'നിന്നെപ്പോലെ ഓസിനല്ല കഴിക്കുന്നത്', 
എസ് എഫ് ഐ പ്രവർത്തകർ ജാതീയമായി അധിക്ഷേപിച്ചതായി ലോ കോളേജ് വിദ്യാർഥിയുടെ പരാതി

'നിന്നെപ്പോലെ ഓസിനല്ല കഴിക്കുന്നത്', എസ് എഫ് ഐ പ്രവർത്തകർ ജാതീയമായി അധിക്ഷേപിച്ചതായി ലോ കോളേജ് വിദ്യാർഥിയുടെ പരാതി

കുറ്റാരോപിതരെ കോളേജ് അധികൃതർ സംരക്ഷിക്കുകയാണെന്നാണ് കെ എസ് യു

കോഴിക്കോട് ഗവ.ലോ കോളേജിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥിയെ എസ് എഫ് ഐ പ്രവർത്തകർ ജാതീയമായി അധിക്ഷേപിച്ചതായി പരാതി. എൽ എൽ ബി മൂന്നാം വർഷ വിദ്യാർഥിയാണ് പരാതിക്കാരൻ. സംഭവം നടന്ന് 20 ദിവസം പിന്നിട്ടിട്ടും കോളേജ് അധികൃതർ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. കുറ്റാരോപിതരെ കോളേജ് അധികൃതർ സംരക്ഷിക്കുകയാണെന്നാണ് കെ എസ് യുവിന്റെ ആക്ഷേപം.

നിന്നെപ്പോലെ ഓസിനല്ല (സൗജന്യമായിട്ടല്ല), 3000 രൂപ കൊടുത്താണ് ഭക്ഷണം കഴിക്കുന്നത് എന്ന് പറഞ്ഞ് അധിക്ഷേപിച്ചു

നിദുൽ പരാതിയിൽ പറയുന്നു

മെസിൽവച്ച് ജാതീയമായി അധിക്ഷേപിച്ചുവെന്നാണ് വിദ്യാർഥിയുടെ പരാതി. കോളേജ് മെസ് കമ്മിറ്റി അംഗമായിരുന്ന യുവാവ് മറ്റു വിദ്യാർഥികൾക്ക് ഭക്ഷണം വിളമ്പി നൽകാനുള്ള ഡ്യൂട്ടിയുണ്ട്. സെപ്റ്റംബർ ഏഴിന് ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോഴായിരുന്നു സംഭവമെന്ന് പരാതിയിൽ പറയുന്നു. സുഹൃത്തിനുവേണ്ടി ഭക്ഷണം ചോദിച്ചെത്തിയ മനു വിജയൻ എന്ന വിദ്യാർഥി അനാവശ്യമായി കയർത്തുസംസാരിക്കുകയും വംശീയത നിറഞ്ഞ തെറികൾ വിളിക്കുകയും ചെയ്തു. തുടർന്ന് മനുവിന്റെ സുഹൃത്തുക്കളായ മറ്റ് എസ് എഫ് ഐ പ്രവർത്തകരെത്തി ജാതീയമായി അധിക്ഷേപിച്ചതായും പരാതിയിൽ പറയുന്നു.

''നീ ഭക്ഷണത്തിൽ തുപ്പിയിട്ടിട്ടാണോ വിദ്യാർഥികൾക്ക് ഭക്ഷണം കൊടുക്കുന്നതെന്ന് മനു ചോദിച്ചു. എന്താണുദ്ദേശിക്കുന്നതെന്ന് ചോദിച്ചപ്പോൾ പ്രശ്‌നമുണ്ടാക്കാൻ വന്നതാണെന്ന് പറഞ്ഞുകൊണ്ട് വംശീയത നിറഞ്ഞ തെറികൾ വിളിച്ചു. ഇതിനുപിന്നാലെ എത്തിയ അഭിഷേക് ടി എം, വരുൺ പി എന്നീ ത്രിവത്സര ബാച്ചിലെ അവസാന വർഷ വിദ്യാർഥികൾ സീനിയറിനോട് മോശമായി സംസാരിച്ചുവെന്ന് കുറ്റപ്പെടുത്തുകയും തെറിവിളിക്കുകയും ചെയ്തു. നിന്നെപ്പോലെ ഓസിനല്ല (സൗജന്യമായിട്ടല്ല), 3000 രൂപ കൊടുത്താണ് ഭക്ഷണം കഴിക്കുന്നതെന്ന് പറഞ്ഞ് അധിക്ഷേപിച്ചു'' പരാതിയിൽ പറയുന്നു.

എന്നാൽ, പരാതിയിൽ പറയുന്നതുപോലെയൊന്നും നടന്നിട്ടില്ലെന്നും ചെറിയൊരു തർക്കം മാത്രമാണുണ്ടായതെന്നുമാണ് എസ്എഫ്‌ഐയുടെ പക്ഷം. ''പരാതി പൂർണമായും വ്യാജമാണ്. അതിൽ പറയുന്നതുപോലെ ഒരു സംഗതി ക്യാമ്പസിൽ ഉണ്ടായിട്ടില്ല''എസ്എഫ്ഐ യുണിറ്റ് പ്രസിഡന്റ് ആദിൽ ദ ഫോർത്തിനോട് പറഞ്ഞു.

നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് കെ എസ് യു സെപ്റ്റംബർ 29ന് കോളേജില്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്

പരാതിയിൽ നടപടി വൈകുന്നുവെന്ന ആരോപണം കോളേജ് അധികൃതർ നിഷേധിച്ചു. പരാതി കിട്ടിയശേഷം നിരവധി അവധികളുണ്ടായിരുന്നതിനാലാണ് നടപടി വൈകിയതെന്നും നിയമപ്രകാരം പരിശോധിച്ചാൽ പരാതി ലഭിച്ച് മൂന്നാമത്തെ പ്രവൃത്തി ദിനത്തിൽ തന്നെ പ്രാരംഭ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അസിസ്റ്റന്റ് പ്രൊഫസറും ഹോസ്റ്റൽ വാർഡന്റെ ചുമതലയുള്ള അധ്യാപകൻ അനീസ് പറഞ്ഞു.

''സെപ്റ്റംബർ എട്ടിനാണ് പരാതി ലഭിക്കുന്നത്. അതിനുശേഷം നാല് ദിവസം കോളേജിൽ പരീക്ഷ മൂല്യനിർണയ ക്യാമ്പ് നടക്കുകയായിരുന്നു. പിന്നാലെ നിപ മൂലം സെപ്റ്റംബർ 24 വരെ കോളേജ് അടച്ചിട്ടു. അതിനാലാണ് പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താൻ കഴിയാതിരുന്നത്. നിയമപ്രകാരം പരിശോധിക്കുകയാണെങ്കിൽ പരാതി ലഭിച്ച് മൂന്നാമത്തെ പ്രവൃത്തി ദിനത്തിൽ തന്നെ പ്രാരംഭനടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇരുകൂട്ടർക്കും നോട്ടീസ് നൽകുകയും ബുധനാഴ്ച ഇരുവരുമായും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഇനി അന്വേഷണം നടത്തേണ്ടത് കോളേജിലെ ആന്റി റാഗിങ് സെല്ലും എസ് സി/എസ് ടി അട്രോസിറ്റീസ് പ്രിവൻഷൻ കമ്മിറ്റിയുമാണ്''അനീസ് പറഞ്ഞു.

നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് കെഎസ് യു നേതൃത്വത്തിൽ ബുധനാഴ്ച പ്രതിഷേധജാഥ സംഘടിപ്പിച്ചിരുന്നു. "കഴിഞ്ഞ ദിവസം ഇരുകൂട്ടരുമായി കോളേജ് അധികൃതർ ചർച്ച നടത്തിയിരുന്നു. അതിനുശേഷവും വിദ്യാർഥി പരാതിയിൽ ഉറച്ചുനിൽക്കുകയാണ്. എന്നിട്ടും ഇതുവരെ അന്വേഷണ സമിതികൾ രൂപീകരിക്കുകയോ ഒന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ സെപ്റ്റംബർ 29ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്" കെ എസ് യു യൂണിറ്റ് പ്രസിഡന്റ് മുഹ്സിൻ പറഞ്ഞു.

logo
The Fourth
www.thefourthnews.in