'12 തവണ സ്ഥലം നൽകി, സർക്കാർ തുറന്ന ചർച്ചയ്ക്ക് തയാറാവുന്നില്ല'; കരിപ്പൂര്‍ റണ്‍വേ വികസനത്തിൽ ആശങ്ക മാറാതെ പ്രദേശവാസികൾ

ചർച്ചയ്ക്കുള്ള വാതിൽ അടഞ്ഞിട്ടില്ലെന്ന് സമരസമിതി

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികളില്‍ ആശങ്ക ഒഴിയാതെ കൊണ്ടോട്ടി നെടിയിരുപ്പ്, പള്ളിക്കല്‍ വില്ലേജുകളിലെ ഭൂവുടമകള്‍. സെപ്റ്റംബര്‍ 15നകം പതിനാലര ഏക്കര്‍ ഭൂമി ഏറ്റെടുത്തു നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെങ്കിലും ഭൂമിയുടെ അടിസ്ഥാന വില നിശ്ചയിക്കുന്നതടക്കമുള്ള നടപടികള്‍ അനിശ്ചിതത്വത്തിലാണ്. 2020 ഓഗസ്റ്റ് 7 ലെ വിമാന ദുരന്തത്തിന് ശേഷം ചെറു വിമാനങ്ങള്‍ മാത്രം സര്‍വീസ് നടത്തുന്ന കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങണമെങ്കില്‍ റണ്‍വേയുടെ നീളം കൂട്ടണം.

വീട് നഷ്ടപ്പെടുന്ന പള്ളിക്കല്‍, നെടിയിരുപ്പ് വില്ലേജിലെ 64 കുടുംബങ്ങള്‍ക്ക് പ്രത്യേക പാക്കേജായി 10 ലക്ഷം രൂപ നല്‍കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു

ഇതിനായി ഓഗസ്റ്റ് ഒന്നിന് സംസ്ഥാന സര്‍ക്കാറിനോട് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കേന്ദ്രം അറിയിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. കൂടുതല്‍ സമയം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചതിനെ തുടര്‍ന്നാണ് സെപ്റ്റംബര്‍ 15 വരെ സമയം അനുവദിച്ചത്. സെപ്റ്റംബര്‍ 15 നകം നടപടികള്‍ പൂര്‍ത്തീകരിക്കാനായില്ലെങ്കില്‍ റണ്‍വേ വെട്ടിച്ചുരുക്കി റെസയുടെ (റണ്‍വേ എന്റ് സേഫ്റ്റി ഏരിയ)നീളം കൂട്ടി സുരക്ഷിതമാക്കാനുള്ള നടപടികളായിരിക്കും കേന്ദ്ര വ്യോമയാന മന്ത്രാലയം സ്വീകരിക്കുക.

വീട് നഷ്ടപ്പെടുന്ന പള്ളിക്കല്‍, നെടിയിരുപ്പ് വില്ലേജിലെ 64 കുടുംബങ്ങള്‍ക്ക് പ്രത്യേക പാക്കേജായി 10 ലക്ഷം രൂപ നല്‍കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍, ഭൂമിയുടെ അടിസ്ഥാന വിലയും മറ്റു നടപടിക്രമങ്ങളും ചര്‍ച്ച ചെയ്യാത്തതില്‍ ഭൂവുടമകള്‍ പ്രതിഷേധത്തിലാണ്. ഭൂമി വിട്ടു നല്‍കാന്‍ തയ്യാറല്ലെന്നാണ് ഭൂവുടമകള്‍ വ്യക്തമാക്കുന്നത്.

നിലവില്‍ 2860 മീറ്ററുള്ള റണ്‍വേയില്‍ ഉപയോഗിക്കുന്നത് 2840 മീറ്ററാണ്. റണ്‍വേയുടെ ഇരു ഭാഗത്തുമുള്ള റെസയുടെ നീളം 90 മീറ്ററുമാണ്. റെസ 240 മീറ്ററാക്കാന്‍ റണ്‍വേയില്‍ നിന്ന് 300 മീറ്റര്‍ എടുത്താല്‍ റണ്‍വേ 2540 മീറ്ററായി ചുരുങ്ങും. ഇതോടെ വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള സാധ്യതയും ഇല്ലാതെയാവും. ഇത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് പതിനാലര ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നത്.

ഭൂവുടമകളുടെ ആശങ്കകള്‍

ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിരവധി ആശങ്കകളാണ് ഭൂവുടമകള്‍ക്കുള്ളത്. കരിപ്പൂര്‍ വിമാനത്താവള വികസനത്തിന്റെ പേരില്‍ പലതവണ ഭൂമിയും വീടും നഷ്ടപ്പെട്ടവരാണ് പള്ളിക്കല്‍, നെടിയിരുപ്പ് വില്ലേജുകളിലെ നിവാസികള്‍. നഷ്ടപരിഹാരത്തുക നല്‍കിയാല്‍ പോലും ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് പറയുന്നവരുമുണ്ട്. ഭൂ ഉടമകളുമായി ചര്‍ച്ചയ്ക്കുള്ള വാതില്‍ അടഞ്ഞിട്ടില്ലെന്ന് സമരസമിതി പറഞ്ഞു.

ഇത്തവണ പതിനാലര ഏക്കര്‍ ഭൂമി വിട്ടു കൊടുത്താലും വികസനത്തിന്റെ പേരില്‍ ഭാവിയിലും ഭൂമി നല്‍കേണ്ടി വരുമെന്നതാണ് മറ്റൊരു ആശങ്ക. വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ നവീകരണത്തിനായി 137 ഏക്കര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ഭൂവുടമകള്‍ പറയുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in