, ടൂറിസം എന്നീ വകുപ്പ് മന്ത്രിമാര്‍ കൗണ്‍സില്‍ അംഗങ്ങളായിരിക്കും. 40 അംഗ കൗണ്‍സിലില്‍ വിവിധ വകുപ്പ് സെക്രട്ടറിമാരും ഡയറക്ടര്‍മാരും ചീഫ് എഞ്ചിനീയര്‍മാരും ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറും അംഗങ്ങളായിരിക്കും. കുട്ടനാടുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രത്യേക പദ്ധതികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വികസന പ്രവര്‍ത്തനങ്ങളും നിശ്ചിത സമയത്തിനുള്ളില്‍ നടപ്പിലാക്കുന്നതിനും പൂര്‍ത്തീകരിക്കുന്നതിനും വേണ്ട ഭരണപരമായ തീരുമാനങ്ങള്‍ ഈ സമിതിയുടെ നേതൃത്വത്തിലായിരിക്കും എടുക്കുക.

logo
The Fourth
www.thefourthnews.in